സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട പൊള്ളുന്ന ചൂടുള്ള നഗരങ്ങള്‍
വേനലിന്റെ ചൂടിന് ഓരോ ദിവസവും ശക്തി കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്നു വരും നാളെ വരുമെന്നു പറഞ്ഞു പറ്റിക്കുന്ന മഴയും തെളിഞ്ഞു നില്‍ക്കുന്ന സൂര്യനും ഇപ്പോള്‍ തരുന്ന കഷ്ടപാടുകള്‍ ചില്ലറയല്ല. കഴിഞ്ഞ ദിവസം ലോക പ്രശസ്ത കാലാവസ്ഥ നിരീക്ഷണ സൈറ്റായ എല്‍ ഡാര്‍ഡോ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ലോകത്തിലെ ഏറ്റവും ചൂടുകൂടിയ 15 ഇടങ്ങളില്‍ എട്ടെണ്ണവും നമ്മുടെ രാജ്യത്താണത്രെ. നമ്മടെ പാലക്കാട്ടെയും കണ്ണൂരിലെയും പൊള്ളുന്ന ചൂട് ഈ സ്ഥലങ്ങളുടെ മുന്നില്‍ ഒന്നുമല്ലെന്നറിയുമ്പോളാണ് ഇവിടുത്തെ അവസ്ഥ എത്ര ഭീകരമാണെന്ന് മനസ്സിലാവുക. ഇതാ ഇന്ത്യയിലെ ഏറ്റവും ചൂടു കൂടി എട്ട് ഇടങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം…
എട്ടിടങ്ങള്‍
ലോകത്തിലെ തന്നെ ഏറ്റവും ചൂട് കൂടിയ 15 ഇടങ്ങളാണ് എല്‍ ഡോര്‍ഡോ എന്ന കാലാവസ്ഥ നിരീക്ഷണ സൈറ്റ് പുറത്ത് വിട്ടിരിക്കുന്നത്. അതില്‍ എട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത് നമ്മുടെ രാജ്യത്താണ്. ബാക്കി സ്ഥലങ്ങളില്‍ കൂടുതലും പാക്കിസ്ഥാനിലാണുള്ളത്.
ചുരു, രാജസ്ഥാന്‍
താര്‍ മരുഭൂമിയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന സ്ഥലമാണ് രാജസ്ഥാനിലെ ചുരു. മരുഭൂമിയുടെ ഒരു ഭാഗമായി തന്നെ സ്ഥിതി ചെയ്യുന്ന ചുരു ജില്ലയിലാണ് ഇവിടമുള്ളത്. പാലിയെ അംബാലയുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 65 കടന്നു പോകുന്ന ഇടമെന്ന നിലയില്‍ ഇവിടം സഞ്ചാരികള്‍ക്കിടയിലും പ്രസിദ്ധമാണ്. മണല്‍ക്കൂനകള്‍, പടിക്കിണറുകള്‍, അതിനുള്ളിലലെ വ്യത്യസ്തമായ കൊത്തുപണികളും ചിത്രപ്പണികളും കൂടാതെ സമീപത്തുള്ള ഛത്രികള്‍, ആത്മീയ കേന്ദ്രങ്ങള്‍ തുടങ്ങിയവയും ചുരുവിന്റെ പ്രത്യേകതകളാണ്.
ഗംഗാ നഗര്‍
മരുഭൂമിയുടെ നാടായതു കൊണ്ടു തന്നെ ചൂടുകൂടിയ ഇടങ്ങള്‍ മിക്കവയും രാജസ്ഥാനിലായിരിക്കും. ആ ലിസ്റ്റിലേക്ക് ഉള്‍പ്പെടുത്തുവാന്‍ പറ്റിയ ഇടമാണ് ഗംഗാനഗര്‍. രാജസ്ഥാനിലെ ആസൂത്രിത നഗരങ്ങളില്‍ ഒന്നായ ഗംഗാനഗര്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള് രാജ്യാന്തര അതിര്‍ത്തി സ്ഥിതി ചെയ്യുന്ന ഇടം കൂടിയാണ്. രാജസ്ഥാന്റെ ഭക്ഷണ തളിക എന്നും ഇവിടം അറിയപ്പെടുന്നുണ്ട്. മഹാരാജാ ശ്രീ ഗംഗാസിംഗ് ബഹാദൂറിന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ട ഈ നഗരം കണ്ടിരിക്കേണ്ട ആസൂത്രിത നഗരങ്ങളില്‍ ഒന്നുകൂടിയാണ്. പൂര്‍ണ്ണമായും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് ഇവിടെയുള്ളവര്‍.
ഫലോഡി
രാജസ്ഥാന്റെ ഉപ്പു നഗരം എന്നറിയപ്പെടുന്ന ഇടമാണ് ഫലോഡി.ജോധ്പൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഫലോഡി ഏറ്റവും തീവ്രമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഇടങ്ങളില്‍ ഒന്നുകൂടിയാണ്. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും ചൂട് കൂടിയ ഇടമായിരുന്നു ഇവിടം.മേയ് 2016 ല്‍ ഇവിടെ 41 ഡിഗ്രി സെല്‍ഷ്യസാണ് ചൂട് രേഖപ്പെടുത്തിയത്. ഉപ്പു വ്യവസായത്തിന് ഏറെ പേരു കേട്ടിരിക്കുന്ന പ്രദേശം കൂടിയാണിത്. വാതുവയ്പ്പിന് പേരുകേട്ട ഇടമെന്ന നിലയിലും ഇവിടം പ്രസിദ്ധമാണ്.
ബിക്കാനീര്‍
താര്‍ മരുഭൂമിയ്ക്ക് നടുവിലെ അത്ഭുതം എന്ന വിശേഷണം ബിക്കാനീറിനെ സംബന്ധിച്ച് ഒട്ടും അധികമാകില്ല. രാജസ്ഥാന്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ഇന്നേവരെ നേരിട്ട് കാണാത്തവരുടെ മനസ്സില്‍ വരുന്ന പരന്നുകിടക്കുന്ന മണല്‍പ്പരപ്പ്, അസ്തമയത്തിന്റെ പശ്ചാത്തലത്തില്‍ ഒട്ടകപ്പുറത്ത് യാത്രയാകുന്ന ആളുകള്‍, രാവാകുമ്പോള്‍ നിറവെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന കൊട്ടാരക്കെട്ടുകള്‍ ഈ ചിത്രങ്ങളെല്ലാമാണ് എത്തുക. ഇതെല്ലാം ബിക്കാനീറിലുണ്ട്, അല്ല ഇതുതന്നെയാണ് ബിക്കാനീര്‍ എന്നുതന്നെ പറയണം. ബിക്കാജി ഈ നഗരമുണ്ടാക്കിയത്. രാജസ്ഥാനിലെ മാത്രം സവിശേഷതയായ രജപുത് സംസ്‌കാരം, രുചിയേറുന്ന ബുജിയ, കടുംനിറങ്ങളുള്ള ഉത്സവങ്ങള്‍, കൊട്ടാരങ്ങള്‍, എന്നിവയെല്ലാമാണ് ബിക്കാനീറിന്റെ മുഖമുദ്ര. നിറപ്പകിട്ടേറിയ സ്ഥലങ്ങളിലൊന്നാണിത്. അതുകൊണ്ടുതന്നെ ഇവിടുത്തെ ഉത്സവങ്ങളും കൊട്ടാരക്കെട്ടുകളുമെല്ലാം ഫോട്ടോഗ്രാഫി പ്രിയരുടെ ഇഷ്ടവിഷയങ്ങളാണ്. എത്രയൊക്കെ പറഞ്ഞാലും ഇവിടുത്തെ ഏറ്റവും വില്ലന്‍ ചൂടാണ്.
കാന്‍പൂര്‍
ഉത്തര്‍ പ്രദേശിലെ പ്രധാന നഗരങ്ങളിലൊന്നാണ് കാന്‍പൂര്‍. ചൂടിന്റെ കാര്യത്തില്‍ ഒരു കോംപ്രമൈസിനും തയ്യാറാവാത്ത നാടാണ് കാന്‍പൂര്‍. തുകല്‍ വ്യവസായത്തിനും തുണി വ്യവസായത്തിനും പേരുകേട്ട ഇവിടം ഇന്ത്യയിലെ ഏറ്റവും അധികം ചൂട് അനുഭവപ്പെടുന്ന പ്രദേശം കൂടിയാണ്. ലോകത്തിന്റെ തുകല്‍ നഗരം എന്നാണ് ഇവിടം അറിയപ്പെടുന്നത് തന്നെ. വരണ്ട കാലാവസ്ഥയാണ് ഈ നാടിന്റെ പ്രത്യേകത.
ജയ്‌സാല്‍മീര്‍
രാജസ്ഥാനിലെ ചൂട് കൂടിയ അടുത്ത പ്രദേശമാണ് ജയ്‌സാല്‍മീര്‍. താര്‍ മരുഭൂമിയുടെ നടുവിലായി സ്ഥിതി ചെയ്യുന്ന ഈ നഗരം സുവര്‍ണ്ണ നഗരം എന്നാണ് അറിയപ്പെടുന്നത് തന്നെ. പാക്കിസ്ഥാന്‍, ബികാനെര്‍, ജോധ്പൂര്‍ എന്നിവയുമായി അതിര്‍ത്തി പങ്കുവെക്കുന്നു. ചൂടുള്ള വരണ്ട കാലാവസ്ഥയാണ് ഇവിടുത്തേത്. വേനല്‍, മഴ, ശൈത്യ കാലങ്ങള്‍ ഇവിടെയുണ്ട്. ഒക്ടോബര്‍-മാര്‍ച്ച് മാസങ്ങള്‍ക്കിടയില്‍ സന്ദര്‍ശിക്കുന്നതാണ് എപ്പോഴും നല്ലത്.
നൗഗോഗ്
ചൂടു കൂടുമ്പോള്‍ മധ്യ പ്രദേശിനും രക്ഷയില്ല. ഇവിടുത്തെ നൗഗോഗ് എന്ന സ്ഥലവും കടുതത് ചൂടില്‍ പെട്ടിരിക്കുകയാണ്. 48 ഡിഗ്രി ചൂടൊക്കെയാണ് ഇവിടെ ഈ സമയത്ത് അനുഭവപ്പെടുന്നത്. ബ്രിട്ടീഷുകാരുടെ ഭരണ സിരാ കേന്ദ്രങ്ങളിലൊന്നായാണ് നൗഗോഗ് അറിയപ്പെടുന്നത്.
നാര്‍നൗല്‍
40 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ മിക്കപ്പോഴും അനുഭവപ്പെടുന്ന സ്ഥലമാണ് നാര്‍നൗല്‍. ഹരിയാനയിലെ ഈ സ്ഥലത്ത് ഏറ്റവും അധികം അടയാളപ്പെടുത്തിയിരിക്കുന്ന ചൂട് 50 ഡിഗ്രിയാണ്. ഇന്ത്യയുടെ ചരിത്രത്തിലെ പ്രധാന ഇടങ്ങളിലൊന്നാണ് നാര്‍നൗല്‍. സ്വാതന്ത്ര്യ ചരിത്രത്തിലെ പല പ്രധാന സംഗതികളും ഇവിടെ നടന്നിട്ടുണ്ട്.
ഖജുരാവോ
കല്ലുകളില്‍ കാമസൂത്ര കൊത്തിവെച്ച ഇടമെന്ന നിലയിലായിരുന്നു ഇവിടം കാലങ്ങളോളം അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ ഈ നഗരം പ്രശസ്തമായിരിക്കുന്നത് ഇവിടുത്തെ ചൂടിന്റെ പേരിലാണ്. മധ്യപ്രദേശിലാണ് ഖജുരാഹോ സ്ഥിതി ചെയ്യുന്നത്. ചൂടു കൂടുന്നതിനനുസരിച്ച് ഇവിടുത്തെ ജീവിതം കൂടുതല്‍ ബുദ്ധിമുട്ടേറിയതായി മാറിയിരിക്കുകയാമ്. 44 മുതല്‍ 46 ഡിഗ്രി വരെയാണ് ഇവിടെ ചൂട് അനുഭവപ്പെടുന്നത്.