സായിപ്പിനെ ഹിന്ദി പഠിപ്പിക്കുന്ന ഉത്തരാഖണ്ഡിലെ നാട്
ഉത്തരാഖണ്ഡില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ഹില്‍ സ്റ്റേഷന്‍! വളരെ കുറഞ്ഞ വാക്കുകളില്‍ ലാന്‍ഡൗറിനെ ഇങ്ങനെ വിശേഷിപ്പിക്കാമെങ്കിലും അതിലൊന്നും ഒതുക്കുവാന്‍ സാധിക്കുന്ന ഒരിടമല്ല ലാന്‍ഡൗര്‍ എന്നതാണ് യാഥാര്‍ഥ്യം. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് കന്റോണ്‍മെന്റായിരുന്ന ഇവിടം നമ്മുടെയൊക്കെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്ന റസ്‌കിന്‍ ബോണ്ടിന്റെ നാട് കൂടിയാണ് എന്നതാണ് ഇവിടുത്തെ ഒരി വിശേഷം. ബേക്കറികള്‍ മുതല്‍ അതിമനോഹരങ്ങളായ ദേവാലയങ്ങള്‍ വരെ കാഴ്ചയില്‍ കയറുന്ന ഇവിടം കാലത്തിന്റെ ഓട്ടത്തില്‍ കുതിക്കുവാന്‍ മറന്ന ഒരു നാടിന്റെ കാഴ്ചകള്‍ക്കു സമമാണ്. വളഞ്ഞു പുളഞ്ഞ റോഡുകളും പര്‍വ്വതങ്ങളിലെ വായുവും പ്രകൃതിയൊരുക്കിയിരിക്കുന്ന കിടിലന്‍ കാഴ്ചകളും ഒക്കെ ഇവിടം എത്രനാള്‍ വേണമെങ്കിലും മനസ്സില്‍ സൂക്ഷിക്കാന്‍ പറ്റുന്ന ഇടമാക്കി മാറ്റുന്നു. അത്ഭുതപ്പെടുത്തുന്ന കഥകളൊളിഞ്ഞിരിക്കുന്ന ഇവിടുത്തെ പൊടിപിടിച്ച ബംഗ്ലാവുകളും ആംഗ്ലിക്കന്‍ ദേവാലയങ്ങളും അമേരിക്കക്കാരെ ഹിന്ദി പഠിപ്പിക്കുന്ന ഇവിടുത്തെ ചില സ്‌കൂളുകളും വലിയ വിസ്മയമായിരിക്കും സഞ്ചാരികള്‍ക്ക് നല്കുക. തണുത്തുറഞ്ഞ രാത്രികള്‍ റസ്‌കിന്‍ ബോണ്ടിന്റെ കഥകളിലെ ചില രംഗങ്ങള്‍ക്ക് ചൂടുപകരാനായി എത്തിയതാണോ എന്നു തോന്നിപ്പിക്കും…
സെന്റ് പോള്‍സ് ചര്‍ച്ച്
ബ്രിട്ടീഷുകാരുടെ കാലത്ത് അതായത് 1839 ല്‍ നിര്‍മ്മിക്കപ്പെട്ട ഇവിടുത്തെ പ്രധാന ദേവാലയമാണ് സെന്റ് പോള്‍സ് ചര്‍ച്ച്. ബ്രിട്ടീഷ് പട്ടാളക്കാര്‍ക്ക് തങ്ങളുടെ കുടുംബത്തോടെന്നപോലെ അടുപ്പമുണ്ടായിരുന്ന ഇടമാണിതെന്നാണ് പറയപ്പെടുന്നത്. അന്നുമുതല്‍ ഇന്നു വരെ ഡെറാഡൂണിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സ്മാരകം കൂടിയാണ് ഈ ദേവാലയം. കാടിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടെ എത്തുന്നവരെ കാത്തിരിക്കുന്നത് ശാന്തമായ പ്രകൃതി കൂടിയാണ്. ഒരേ സമയം 250 പേര്‍ക്ക് വരെ ഇരിക്കാവുന്നത്ര വലുപ്പം ഇതിനുണ്ട്. എന്നാല്‍ ഇവിടെ എല്ലായ്‌പ്പോഴും വളരെ കുറച്ച് ആളുകള്‍ മാത്രമേ കാണുകയുള്ളൂ. പള്ളി ചുറ്റിനടന്ന് കാണുവാനാണെങ്കില്‍ വൈകുന്നേരമാണ് യോജിച്ച സമയം.
കെല്ലോഗ്‌സ് ദേവാലയം
ബ്രീട്ടിഷുകാരുടെ മക്കളെ ഹിന്ദി പഠിപ്പിച്ചിരുന്ന ലാന്‍ഡൗര്‍ ലാംഗ്വേജ് സ്‌കൂളിന് സമീപം സ്ഥിതി ചെയ്യുന്ന ദേവാലയമാണ് കെല്ലോഗ്‌സ് ദേവാലയം. ഗോഥിക് വാസ്തുവിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ദേവാലയത്തിന്റെ കാഴ്ച തന്നെ മനോഹരമാണ്. വെല്‍ഷ് വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഒരുദാഹരണമാണിത്.
ചാര്‍ ദൂകാന്‍ ഏരിയ
ബേക്കറികള്‍ കൊണ്ടും ചെറിയ കഫേകള്‍ കൊണ്ടുംകൂടി അടയാളപ്പെടുത്തിയിരിക്കുന്ന ഇടമാണ് ലാന്‍ഡൗണ്‍. മറ്റിടങ്ങളില്‍ നിന്നു പോലും കഫേകളുടെയും ഭക്ഷണശാലകളുടെയും പേരില്‍ മാത്രം ഇവിടെയെത്തുന്ന സഞ്ചാരികളുണ്ട് എന്നറിയുമ്പോള്‍ മാത്രമാണ് ഇതിന്റെ പ്രാധാന്യം മനസ്സിലാവുക. ഒരിടുങ്ങിയ ലൈനിലെ നാലു ചെറിയ ചായക്കടകളാണ് ചാര്‍ ദൂകാന്‍ ഏരിയ എന്നറിയപ്പെടുന്നത്. എപ്പോഴാണ് ഇത് തുടങ്ങിയത് എന്നതിനെക്കുറിച്ച് ഇവിടെയുള്ളവര്‍ക്കു പോലും അറിയില്ല. രാവിലെ തന്നെ ബഞ്ചുകള്‍ നിറയുന്ന ഇവിടെ പാന്‍കേക്ക്, വേഫിള്‍സ്, ബണ്‍ മസ്‌കാ തുടങ്ങിയവയാണ് ഇവിടുത്തെ വിഭവങ്ങള്‍. വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ മാത്രമാണ് ഇവിടെ വിളമ്പുന്നത്.
സിസ്റ്റേഴ്‌സ് ബസാര്‍
20-ാം നൂറ്റാണ്ടിലാണ് ഇവിടെ ബ്രിട്ടീഷ് മിലിട്ടറി ഹോസ്പിറ്റല്‍ സ്ഥാപിക്കപ്പെടുന്നത്. അതിനു ശേഷം ഇവിടുത്തെ നഴ്‌സുമാരുടെ ക്വാര്‍ട്ടേഴ്‌സിനു ചുറ്റുമായി ഒരു ചെറിയ മാര്‍ക്കറ്റ് രൂപപ്പെട്ടു വന്നു. അങ്ങനെയാണ് ഇവിടുത്തെ സിസ്റ്റേഴ്‌സ് മാര്‍ക്കറ്റിന്റെ ആരംഭം. ടിബറ്റന്‍ ജ്വല്ലറി, പോസ്റ്റ് കാര്‍ഡുകള്‍, ആഭരണങ്ങള്‍ തുടങ്ങിയവയ്ക്കാണ് ഇത് പേരു കേട്ടിരിക്കുന്നത്. ഇതിനു തൊട്ടടുത്തായുള്ള 1920 ല്‍ തുടങ്ങിയ പ്രകാശ് സ്റ്റോര്‍ ജാമിനും മര്‍മലേഡിനും പ്രസിദ്ധമാണ്
സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം
വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കുവാന്‍ പറ്റിയ നാടാണ് ലാന്‍ഡൗര്‍. എങ്കിലും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയമാണ് ഇവിടെ പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുന്നത്. വേരുകളെ മെരുക്കിയെടുത്ത ജീവമുള്ള പാലങ്ങള്‍
എത്തിച്ചേരാന്‍
ഉത്തരാഖണ്ഡിലെ മസൂറിയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് ലാന്‍ഡൗര്‍. മസൂറിയില്‍ നിന്നും 5 കിലോമീറ്ററും ഡെറാഡൂണില്‍ നിന്നും 37 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. പ്രധാന നഗരങ്ങളോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ ഇവിടെ എത്തിച്ചേരുക എളുപ്പമാണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം ചണ്ഡിഗഡിലാണ് സ്ഥിതി ചെയ്യുന്നത്. ഡെറാഡൂണ്‍ ISBT ബസുകള്‍ ലാന്‍ഡൗറിലേക്ക് ലഭിക്കും. റെയില്‍വേ സ്റ്റേഷന്‍ ഡെറാഡൂണിലാണുള്ളത്.