ഒരിക്കലും പഞ്ചറാവാത്ത ടയറുകളിറക്കി മിഷേലിന്‍ ടയര്‍ കമ്പനി

വാഹനങ്ങളുടെ ടയര്‍ പഞ്ചറാകുന്നതു മൂലമുള്ള ദുരിതത്തിന് എപ്പോഴെങ്കിലുമൊക്കെ ഇരയാകാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരവുമായെത്തിയിരിക്കുകയാണ് ഫ്രഞ്ച് ടയര്‍ നിര്‍മ്മാതാക്കളായ മിഷേലിന്‍. ഇതിനായി വായു ആവശ്യമില്ലാത്ത ടയറുകളാണ് മിഷേലിന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ ടയര്‍ ഒരിക്കലും പഞ്ചറാകില്ലെന്നാണ് കമ്പനി പറയുന്നത്.

 

യൂപ്ടിസ് പ്രോട്ടോടൈപ്പ് (യൂണിക് പഞ്ചര്‍പ്രൂഫ് ടയര്‍ സിസ്റ്റം) എന്നാണ് മിഷേലിനൊപ്പം ജനറല്‍ മോട്ടോഴ്സും കൂടി ചേന്ന് വികസിപ്പിച്ചെടുത്ത ഈ എയര്‍ലെസ് വീല്‍ ടെക്നോളജിയുടെ പേര്. ഈ ടയറുകളുടെ പരീക്ഷണയോട്ടം ഷെവര്‍ലെയുടെ ഇലക്ട്രിക് വാഹനമായ ബോള്‍ട്ടില്‍ പുരോഗമിക്കുകയാണെന്നും ഇതിനുശേഷം മറ്റ് വാഹനങ്ങളിലേക്കും പരീക്ഷണം വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരം ടയറുകള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലായിരുന്നു മിഷെലിന്‍. പ്ലാന്റിനായി 50 മില്ല്യണ്‍ ഡോളറാണ് ഇതുവരെ നിക്ഷേപിച്ചത്. റബറിനൊപ്പം ഉറപ്പുള്ള മറ്റ് മെറ്റീരിയലുകളും ഉപയോഗിച്ച് വേറിട്ട രീതിയിലാണ് ഈ ടയറുകളുണ്ടാക്കുന്നത്. മികച്ച ബ്രേക്കിങ് നല്‍കുന്ന ഗ്രിപ്പിനൊപ്പം ടയര്‍ ഡ്രെമ്മിന്റെ സുരക്ഷയും ഈ ടയര്‍ ഉറപ്പാക്കുമെന്നാണ് നിര്‍മാതാക്കളുടെ വാദം. 2024-ല്‍ ഈ ടയറുകള്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.