അണയാത്ത തീ ജ്വാലയുമായി ജ്വാലാജി ക്ഷേത്രം

കഴിഞ്ഞ 100 ല്‍ അധികം വര്‍ഷങ്ങളായി ഒരിക്കല്‍ പോലും അണയാതെ ജ്വലിച്ചു കൊണ്ടിരിക്കുന്ന അഗ്‌നിയെക്കുറിച്ചും അവിടുത്തെ ക്ഷേത്രത്തെക്കുറിച്ചും കേട്ടിട്ടുണ്ടോ? വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ കാംഗ്രയിലെ ജ്വാലാ ജീ ക്ഷേത്രം കഥകളും പുരാണങ്ങളും ഏറെയുള്ള ക്ഷേത്രമാണ്. സതീ ദേവിയുടെ നാവ് വന്നു പതിച്ചു എന്നു വിശ്വസിക്കപ്പെടുന്ന മാ ജ്വാലാജീ ക്ഷേത്ര വിശേഷങ്ങളിലേക്ക്.


മാ ജ്വാലാജീ ക്ഷേത്രം

ഹിമാചല്‍ പ്രദേശിസെ കാംഗ്ര എന്ന സ്ഥലത്താണ് പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ മാ ജ്വാലാജീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ജ്വാലാമുഖി ടൗണിലാണ് ക്ഷേത്രമുള്ളത്.

ജ്വാലാ ജീ ക്ഷേത്രങ്ങളില്‍ പ്രധാനം

വടക്കേ ഇന്ത്യയില്‍ ധാരാളമായി കാണപ്പെടുന്ന ജ്വാലാ ജീ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം കാംഗ്രയിലേതാണെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഒട്ടേറെയിടങ്ങളില്‍ നിന്നും ഇവിടെ വിശ്വാസികള്‍ എത്തുന്നു.

നാവു പതിച്ച ക്ഷേത്രം

ജ്വാലാ ജീ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് പിന്നില്‍ പുരാണങ്ങളോളം പഴക്കമുള്ള ഒരു കഥയുണ്ട്. തന്റെ പിതാവായ ദക്ഷന്റെ പരിപൂര്‍ണ്ണ സമ്മതമില്ലാതെയായിരുന്നുവല്ലോ സതീദേവി ശിവനെ വിവാഹം ചെയ്തത്. അതിന്റെ അസ്വാരസ്യങ്ങള്‍ പിതാവിനും പുത്രിയ്ക്കുമിടയില്‍ ഉണ്ടായിരുന്നു. അങ്ങനെ ഒരിക്കല്‍ ശിവനോടുള്ള പ്രതികാരമായി ദക്ഷന്‍ ഒരു യാഗം നടത്തുവാന്‍ തീരുമാനിക്കുകയും അതില്‍ സതീ ദേവിയെയും ശിവനെയും ഒഴികെയുള്ള എല്ലാ ദേവിദേവന്‍മാരെയും ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ വിളിക്കപ്പെട്ടില്ലെങ്കിലും ശിവന്റെ വാക്കുകള്‍ അവഗണിച്ച് സതി ദേവി യാഗത്തില്‍ പങ്കെടുക്കുവാന്‍ പുറപ്പെട്ടു. തന്ന അച്ഛന്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയില്‍ പോയ സതീ ദേവിയെ ദക്ഷന്‍ സ്വീകരിച്ചില്ല എന്നു മാത്രമല്ല അപമാനിക്കുകയും ചെയ്തു. ഇതു താങ്ങുവാന്‍ വയ്യാതെ ദേവി യാഗഗ്‌നിയില്‍ ചാടി ജീവനൊടുക്കി. ഇതറിഞ്ഞെത്തിയ ശിവന്‍ സതീ ദേവിയുടെ കത്തിക്കരിഞ്ഞ ശരീരമെടുത്ത് ലോകം മുഴുവനും നടന്നു. ഒടുവില്‍ അതില്‍ നിന്നും ശിവനെ മോചിപ്പിക്കുവാന്‍ മഹാവിഷ്ണു ഒടുവില്‍ തന്റെ സുദര്‍ശന ചക്രം ഉപയോഗിച്ച് ദേവിയുടെ ശരീരം കഷ്ണങ്ങളായി ചിതറിച്ചു. ഇതില്‍ ദേവിയൂടെ നാവ് വീണ സ്ഥലമാണ് കാമാഖ്യ ക്ഷേത്രം എന്നാണ് വിശ്വാസം.


മലമുകളിലെ തീ ജ്വാല

ഈ ക്ഷേത്രത്തിന്റെ ഉല്പത്തിയുമായി ബന്ധപ്പെട്ട് മറ്റൊരു കഥ കൂടിയുണ്ട്. ഒരിക്കല്‍ ഇവിടെയുണ്ടായിരുന്ന ഒരു പശുക്കളെ വളര്‍ത്തിയിരുന്ന ഒരാളുടെ ഒരു പശുവിൃന് മാത്രം ഒരിക്കലും പാലില്ലായിരുന്നു. ഇതിന്റെ കാരണം കുറേ തിരക്കിയെങ്കിലും പ്രത്യേകിച്ച് ഒരു വിശേഷവുമുണ്ടായില്ല. ഒരിക്കല്‍ ഈ പശുവിനെ പിന്തുടര്‍ന്ന പോയ ഉടമസ്ഥന്‍ അത്ഭുതകരമായ ഒരു കാഴ്ച കണ്ടു. ഒരു പെണ്‍കുട്ടി വന്ന് പശുവിന്റെ പാല്‍ കുടിച്ച് കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ അപ്രത്യക്ഷയാവുന്നു. ഇതിന്റെ പരാതി ബോധിപ്പിക്കാനായി രാജാവിനെ ചെന്നു കണ്ടു. രാജാവിന്റെ സഹായത്തോടെ അന്വേഷിച്ചെങ്കിലും ഒരുത്തരം ലഭിച്ചില്ല. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഇതേയാള്‍ തന്നെ രാജാവിനെ മലമുകളില്‍ അഗ്‌നി എരിഞ്ഞുകൊണ്ടിരിക്കുന്ന കാര്യം അറിയിക്കുകയുണ്ടായി. ഇതറിഞ്ഞ ഉടനെ അവിടേക്ക് പുറപ്പെട്ട രാജാവിന് അത് കാണാനായി എന്നാണ് വിശ്വാസം. അന്ന് കണ്ട ആ അഗിനിയുടെ ബാക്കിയാണ് ഇവിടെ ഇന്നും എരിയുന്നതത്രെ.

അണയാത്ത തീ ജ്വാല

ജ്വാലാ ജി ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത പതിറ്റാണ്ടുകളായി അണയാതെ എരിയുന്ന തീയാണ്. ഈ ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലിനടുത്തായുള്ള കല്ലിനുള്ളിലാണ് ഈ തീ എരിഞ്ഞുകൊണ്ടിരിക്കുന്നത്. വെള്ളവുമായി സമ്പര്‍ക്കത്തില്‍ വന്നാലും തീ അണയില്ലെന്നാണ് വിശ്വാസികള്‍ പറയുന്നത്. പ്രകൃതി വാതകമായ മീഥേയ്ന്‍ പോലുള്ളവയുടെ സാന്നിധ്യമാണ് ഇതിനു കാരണമെന്നാണ് ശാസ്ത്ര വിശദീകരണം.

9 നാളങ്ങള്‍

പിന്നീട് ഈ ക്ഷേത്രത്തില്‍ രാജാ ബൂമീചന്ദ്ക് കച്ചോചിന്റെ നേതൃത്വത്തില്‍ പുനര്‍നിര്‍മ്മാണങ്ങള്‍ നടത്തി. ദുര്‍ഗ്ഗാ ദേവിയുടെ 9 രൂപങ്ങളെ പ്രതിനിധാനം ചെയ്യുന്ന 9 അഅഗ്‌നി നാളങ്ങള്‍ ഇവിടെ കാണാം. മഹാകാളി, അന്നപൂര്‍ണ്ണ. ചാന്ദി, ഹിംഗ്ലജ്, വിന്ധ്യാ വാസിനി, മഹാലക്ഷ്മി, അംബിക, അന്‍ജി ദേവി എന്നിവരാണ് ഒന്‍പത് ഭാവങ്ങള്‍. ഇവിടെയുള്ളവരുടെ വിശ്വാസമനുസരിച്ച് ഈ തീ നാളത്തില്‍ ജ്വാലാ ദേവി വസിക്കുന്നു എന്നാണ്.

അക്ബര്‍ പോലും പരാജയപ്പെട്ട ഇടം

അക്ബര്‍ ചക്രവര്‍ത്തിയെ പോലും തോല്‍പ്പിച്ച ജ്വാലാ ദേവിയാണ് ഇവിടെയുള്ളത്. മുഗള്‍ ഭരണ കാലത്ത് ഇവിടെ എത്തിയ അക്ബര്‍ ചക്രവര്‍ത്തി പലതവണ ഈ തീ അണയ്ക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ തവണയും പൂര്‍വ്വാധികം ശക്തിയോടെ തീ കത്തുകയായിരിന്നു. ഒടുവില്‍ ഇതിന്റെ മഹത്വം തിരിച്ചറിഞ്ഞ അദ്ദേഹം പ്രാശ്ചിത്തം പോലെ അഗ്‌നി എരിയുന്നതിനു മുകളില്‍ വയ്ക്കുവാനായി സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഒരു ഛത്രി അഥവാ കുട നിര്‍മ്മിച്ചു നല്കി. എന്നാല്‍ അത് അവിടെ സ്ഥാപിക്കപ്പെട്ടപ്പോള്‍ തന്നെ സ്വര്‍ണ്ണം മാറി മറ്റേതോ ലോഹമായി തീര്‍ന്നുവത്രെ. രാജാവിന്റെ കാഴ്ച രാജ്ഞി സ്വീകരിച്ചില്ല എന്നതിന്റെ അടയാളമായിരുന്നുവത്രെ അത്.

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

വര്‍ഷത്തില്‍ എപ്പോള്‍ വെണമെങ്കിലും സന്ദര്‍ശിക്കാമെങ്കിലും ഉത്സവങ്ങളുടെ സമയത്ത് സന്ദര്‍ശിക്കുന്നതാവും ഉചിതം. നവരാത്രിയാണ് ഇവിടുത്തെ പ്രധാന ആഘോഷം.മാര്‍ച്ച്- ഏപ്രില്‍ മാസവും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസവുമാണ് ഇവിടെ സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.

എത്തിച്ചേരുവാന്‍

ഹിമാചല്‍ പ്രദേശിലെ കാഗ്രയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാന ടൗണായ ധര്‍മ്മശാല ഇവിടെ നിന്നും 55 കിലോമീറ്റര്‍ അകലെയാണുള്ളത്. അടുത്തുള്ള മറ്റൊരു ടൗണ്‍ കാംഗ്രയിലാണ്. കാംഗ്രയില്‍ നിന്നും32 കിലോമീറ്റര്‍ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്.