കേരള ടൂറിസം – പുനർവിചിന്തനം
2022ലെ ലോക ടൂറിസം ദിനത്തിന്റെ പ്രമേയം ടൂറിസത്തെ പുനർവിചിന്തനം ചെയ്യുക എന്നതാണ്. രണ്ട് വർഷത്തെ ഇടവേളയിൽ നിന്ന് ആഗോള വിനോദസഞ്ചാരം കരകയറുകയാണ്.
ഇന്ത്യയിലെ വിനോദസഞ്ചാരികളുടെ വരവ് 2020ൽ 64.7% നെഗറ്റീവ് വാർഷിക വളർച്ച രേഖപ്പെടുത്തി, NRI വരവ് 2019 നെ അപേക്ഷിച്ച് 2020ൽ 48.6% നെഗറ്റീവ് വളർച്ച രേഖപ്പെടുത്തി. ഇന്ത്യയിലേക്ക് വിനോദസഞ്ചാരികളുടെ വരവ് 2014 മുതൽ 10% കൂടുതൽ ചില വർഷങ്ങളിൽ വർദ്ധിച്ചതായി കാണാം, ഇതിനു കാരണം വിദേശ ടൂറിസ്റ്റുകൾക്ക് ഈ ടൂറിസ്റ്റ് വിസ (ഓൺലൈൻ വിസ) ഇന്ത്യ നടപ്പിലാക്കിയപ്പോൾ ഇന്ത്യയിലേക്ക് വളരെ പെട്ടെന്ന് യാത്രകൾ സാധ്യമായി.
കോവിഡിന് ശേഷം ഇന്ത്യയിലേക്ക് വിദേശ ടൂറിസ്റ്റുകൾ പ്രധാനമായി എത്തുന്ന രാജ്യങ്ങളായ യുകെ, കാനഡ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് ഓൺലൈൻ വിസ പുനഃസ്ഥാപിക്കാത്തതിനാൽ വിദേശിയരുടെ വരവ് 2022 ൽ വർധനവ നേരിയതോതിൽ മാത്രമാകാനേ സാധ്യതയുള്ളൂ. ടൂറിസം കോവിഡിനു മുൻപുള്ള അവസ്ഥയിലേക്ക് എത്താൻ ഓൺലൈൻ വിസ അടിയന്തിരമായി പുനഃസ്ഥാപികേണ്ടതാണ്.
365 ദിവസ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ
കേരളത്തിലെ വിനോദസഞ്ചാരമേഖല വീണ്ടും സജ്ജീവമാകുമ്പോൾ, കൂടുതൽ ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനും അതിലൂടെ സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിനും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും കേരളം മാറ്റങ്ങൾക്കനുസൃതമായ ഒരു ടൂറിസം നയം മുന്നോട്ട് വയ്കേണ്ടതുണ്ട്. കേരള ടൂറിസത്തിന്റെ പുനർവിചിന്തനം തടസമില്ലാതെ 365 ദിവസവും വിനോദസഞ്ചാരികൾക്ക് സുഗമമായി യാത്ര ചെയ്യാൻ സാധിക്കുന്ന ഒരു ഡെസ്റ്റിനേഷൻ ആക്കി മാറ്റുക എന്നതായിരിക്കണം. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഹർത്താലുകൾ മൂലം സുഗമമായി യാത്ര ചെയാൻ സാധിക്കാത്തത് ടൂറിസത്തിന് ഇന്നും പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കും. കൊറോണ നിഫ, കുരങ്ങുപനി, ആഫ്രിക്കൻ പന്നിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ ഈ സംസ്ഥാനത്ത് ആദ്യം വരുന്നതിനാൽ ,അടുത്ത കാലത്തായി കേരളത്തിൽ വിനോദസഞ്ചാരം ഈ സന്ദർഭങ്ങളിൽ നിശ്ചലമാകുന്നതായി കാണാം. ആഗോളതലത്തിൽ മാനവവിഭവശേഷിയുടെ നല്ല വിതരണക്കാരാണ് കേരളം എന്നതിനാലും വിദേശ സർവകലാശാലകളിൽ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവർ കൂടുതലുള്ളതിനാലും കേരളത്തിൽ വിദേശ രാജ്യങ്ങളിൽ പ്രത്യക്ഷേ പെടുന്ന പകർച്ചവ്യാധികൾ വരാനുള്ള സാധ്യത കൂടുതലാണ്.
കാലാവസ്ഥ വ്യതിയാനവും വിനോദസഞ്ചാരവും
ജനസാന്ദ്രത വളരെ കൂടുതലും ഭൂവിസ്തൃതി വളരെ കുറവും ആയതിനാൽ കാലാവസ്ഥാ വ്യതിയാനത്തിന് ആഘാതങ്ങൾ ഏറ്റവുമധികം ബാധിക്കുന്ന സംസ്ഥാനം കേരളം ആകുന്നു, മലയോര പ്രദേശങ്ങളായ ഇടുക്കി വയനാട് ഇവിടെ കേന്ദ്രീകരിച്ചാണ് കേരളത്തിലെ ടൂറിസ്റ്റുകൾ കൂടുതൽ സഞ്ചരിക്കുന്നത് , മഴക്കാലത്ത് ഈ പ്രദേശങ്ങളിൽ ഉരുൾപൊട്ടലും ആലപ്പുഴയിലെ കുട്ടനാട് പോലെയുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്കമുണ്ടാകുന്നതും മഴക്കാല യാത്രകൾക്ക് തടസമാകുന്നു. കാലാവസ്ഥ ദുരന്തങ്ങൾ കുറയ്ക്കുന്നതിന് വേണ്ടിയുള്ള ആസൂത്രണം നടപ്പിലാക്കിയില്ലെങ്കിൽ വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിച്ചേക്കാം.
ടൂറിസവും, ഐടിയുമാണ് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് ആശ്രയിക്കേണ്ട രണ്ട് പ്രധാന വ്യവസായങ്ങൾ. ആഭ്യന്തര വിനോദസഞ്ചാരം പുനരുജ്ജീവനത്തിന്റെ പാതയിലാണ്, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികൾ ഒക്ടോബർ മുതൽ അവധിക്കാല യാത്രകൾക്ക് ഇന്ത്യയിലെ ടൂറിസ്റ്റുകേന്ദ്രങ്ങൾ തെരെഞ്ഞെടുക്കുന്നതായി കാണാം. അന്താരാഷ്‌ട്ര വിമാന നിരക്ക് വളരെ ഉയർന്നതും വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ വിസ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടും ആഭ്യന്തര ടൂറിസത്തെ ഈ വർഷം വളർച്ച കൈവരിക്കാൻ സഹായിക്കും. ആയുർവേദ വെൽനസ് ടൂറിസവും പുനരുജ്ജീവനത്തിന്റെ പാതയിലാണ്, വിദേശ വിനോദസഞ്ചാരികളുടെ വരവിനു തുടക്കമായെങ്കിലും കോവിഡിന് മുൻപുണ്ടായ അവസ്ഥയിലേക്ക് എത്തുന്നതിനു കാത്തിരിക്കേണ്ടിവരും.
ആഗോളതലത്തിൽ അവരവരുടെ രാജ്യത്തിനകത്ത്, ആളുകൾ മുമ്പെങ്ങുമില്ലാത്തവിധം യാത്ര ചെയ്യുന്നു, ഹ്രസ്വ കാല ഇടവേളകളിൽ കൂടുതൽ യാത്ര ചെയ്യുന്നവരുടെ എണ്ണം വളരെ വർധിച്ചിരിക്കുന്നു.
സുസ്ഥിര വിനോദസഞ്ചാരം
ലോകത്തിലാകമാനം സുസ്ഥിര വിനോദനാചാരത്തിനു പ്രചാരം ഏറിവരുന്നതിനാൽ , പ്രകൃതി സംരക്ഷണം, തദ്ദേശീയരുടെ സാമൂഹിക, സാമ്പത്തിക വളർച്ച ടൂറിസത്തിലൂടെ സാധ്യമാകുക എന്നീ ലക്ഷ്യങ്ങൾ ടൂറിസം വികസനത്തിലൂടെ സാധ്യമാകേണ്ടതാണ്. മലിനീകരണം കുറയ്ക്കുന്നതിന് കേരളം വൈദുത ടൂറിസ്റ്റ് വാഹനങ്ങൾ പ്രോൽത്സാഹിപ്പിക്കേണ്ടാതാണ്. കൂടുതൽ ചാർജിങ് സ്റ്റേഷനുകളും അതിനോടുനുബന്ധിച്ച റെസ്റ്ററെന്റുകളും ഓരോ ടൂറിസ്റ്റ് ടെസ്റ്റിനേഷനുകളിലേക്കുള്ള യാത്രകളിൽ ലഭ്യമാകേണ്ടതാകുന്നു.
കേരളത്തിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് 365 ദിവസവും അവരുടെ യാത്രയ്‌ക്ക് തടസ്സം വരാതെ യാത്ര ചെയ്യാൻ അവസരം ഒരുക്കുന്നതിൽ സർക്കാരിന്റെ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനത്തിലൂടെ സാധ്യമാകേണ്ടതാണ്.