Interview

ടൂറിസം മേഖലയിൽ ക്ഷേമനിധി ബോർഡിനുള്ള നടപടി ഉടൻ സ്വീകരിക്കുന്നതാണ് : കടകംപള്ളി സുരേന്ദ്രൻ

Kadakampally Surendran Tourism Minister

ടൂറിസം മേഖലയിലെ തൊഴിലാളികൾക്കു വേണ്ടി ഒരു ഉത്തേജന പാക്കേജ് സർക്കാർ നടപ്പാക്കും. ആഭ്യന്തര ടൂറിസത്തിനു ഊന്നൽ നൽകുക ഈ സർക്കാരിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്, എന്ന് ഒരു അഭിമുഖത്തിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഈ മേഖലയുടെ അഭിവൃദ്ധിക്കായി ഒരു സഹകരണ സംഘം സ്ഥാപിക്കുന്നതായിരിക്കും എന്ന് മന്ത്രി കൂട്ടിച്ചേർത്തു .

Q : നമസ്കാരം, ആദ്യം തന്നെ കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച ഈ സർക്കാരിനു അഭിനന്ദനങ്ങൾ. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിൽ ആരോഗ്യ മന്ത്രാലയം, ടൂറിസം മന്ത്രാലയം, പോലീസ്, ആരോഗ്യ പരിപാലന പ്രവർത്തകർ എന്നിവരെല്ലാം ഏകോപനത്തോടെ നടത്തിയ പ്രവർത്തനങ്ങളെ ലോകം ശ്രദ്ധിച്ചു. ടൂറിസം മേഖലയെ സഹായിക്കുന്നതിന് ഒരു മാർക്കറ്റിംഗ് കാമ്പെയ്ൻ നിർമ്മിക്കാൻ ഈ ഉദാഹരണം ഉപയോഗിക്കാമോ?

A : തീര്‍ച്ചയായും കോവിഡ് എന്ന മഹാമാരിയെ കേരളം നേരിട്ട ഈ രീതി അന്താരാഷ്ട്ര പ്രശംസ പിടിച്ച് പറ്റിയത് ഭാവിയില്‍ വിനോദ സഞ്ചാരികളെ നമ്മുടെ നാട്ടിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള കരുത്താകും എന്ന് തന്നെയാണ് സര്‍ക്കാര്‍ കരുതുന്നത്. ഇപ്പോള്‍ തന്നെ ലോകമെമ്പാടും ഈ രംഗത്തെ കേരള മാതൃക ചര്‍ച്ച ചെയ്യുന്ന ഒരു സാഹചര്യമാണ് ഉള്ളത്. സ്വാഭാവികമായും ലോകം ഈ പ്രതിസന്ധി തരണം ചെയ്യുന്ന ഘട്ടത്തില്‍ വിനോദ സഞ്ചാരികളുടെ പ്രഥമ പരിഗണന നമ്മുടെ നാടിന് തന്നെയാകും എന്ന കാര്യത്തില്‍ എനിക്ക് സംശയം ഒന്നുമില്ല. നമ്മുടെ ആയുര്‍വേദവും അതുമായി ബന്ധപ്പെട്ട സുഖചികിത്സയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്. അതിനു പുറമെയുമായി മെഡിക്കല്‍ ടൂറിസത്തിനും ഒട്ടനവധി സാധ്യതകള്‍ നമുക്കുണ്ട്. കോവിഡ്‌ കാലഘട്ടം കഴിഞ്ഞില്ലെങ്കില്‍ പോലും ഇത് വരെ ഈ മഹാമാരിയെ നാം നേരിട്ട രീതി നമുക്ക് നേടിത്തന്ന ഖ്യാതി കേരള ടൂറിസത്തിനും വലിയ ഉത്തേജനം ആകും എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ഈ ദിശയില്‍ ഉള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വഴി നമുക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ കഴിയും.

Q : ജോലി നഷ്‌ടപ്പെടുന്ന ഈ മേഖലയിലെ ജീവനക്കാരെ ടൂറിസം മന്ത്രാലയത്തിന് എങ്ങനെ സഹായിക്കാനാകും? തൊഴിൽ നഷ്ടം വളരെ കുറവാണെന്ന് ഉറപ്പാക്കാൻ ടൂറിസം മന്ത്രാലയത്തിന് എന്ത് കർമപദ്ധതി ആവിഷ്കരിക്കാനാകും?

A : കോവിഡ് ആദ്യം ബാധിച്ചത് എല്ലാ രാജ്യത്തേയും ടൂറിസം മേഖലയെ ആണ്. സഞ്ചാര വിലക്കും അടച്ചുപൂട്ടലും മൂലം വിനോദസഞ്ചാരികളുടെ നമ്മുടെ സംസ്ഥാനത്തേക്കുള്ള വരവ് പൂര്‍ണ്ണയായും നിലച്ചുകഴിഞ്ഞു. ഏകദേശം 12 ലക്ഷത്തോളം ആള്‍ക്കാരാണ് കേരളത്തിലെ ടൂറിസം മേഖലയില്‍ ഇന്ന് ജോലി നോക്കുന്നത്, സ്വാഭാവികമായും ഇവരുടെ അതിജീവനം വലിയൊരു പ്രശ്നം തന്നെയാണ്. കാര്യങ്ങള്‍ എല്ലാം പഴയപടിയാകാന്‍ ഇനിയും ഏതാനം മാസങ്ങള്‍ കൂടി എടുക്കുമെന്നാണ് കരുതുന്നത്. ഈ കാലഘട്ടത്തില്‍ ഏതെല്ലാം തരത്തില്‍ ഇവരെ സഹായിക്കാന്‍ കഴിയും എന്നത് സര്‍ക്കാര്‍ പരിശോധിച്ച് വരുന്നുണ്ട്. ഈ രംഗത്തെ പ്രമുഖരുമായിക്കൂടി ചര്‍ച്ച ചെയ്തു കൊണ്ട് സമഗ്രമായ ഒരു ഉത്തേജന പാക്കേജ് തയ്യാറാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

Q : ടൂറിസം മേഖലയിലെ ജീവനക്കാരെ ഉപജീവന പാക്കേജ് ഉപയോഗിച്ച് സഹായിക്കാൻ സർക്കാരിനു കഴിയുമോ?

A : തീര്‍ച്ചയായും കേരളത്തിലെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍ പിശോധിക്കുന്നുണ്ട്. ഇതിനായി ഒരു സമഗ്ര പദ്ധതി തയ്യാറാക്കി വരുന്നുണ്ട്.

Q : പ്രിയപ്പെട്ട മന്ത്രി, ടൂറിസം മേഖലയുടെ പ്രയോജനത്തിനായി ഒരു ക്ഷേമനിധി ബോർഡ് രൂപീകരിക്കാൻ താങ്കൾ സമ്മതിച്ചിട്ടുണ്ട്. എത്രയും വേഗം ഇത് നടപ്പാക്കാൻ കഴിയും?

A : ഇന്ന് കേരളത്തിലെ എല്ലാ തൊഴില്‍ മേഖലയിലും ക്ഷേമനിധി ബോര്‍ഡുകളുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ടൂറിസം മേഖലയില്‍ ഇത്തരത്തില്‍ ഒരു സംവിധാനവും നിലവിലില്ല. ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ജോലി ചെയ്യുന്ന നമ്മുടെ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട സെക്ടറില്‍ ഒരു ക്ഷേമനിധി ബോര്‍ഡ് തീര്‍ച്ചയായും വളരെ അത്യാവശ്യമാണ്. ഇത്തരമൊരു പ്രതിസന്ധി ഘട്ടം വരേണ്ടി വന്നു നമ്മുടെ ആള്‍ക്കാര്‍ ഇതിനെക്കുറിച്ച്‌ ബോധവാന്മാരാകുവാന്‍. ഇപ്പോഴത്തെ ഈ പ്രതിസന്ധി അവസാനിയ്ക്കുന്നമുറയ്ക്ക് ഇതിനാവശ്യമായ നടപടി സ്വീകരിക്കുന്നതാണ്.

Q : ടൂറിസം മേഖലയ്ക്കായി ഒരു സഹകരണ ബാങ്ക് രൂപീകരിക്കുന്നതിനെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം? അത്തരമൊരു ബാങ്കിൽ നിന്ന് ഈ മേഖലയ്ക്ക് ലഭിക്കുന്ന നേട്ടങ്ങൾ എന്തൊക്കെയാണ്?

A : സഹകരണ പ്രസ്ഥാനം വളരെ ശക്തിപ്പെട്ട ഒരു സംസ്ഥാന ആണ് കേരളം. നമ്മുടെ സാമ്പത്തിക വ്യവസ്ഥിയുടെ നട്ടെല്ല് എന്ന് പറയാവുന്ന മേഖലയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍. സാധാരണക്കാരന് വളരെ ആക്സസിബിള്‍ ആണ് സഹകരണ സംഘങ്ങള്‍. വാണീജ്യ ബാങ്കുകളോടുള്ള പേടി തന്റെ അയല്‍പ്പക്കകാരനും മറ്റും അംഗങ്ങള്‍ ആയ സഹകരണ സംഘത്തിനോട് ഒരാള്‍ക്കും കാണില്ല. NABARD , SIDBI , HUDCO , NCDC തുടങ്ങി നിരവധി ധനകാര്യ ഏജന്‍സികളുടെ സേവനം ലഭ്യമാകുന്നത് സഹകരണ സ്ഥാപനങ്ങളിലൂടെയാണ്. വായ്പാ നടപടികള്‍ വളരെ ലളിതമാണ്.സാധാരണ ജനങ്ങള്‍ മുതല്‍, ഉദ്യോഗസ്ഥര്‍, പോലീസുകാര്‍ എന്തിന് സാഹിത്യകാരന്‍മാര്‍ക്ക് വരെ ഇന്ന് സഹകരണ സംഘങ്ങള്‍ ഉണ്ട്. എന്നാല്‍ കേരളത്തില്‍ കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന ടൂറിസം മേഖലയിലെ ജീവനക്കാര്‍ക്കായി ഇന്ന് ഒരു സഹകരണ സംഘം ഇല്ല എന്നത് ഒരു പോരായ്മ തന്നെയാണ്. എന്നാല്‍ ഇതിനുള്ള മുന്‍കൈ എടുക്കേണ്ടത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ്. സഹകരണ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയില്‍ സര്‍ക്കാരിന്റെ എല്ലാ സഹായവും ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു.

Q : സംസ്ഥാനത്ത് വളരെയധികം ആളുകൾക്ക് ജോലി നൽകുന്ന ഹോസ്പിറ്റാലിറ്റി മേഖല ഇപ്പോൾ വളരെയധികം ബുദ്ധിമുട്ടുകയാണ്. അവരെ സഹായിക്കാൻ സർക്കാരിന് എന്തുചെയ്യാൻ കഴിയും? നിശ്ചിത വൈദ്യുതി നിരക്കിനെക്കുറിച്ച് അവർ പ്രത്യേകിച്ചും ആശങ്കാകുലരാണ്. യഥാർത്ഥ വൈദ്യുതി ഉപയോഗമനുസരിച്ച് പണമടക്കാൻ അനുവദിച്ചു സർക്കാരിന് അവരെ സഹായിക്കാൻ കഴിയുമോ ?

A : കോവിഡ് മൂലം സ്തംഭനത്തിലായ കേരളത്തിലെ ടൂറിസം മേഖലയുടെ അതിജീവനത്തിനും പുനരുജ്ജീവനത്തിനുമായി നിരവധി പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇലക്ട്രിസിറ്റി ചാര്‍ജ് ഫിക്സഡ് ചാര്‍ജ് അടയ്ക്കുന്നതിന് സാവകാശം നല്‍കാവുന്നതാണ്.

Q : വിദേശ ടൂറിസ്റ്റുകളുടെ അഭാവം മൂലം ബുദ്ധിമുട്ടുന്ന ടൂർ ഓപ്പറേറ്റർമാരെ സഹായിക്കാൻ സർക്കാരിന് എന്ത് നടപടികളെടുക്കാനാകും?
ആഭ്യന്തര ടൂറിസത്തിനു ഊന്നൽ നൽകികൊണ്ടുള്ള നടപടികൾ സ്വീകരിച്ചാൽ ടൂർ ഓപ്പറേറ്റർമാരെ സർക്കാരിന് സഹായിക്കാൻ ആകില്ലേ ?

A : തീര്‍ച്ചയായും ഇപ്പോഴത്തെ ഈ പ്രതിസന്ധി അവസാനിക്കുന്ന അവസരത്തില്‍ ആഭ്യന്തര സഞ്ചാരികളുടെ വരവ് തന്നെ ആയിരിക്കും ആദ്യം നമ്മുടെ സംസ്ഥാനത്തേയ്ക്കു ഉണ്ടാകുക. ഇതിനായി പ്രത്യേക മാര്‍ക്കറ്റിംഗ് പ്ലാന്‍ തയ്യാറാക്കി നടപ്പാക്കുന്നതാണ്.

Q : കേരള ടൂറിസത്തിന്റെ പ്രധാന ഭാഗമായ കെട്ടുവള്ളം വ്യവസായത്തിന് ഉയർന്ന അറ്റകുറ്റപ്പണി ആവശ്യമാണ്. കെട്ടുവള്ളം ഓപ്പറേറ്റർമാർ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്. സർക്കാരിന് അവരെ എങ്ങനെ സഹായിക്കാനാകും?

A : ഇത് ടൂറിസം രംഗത്തെ സംരഭകരുമായി ഞാന്‍ ഈ മഹാമാരിയുടെ പശ്ചാത്തലത്തില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഉയര്‍ന്നു വന്നൊരു ആവലാതി ആണ്. കേരളത്തിലെ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗത്തിനും ആശ്വാസം നല്‍കുന്ന നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. നേരത്തെ സൂചിപ്പിച്ചത് പോലെ ഒരു സമഗ്ര പാക്കേജ് ആണ് നാം ഉദ്യേശിക്കുന്നത്. ആരെയും ഈ സര്‍ക്കാര്‍ കൈവിടുകയില്ല.

Q : ഈ മഹാമാരി ലോകത്തുള്ള എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളെയും അവർ ബിസിനസ്സ് നടത്തുന്ന രീതി പുനരാലോചന നടത്താൻ പ്രേരിപ്പിച്ചേക്കാം. നമ്മുടെ ടൂറിസം ബ്രാൻഡിനെ ഇന്ത്യയിലെ ഏറ്റവും ശുചിത്വവും സുരക്ഷിതവുമായ വിനോദസഞ്ചാരകേന്ദ്രം ആയി ഉയർത്തിക്കാട്ടുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാരിന് എന്ത് പുതിയ നടപടികൾ കൈക്കൊള്ളാനാകും? ഉദാഹരണത്തിന് മാലിന്യ നിർമാർജനം കൈകാര്യം ചെയ്യുന്നതിൽ നമുക്ക് കൂടുതൽ നന്നായി ചെയ്യാൻ കഴിയുമോ?

A : ഒരു ഡെസ്റ്റിനേഷനില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ എപ്പോഴും ആഗ്രഹിക്കുന്നത് വൃത്തിയും ശുചിത്വവുമാണ്. ഇന്ന് കുടുംബശ്രീ ഉള്‍പ്പടെയുള്ള സംവിധാനങ്ങളും, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആ.ര്‍.റ്റി മിഷന്‍ എന്നിവയുടെ സഹായത്തോടെ സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഒക്കെ പരമാവധി വൃത്തിയായി സൂക്ഷിക്കുന്നതിന് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നാം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഇപ്പോഴത്തെ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. കേരളത്തെ ഒരു ബ്രാന്‍ഡ്‌ ആയി കണ്ടുകൊണ്ട് മാര്‍ക്കറ്റ് ചെയ്യുമ്പോള്‍ പ്രഥമ പരിഗണനകളില്‍ ഒന്ന് ശുചിത്വത്തിന് നാം എപ്പോഴും നല്‍കാറുണ്ട്. എന്നിരുന്നാലും മാലിന്യസംസ്കരണ കാര്യത്തില്‍ പലപ്പോഴും നാം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഉറവിട മാലിന്യ സംസ്കരണത്തില്‍ ഊന്നല്‍ നല്‍കിയുള്ള കൂടുതല്‍ പ്രായോഗികമായ പദ്ധതി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആവിഷ്കരിക്കും. കൂടാതെ ജനങ്ങളുടെ മനോഭാവത്തിലും മാറ്റം ഉണ്ടാകേണ്ടതുണ്ട്. അതിനാവശ്യമായ ബോധവല്‍ക്കരണ പദ്ധതിയും നടപ്പിലാക്കം.

Q : മെഡിക്കൽ ടൂറിസത്തെയും വെൽനസ് ടൂറിസത്തെയും കൂടുതൽ ആർജവത്തോടെ നയിക്കാൻ , ടൂറിസം രംഗത്തുള്ളവർ ശ്രദ്ധിക്കണമെന്ന് താങ്കൾ കരുതുന്നുണ്ടോ. കേരളം പകർച്ചവ്യാധിയോട് അവലംബിച്ച രീതിയും പകർച്ചവ്യാധി ബാധിച്ച നിരവധി വിദേശ വിനോദ സഞ്ചാരികളെ സുഖപ്പെടുത്തുകയും ചെയ്ത ഒരു മാതൃക ലോകത്തിന്റെ മുന്നിലുണ്ട്. ഇത് കേരളത്തിലേക്ക് കൂടുതൽ വിനോദ സഞ്ചാരികൾ എത്താൻ സഹായിക്കും എന്ന് താങ്കൾ കരുതുന്നുണ്ടോ ?

A : ഇപ്പോഴത്തെ മഹാമാരി കേരളം നേരിട്ട ഒരു മാതൃക ലോകത്തിന്റെ മുന്നിലുണ്ട്. സ്വാഭാവികമായും ഇപ്പോഴത്തെ പ്രയാസം മാറി കേരളത്തിലേക്ക് സഞ്ചാരികള്‍ വന്ന് തുടങ്ങുമ്പോള്‍ കേരളത്തിലെ ലോകോത്തരമായ ചികിത്സാ സൗകര്യങ്ങളും നാം ഇതിനെ നേരിട്ട മാതൃകയും ഒക്കെ സഞ്ചാരികളുടെ മനസിലുണ്ടാകും. ഇത് മെഡിക്കല്‍ ടൂറിസത്തിനേയും തീര്‍ച്ചയായും സഹായിക്കും. നിലവില്‍ ഇപ്പോള്‍ തന്നെ അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ വലിയ രീതിയില്‍ സഞ്ചാരികള്‍ മെഡിക്കല്‍ ടൂറിസം എന്ന നിലയില്‍ നമ്മുടെ നാട്ടില്‍ എത്തുന്നുണ്ട്. പ്രശസ്തമായ ഒട്ടനവധി വിദേശ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നമ്മളെക്കുറിച്ച് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ ഇനിയും കൂടുതല്‍ ആഭ്യന്തര,വിദേശ വിനോദ സഞ്ചാരികളെ മെഡിക്കല്‍ ടൂറിസത്തിനായി കേരളത്തില്‍ എത്തിക്കും എന്ന് തന്നെ കരുതാം. ഇതിനൊപ്പം ഈ ദിശയില്‍ വരുന്ന നമ്മുടെ മാര്‍ക്കറ്റിംഗ് ക്യാമ്പയിനുകളും നമുക്ക് സഹായകരമാകും.