ടൂറിസം മേഖലയില്‍ നിര്‍മ്മിത ബുദ്ധിയുടെ പ്രാധാന്യം ചര്‍ച്ച ചെയ്യാന്‍ ഐസിടിടി സമ്മേളനം

ലോകത്തെമ്പാടുമുള്ള ടൂറിസം മേഖലയെ നിര്‍ണായകമായി സ്വാധീനിക്കുന്ന നിര്‍മ്മിത ബുദ്ധി ഇന്ത്യയിലെ വിനോദസഞ്ചാര മേഖലയില്‍ എങ്ങനെ പ്രായോഗികമാക്കാമെന്നതിനെക്കുറിച്ച്  കൊച്ചിയില്‍ ചേരുന്ന ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ടൂറിസം ടെക്നോളജി (ഐസിടിടി) ചര്‍ച്ച ചെയ്യും. 

സെപ്റ്റംബര്‍ 26, 27 തിയതികളില്‍ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ്  സമ്മേളനം. അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ (അറ്റോയി), കേരള ടൂറിസത്തിന്‍റെ സഹകരണത്തോടെയാണ് ഇത് സംഘടിപ്പിക്കുന്നത്.

ലോകത്തെമ്പാടും വിനോദസഞ്ചാര മേഖലയിലെ  വിവരശേഖരണവും യാത്രാരീതികളും  വിവരസാങ്കേതികവിദ്യയ്ക്ക് വിട്ടുകൊടുക്കുകയാണ് ഇപ്പോള്‍ യാത്രികര്‍ ചെയ്യുന്നത്.  നിര്‍മിതബുദ്ധിയടക്കം വിവരസാങ്കേതികവിദ്യയിലെ വിപ്ലവകരമായ ഈ മാറ്റങ്ങള്‍ നല്കുന്ന അനന്തസാധ്യതകള്‍ ഇന്ത്യയിലും ക്രിയാത്മകമായി എങ്ങിനെ ഉപയോഗപ്പെടുത്താമെന്ന വിഷയത്തിലാണ് ഐസിടിടിയിലെ ചര്‍ച്ചകള്‍. അഞ്ഞൂറോളം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 

വ്യക്തിനിഷ്ഠമായ ഇഷ്ടാനിഷ്ടങ്ങളാണ് ഇപ്പോള്‍ വിനോദസഞ്ചാരികള്‍ക്കുള്ളത്. അത്തരം മാനസികാവസ്ഥകളെ എങ്ങനെ വിവരസാങ്കേതികവിദ്യയുടെ പിന്തുണയോടെ മനസിലാക്കിയെടുക്കാമെന്നാണ് ഈ മേഖലയിലുള്ളവര്‍ പരിശോധിക്കുന്നത്.  സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴിയും ടൂറിസം സംബന്ധിയായ വിവരശേഖരണം നടത്തി അതുപയോഗിച്ച് മികച്ച നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും  നല്‍കാന്‍ നിര്‍മ്മിത ബുദ്ധിയിലധിഷ്ഠിതമായ ആപ്പുകള്‍ക്ക് സാധിക്കുമെന്ന് ഐസിടിടി കണ്‍വീനര്‍ അനീഷ് കുമാര്‍ പി കെ പറഞ്ഞു. ഇത്തരം ആപ്പുകള്‍ വഴി അവസാന നിമിഷം പോലും ടൂറിസ്റ്റുകള്‍ക്ക് തങ്ങളുടെ ഒഴിവുകാല യാത്രാപദ്ധതികള്‍ മാറ്റാനാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാഷാസഹായം, ഹോട്ടല്‍ ബുക്കിംഗ്, ടൂര്‍ പ്ലാനിംഗ്, ഗൈഡുകള്‍ തുടങ്ങിയ സേവനങ്ങള്‍ക്കായി രാജ്യത്ത് നിരവധി ആപ്പുകള്‍ നിലവിലുണ്ട്. യാത്രാസംബന്ധിയായ ബുക്കിംഗിനും മറ്റുമായി നിരവധി സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. ഇതില്‍ തന്നെ പല ജോലികളും ഓട്ടോമേഷനിലേയ്ക്കും നിര്‍മ്മിത ബുദ്ധിയിലേക്കും എത്തിയിരിക്കുന്നുവെന്ന് അറ്റോയി മുന്‍ പ്രസിഡന്‍റ് കൂടിയായ അനീഷ് കുമാര്‍ ചൂണ്ടിക്കാട്ടി.

നിര്‍മ്മിത ബുദ്ധിയിലെ പുത്തന്‍ പ്രവണതകളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. ‘ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് ട്രാവല്‍ റവല്യൂഷന്‍’ എന്ന വിഷയത്തില്‍ ഇറ്റലിയില്‍നിന്നുള്ള ഹാന്‍സ് ലോഷ് എന്ന മാനേജ്മെന്‍റ് വിദഗ്ധന്‍ സംസാരിക്കും. വാണിജ്യാവശ്യങ്ങളിലേക്ക് നിര്‍മ്മിതബുദ്ധി ഉപയോഗിച്ചുള്ള വിശകലനം നടത്തുന്നതില്‍ പ്രശസ്തനാണ് യൂറോപ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോഷ്.

നിര്‍മ്മിതബുദ്ധി കടന്നു വരുന്നതോടെ ടൂറിസം മേഖലയില്‍ ഉണ്ടാകാനിടയുള്ള തൊഴില്‍ നഷ്ടങ്ങളെക്കുറിച്ചും ഐസിടിടി യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്. രാജ്യത്തിന്‍റെ വിശിഷ്യാ കേരളത്തിന്‍റെ  സാധ്യതകളെയും നിര്‍മ്മിതബുദ്ധിയിലൂടെ ഉപയോഗപ്പെടുത്താനും ലക്ഷ്യമിടുന്നുണ്ടെന്ന് അനീഷ് കുമാര്‍ പറഞ്ഞു.

2013, 2017 വര്‍ഷങ്ങളിലാണ് ഐസിടിടിയുടെ മുന്‍ സമ്മേളനങ്ങള്‍ നടന്നത്. ടൂറിസം രംഗത്തെ സമസ്തമേഖലകളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഈ വേദിയില്‍ ഐസിടിടി അംഗത്വമുള്ള ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഓണ്‍ലൈന്‍ ടൂറിസം മേഖല, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവരാണുള്ളത്. സാങ്കേതിക പരിജ്ഞാനം ടൂറിസം മേഖലയിലെ എല്ലാ പങ്കാളികള്‍ക്കും എത്തിച്ചുകൊടുക്കാനാണ് ഐസിടിടി ഉദ്ദേശിക്കുന്നത്.
 
വിശദവിവരങ്ങള്‍ക്കും റജിസ്ട്രേഷനും http://www.icttindia.org.