അണക്കെട്ട് കാണാം മുന്‍കരുതലോടെ

ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നാല്‍ അപകട സാധ്യതകള്‍ കൂടുതലാണ്. പുഴയുടെ തീരത്തേക്ക് വെള്ളം കയറാന്‍ സാധ്യത കൂടുതലാണ്. ഷട്ടര്‍ തുറക്കുന്നതോടെ വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.


വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംഭരണി നിറഞ്ഞ് ഷട്ടറുകള്‍ തുറക്കന്‍ തീരുമാനമെടുക്കുന്നത്. അതു കൊണ്ട് തന്നെ ആ അത്ഭുത കാഴ്ച്ച കാണാന്‍ നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിവതും സഞ്ചാരികള്‍ പോകരുത് എന്ന് തന്നെയാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്.

അടിയന്തര സാഹചര്യ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി എന്നീ പഞ്ചായത്തുകളിലേക്ക് മറ്റു ജില്ലകളില്‍ നിന്നുമുള്ള വിനോദസഞ്ചാരം ഒഴിവാക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു.

ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍

  • ഷട്ടര്‍ തുറന്ന ശേഷം നദി മുറിച്ചു കടക്കരുത്. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി കൂട്ടം കൂടി നില്‍ക്കരുത്.
  • പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി ഫോട്ടോ എടുക്കുന്നത് ഒഴിവാക്കുക. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും ഒഴിവാക്കുക.
  • നദിക്കരയോട് ചേര്‍ന്ന് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ ഉള്ളവരും എമര്‍ജന്‍സി കിറ്റ് ഉണ്ടാക്കിവയ്ക്കണം. ടോര്‍ച്ച്, റേഡിയോ, കുടിവെള്ളം, ഒരു പാക്കറ്റ് ഒആര്‍എസ്, അത്യാവശ്യമരുന്നുകള്‍, 100 ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം, ചെറിയ കത്തി, 10 ക്ലോറിന്‍ ടാബ്ലെറ്റ്, ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി, ചാര്‍ജ് ചെയ്ത മൊബൈള്‍ ഫോണ്‍, അത്യാവശ്യത്തിനു പണം എന്നിവ കിറ്റില്‍ വേണം.
  • പ്രധാനപ്പെട്ട രേഖകള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലെ വിലപിടിപ്പുള്ള സാധനങ്ങള്‍ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളില്‍ എളുപ്പം എടുക്കാന്‍ പറ്റുന്ന ഉയര്‍ന്ന സ്ഥലത്തു വീട്ടില്‍ സൂക്ഷിക്കുക.
  • ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടില്‍ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തില്‍ നിങ്ങള്‍ പുറത്താണെങ്കില്‍ നിങ്ങളെ കാത്തുനില്‍ക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവര്‍ക്ക് നിര്‍ദേശം നല്‍കുക.
  • ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക.
  • ആവശ്യമാണെങ്കില്‍ ഓരോ വില്ലേജിലെയും ആളുകള്‍ക്ക് സുരക്ഷിതമായ സ്ഥാനങ്ങള്‍ അതാതു പ്രാദേശിക ഭരണകൂടങ്ങള്‍ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് മാറാന്‍ ശ്രമിക്കുക.
  • വെള്ളം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍, വൈദ്യുതആഘാതം ഒഴിവാക്കുവാനായി മെയിന്‍ സ്വിച്ച് ഓഫ് ആക്കുക.
  • ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പരുകള്‍ എറണാകുളം – 0484-1077 (Mob: 7902200300, 7902200400) ഇടുക്കി – 04862-1077 (Mob: 9061566111, 9383463036) തൃശൂര്‍ – 0487-1077, 2363424 (Mob: 9447074424) ന്മ പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ സൂക്ഷിക്കുക.
  • വീട്ടില്‍ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവര്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാന്‍ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കുക.
  • വൈദ്യുതോപകരണങ്ങള്‍ വെള്ളം വീട്ടില്‍ കയറിയാലും നശിക്കാത്ത തരത്തില്‍ ഉയരത്തില്‍ വെക്കുക.
  • വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയില്‍ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങള്‍ക്ക് നീന്താന്‍ അറിയും.
  • വാഹനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യുക. താഴ്ന്ന പ്രദേശത്തെ ഫ്‌ലാറ്റുകളില്‍ ഉള്ളവര്‍ ഫ്‌ലാറ്റിന്റെ സെല്ലാറില്‍ കാര്‍ പാര്‍ക്ക് ചെയ്യാതെ കൂടുതല്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുക.
  • രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ മാത്രം ദുരിതാശ്വാസ സഹായം നല്‍കുവാന്‍ പോകുക. മറ്റുള്ളവര്‍ അവര്‍ക്ക് പിന്തുണ കൊടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *