നിറക്കൂട്ടിലലിഞ്ഞ കിളിമാനൂര്‍ കൊട്ടാരം
നിറക്കൂട്ടുകള്‍ കൊണ്ട് ലോകത്തിന്റെ ശ്രദ്ധയിലെത്തിയ ഒരു കൊട്ടാരം…പഴമയെയും പുതുമയെയും ഒരുപോലെ സ്വീകരിച്ചിരുത്തുന്ന കിളിമാനൂര്‍ കൊട്ടാരത്തെക്കുറിച്ച് കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല. രാജാക്കന്മാര്‍ക്കിടയിലെ ചിക്രകാരനും ചിത്രകാരന്മാര്‍ക്കിടയിലെ രാജാവെന്നും അറിയപ്പെടുന്ന രാജാരവിവര്‍മ്മയുടെ ജന്മഗൃഹവും പണിപ്പുരയുമൊക്കെ ആയിരുന്ന കിളിമാനൂര്‍ കൊട്ടാരം മുഖം മിനുക്കി കാത്തിരിക്കുകയാണ്. ചരിത്രവഴികള്‍ തേടിയെത്തുന്ന സഞ്ചാരികളുടെ ഇഷ്ടയിടമായ കിളിമാനൂര്‍ കൊട്ടാരത്തിന്റെ വിശേഷങ്ങളിലേക്ക്.
കിളിമാനൂര്‍ കൊട്ടാരം
നാനൂറിലധികം വര്‍ഷത്തെ പഴക്കമുള്ള കിളിമാനൂര്‍ കൊട്ടാരത്തെ പ്രശസ്തമാക്കുന്നത് രാജാ രവിവര്‍മ്മയാണ്. ചിത്രകലാ കുലപതിയായിരുന്ന രാജാ രവി വര്‍മ്മയുടെ പ്രശസ്ത ചിത്രങ്ങള്‍ പിറവിയെടുത്ത ഈ മണ്ണ് ചിത്രകലയുടെ മാത്രമല്ല, തിരുവിതാംകൂറിന്റെ ചരിത്രം തേടിയെത്തുന്നവരുടെ കൂടിയും പ്രിയ സങ്കേതമായി മാറിയിട്ടുണ്ട്.
കൊട്ടാരത്തിന്റെ കഥ
നാനൂറിലധികം വര്‍ഷത്തെ പഴക്കമുള്ള ഈ കൊട്ടാരത്തിന്റെ കഥ മാര്‍ത്താണ്ഡ വര്‍മ്മയുമായി ബന്ധപ്പെട്ടതാണ്. 1739 ല്‍ കൊട്ടാരക്കര രാജാവിനു വേണ്ടി ഡച്ച് പീരങ്കിപ്പണ വേണാച് ആക്രമിക്കുകയുണ്ടാ.ി എന്നാല്‍ ഡച്ചുകാരെ കിളിമാനൂര്‍ വലിയ തമ്പുരാന്റെ നേതൃത്വത്തിലുള്ള കിളിമാനൂര്‍ സൈന്യം പരാജയപ്പെടുത്തി. എന്നാല്‍ വലി തമ്പുരാന്‍ വീരചരമമടഞ്ഞു. വിജയം അംഗീകരിച്ച മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് 1753ല്‍ കിളിമാനൂര്‍ പ്രദേശം കരമൊഴിവായി സ്വയംഭരണം അവകാശം വിട്ടു കൊടുക്കുകയും പിന്നീട് ഇപ്പോള്‍ കാണുന്ന കൊട്ടാരം പണിയിപ്പിക്കുകയും ചെയ്തു എന്നാണ് ചരിത്രം.
15 ഏക്കറിലെ കൊട്ടാരം
15 ഏക്കറില്‍ പരന്നു കിടക്കുന്ന ഒരു നിര്‍മ്മിതിയാണ് ഇന്നത്തെ കിളിമാനൂര്‍ കൊട്ടാരം. കൊട്ടാരം, ചെറുതും വലുതുമായ മന്ദിരങ്ങള്‍, കുളങ്ങള്‍, നടപ്പാതകള്‍, കിണറുകള്‍, പഴയ കെട്ടിടങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. രാജാ രവി വര്‍മ്മയുടെ ചിത്ര ശാലയും പുത്തന്‍ മാളികയും ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളായി ഇവിടെ സംരക്ഷിക്കപ്പെടുന്നു.
പുത്തന്‍ മാളികയും ചിത്ര ശാലയും
രവിവര്‍മ്മ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രശാലയും 110 വര്‍ഷം പഴക്കമുള്ള പുത്തന്‍ മാളികയുമാണ് ഇവിടെ എത്തുന്നവരെ ആകര്‍ഷിക്കുന്ന പ്രധാന കാര്യങ്ങള്‍. അദ്ദേഹം വരച്ച 75 ഓളം ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ മരണശേഷം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അവ ഇവിടെയില്ല.
ചിത്രം കാണമെങ്കില്‍ ഗാലറിയില്‍ പോകാം
ശ്രീ രാജാരവി വര്‍മ്മയുടെ മരണശേഷം അദ്ദേഹത്തിന്റെ എഴുപത്തിയഞ്ചോളം ചിത്രങ്ങള്‍ പുത്തന്‍ മാളികയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 1940-ല്‍ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ അഭ്യര്‍ത്ഥനപ്രകാരം കുറച്ച് ചിത്രങ്ങള്‍ തിരുവനന്തപുരത്തെ ശ്രീചിത്ര ആര്‍ട്ട് ഗാലറിയിലേക്ക് കൊണ്ടു പോയിരുന്നു. ബാക്കിയുള്ളവ കോഴിക്കോട് കൃഷ്ണമേനോന്‍ ആര്‍ട്ട് ഗാലറിയിലേക്ക് പിന്നീട് മാറ്റി. അതുകൊണ്ട് അദ്ദേഹം വരച്ച യഥാര്‍ഥ ചിത്രങ്ങള്‍ കാണണമെന്നുണ്ടങ്കില്‍ ഇവിടെ വന്നിട്ട് കാര്യമില്ല.
കൊട്ടാരം ഇപ്പോള്‍
രാജകുടുംബത്തിലെ താവഴിയിലെ അഞ്ച് കുടുംബങ്ങളാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്. കൊട്ടാരത്തിലെ ഉത്സവത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുടുംബാംഗങ്ങള്‍ ഇവിടെ എത്തും. കുംഭമാസത്തിലെ മകയിരത്തില്‍ കൊടിയേറി ഉത്രത്തിന് ആറാട്ട് നടക്കുന്ന രീതിയിലാണ് ഇവിടുത്തെ ഉത്സവം. രാജഭരണ കാലത്ത് നടന്നിരുന്ന അതേ ചടങ്ങുകള്‍ തന്നെയാണ് ഇന്നും നടത്തുന്നത്.
സന്ദര്‍ശന സമയം
വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ഇവിടം സന്ദര്‍ശിക്കാം. എല്ലാ ദിവസവും രാവിലെ 11.30 മുതല്‍ വൈകിട്ട് 5.00 വരെയാണ് പ്രവേശന സമയം.
എത്തിച്ചേരുവാന്‍
തിരുവനന്തപുരത്തു നിന്നു 39 കിലോമീറ്റര്‍ അകലെ കിളിമാനൂരിലാണ് കിളിമാനൂര്‍ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കിളിമാനൂര്‍ ജംങ്ഷനില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ ചൂട്ടയില്‍ കവലയില്‍ നിന്നും തിരിഞ്ഞാണ് കൊട്ടാര്തതിലേക്ക് പോകേണ്ടത്. കവലയില്‍ നിന്നും അരകിലോമീറ്ററാണ് കൊട്ടാരത്തിലേക്കുള്ള ദൂരം. ആലങ്കോട് നിന്നും ഏഴ് കിലോമീറ്ററാണ് ചൂട്ടയിലേക്കുള്ള ദൂരം