ടൈംസ് സ്‌ക്വയറില്‍ ഇടം പിടിച്ച് കേരളത്തിന്റെ ഹ്യൂമന്‍ ബൈ നേച്ചര്‍
ന്യൂയോര്‍ക്ക് നഗരത്തിലെ ടൈംസ് സ്‌ക്വയറിലും കേരളത്തിന്റെ ‘ഹ്യൂമന്‍ ബൈ നേച്ചര്‍’ എന്ന പരസ്യക്യാമ്പയിന്‍ ഇടംപിടിച്ചു. സംസ്ഥാന ടൂറിസം വകുപ്പാണ് ആഗോളാടിടിസ്ഥാനത്തിലുള്ള ക്യാമ്പയിന് തുടക്കം കുറിച്ചത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം അടിവരയിട്ട് പറഞ്ഞ് ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്താന്‍ തക്കശേഷിയുള്ള മനോഹരമായ ദൃശ്യാവിഷ്‌കാരമാണ് ‘ഹ്യൂമന്‍ ബൈ നേച്ചര്‍’.
ദിവസേന ധാരാളം പേര്‍ ഒരുമിച്ചുകൂടുന്ന ടൈംസ് സ്‌ക്വയര്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളില്‍ ഒന്നാണ്. അവിടെയുള്ള കേരളത്തിന്റെ പരസ്യം പ്രതിദിനം 1.5 ദശലക്ഷം ആളുകള്‍ കാണുമെന്നാണ് കരുതുന്നത്.
2019 ഫിബ്രവരിയിലാണ് ഡെല്‍ഹിയില്‍വെച്ച് ‘ഹ്യൂമന്‍ ബൈ നേച്ചര്‍’ ക്യാമ്പയിന് തുടക്കം കുറിച്ചത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം അടിവരയിട്ട് പറയുന്ന 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം സ്റ്റാര്‍ക് കമ്മ്യൂണിക്കേഷന്‍ ആണ് നിര്‍മ്മിച്ചത്. തനിമയും വൈവിധ്യവും ഒരേപോലെ ഇഴചേര്‍ത്ത് തയ്യാറാക്കിയ ചിത്രത്തില്‍ കേരളത്തിന്റെ പ്രധാന ഭൂപ്രദേശങ്ങളെല്ലാം ഇടംപിടിച്ചിട്ടുണ്ട്. കേരളത്തനിമയുടെ പരിഛേദം തന്നെയാണ് ഓരോ ഫ്രെയിമുകളും.
കനേഡിയന്‍ സ്വദേശിയായ ജോയ് ലോറന്‍സാണ് മനോഹരമായ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. തനിമയും വൈവിധ്യവും ഒരേപോലെ ഇഴചേര്‍ത്ത് തയ്യാറാക്കിയ ചിത്രങ്ങളുടെ പ്രധാനപ്രത്യേകത അവയിലൂടെ സംവേദിക്കപ്പെടുന്ന മഹത്തായ സംസ്‌കാരം തന്നെയെന്ന് ജോയ് അദ്ദേഹത്തിന്റെ ബ്ലോഗില്‍ എഴുതിയിരുന്നു. കേരളത്തിന്റെ മനോഹാരിതയില്‍ വിദേശികളെയും സ്വദേശികളെയും ഒന്നിച്ചുചേര്‍ത്ത് പകര്‍ത്തപ്പെട്ട ‘ഹ്യൂമന്‍ ബൈ നേച്ചര്‍’ എന്തുകൊണ്ടാണ് കേരളത്തെ ‘ഗോഡ്‌സ് ഓണ്‍ ഓണ്‍ കണ്‍ട്രി’ എന്നു വിളിക്കുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണ്.