Destinations

കടല്‍ കടന്നും സഞ്ചാരികളെത്തുന്ന ഭാരതത്തിന്റെ വിശേഷങ്ങള്‍

നാനാത്വത്തില്‍ ഏകത്വം സൂക്ഷിക്കുന്ന നമ്മുടെ നാടിനെ കാണാന്‍ ലോകം ഇവിടെ എത്താറുണ്ട്. ഇങ്ങ് കന്യാകുമാരി മുതല്‍ അങ്ങ് ജമ്മു കാശ്മീര്‍ വരെ കണ്ടറിയുവാനായി വിദേശികളടക്കം ഇവിടെ എത്തും. കടല്‍ കടന്ന് ഈ നാടിനെ കാണാനെത്തുന്നവര്‍ ഏറ്റവും അധികം ആഘോഷിക്കുന്ന ഇടങ്ങള്‍ ഏതൊക്കെയാണ് എന്നു ചിന്തിച്ചിട്ടുണ്ടോ? ഇതാ ഇന്ത്യയില്‍ ഏറ്റവും അധികം സഞ്ചാരികളെത്തുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം…

ഡെല്‍ഹി

ഇന്ത്യയുടെ ചരിത്രവും ഭാവിയും തീരുമാനിക്കുന്ന, സ്മരണകളുറങ്ങുന്ന ഇടമെന്ന നിലയില്‍ മിക്കവരും കാല്‍കുത്തുന്ന ഇടമാണ് ഡെല്‍ഹി. അപൂര്‍വ്വങ്ങളായ കാഴ്ചകളും അനുഭവങ്ങളും ഒക്കെയായി എത്ര കണ്ടാലും തീരാത്ത ഒരിടമായാണ് ഡെല്‍ഹിയെ സഞ്ചാരികള്‍ അടയാളപ്പെടുത്തിയരിക്കുന്നത്. ഇന്ത്യാ ഗേറ്റ്, ലോട്ടസ് ടെപിള്‍, ജമാ മസ്ജിദ്, കുത്തബ് മിനാര്‍, റെഡ് ഫോര്‍ട്ട്, ചാന്ദിനി ചൗക്ക്, അക്ഷര്‍ധാം ക്ഷേത്രം, ജന്ഝര്‍ മന്ദിര്‍ തുടങ്ങിയവയാണ് ഇവിടെ കണ്ടിരിക്കേണ്ട ഇടങ്ങള്‍.

ആഗ്ര

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ പ്രണയ സ്മാരകത്തിന്റെ നാട് എന്നാണ് ആഗ്ര അറിയപ്പെടുന്നത്. ഷാജഹാന്റെ താജ്മഹല്‍ കണ്ട് യഥാര്‍ഥ പ്രണയത്തെക്കുറിച്ച് കേട്ടറിയുവാന്‍ ഇവിടെ എത്തുന്നവര്‍ ഒരുപാടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവുമധികം സന്ദര്‍ശകരെത്തുന്ന ഇടങ്ങളിലൊന്നു കൂടിയാണ് നമ്മുടെ താജ്മഹല്‍. സപ്താത്ഭുതങ്ങളിലൊന്നായി അറിയപ്പെടുന്ന ഇത് ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതു തന്നെയാണ്. താജ് മഹല്‍ കൂടാതെ ആഗ്രാ ഫോര്‍ട്ട്, ഫത്തേപൂര്‍ സിക്രി, അക്ബറിന്റെ ശവകുടീരം, ആഗ്രാ മ്യൂസിയം തുടങ്ങി ചരിത്രത്തിന്റെ ഭാഗമായ ഒരുപാട് കാഴ്ചകളുണ്ട്.

ജയ്പൂരും ഉദയ്പൂരും

ഇന്ത്യയിലെ വ്യത്യസ്തമായ കാഴ്ചകള്‍ തേടിയെത്തുന്നവര്‍ കണ്ടെത്തുന്ന ഇടങ്ങളാണ് ജയ്പൂരും ഉദയ്പൂരും. രാജസ്ഥാന്റെ ചിത്രങ്ങളും സംസ്‌കാരങ്ങളും ഭദ്രമാക്കിയ ഈ നാട് കണ്ടതിലും പകര്‍ത്തിയതിലും ഏറെ നേരിട്ട് കാണുവാനുണ്ട്. കാണുവാന്‍ ഒട്ടേറെ നഗരങ്ങള്‍ രാജസ്ഥാനിലുണ്ടെങ്കിലും സഞ്ചാരികളുടെ മനസ്സില്‍ ആദ്യം ഇടം നേടുന്നവയാണ് ഉദയ്പൂരും ജയ്പ്പൂകും. സിറ്റി പാലസ്, ലേക്ക് പാലസ് ഓഫ് ഉദയ്പൂര്‍ എന്നിവ ഉദയ്പൂരില്‍ എന്തു സംഭവിച്ചാലും ഒഴിവാക്കുവാന്‍ പാടില്ലാത്ത ഉടങ്ങളാണ്. ജല്‍ മഹല്‍, ഹവാ മഹല്‍, നവ്ഗഡ് കോട്ട, സിറ്റി പാലസ്, ജന്ധര്‍ മന്ദിര്‍, ഗല്‍ജാ ജീ ക്ഷേത്രം തുടങ്ങിയവയാണ് ജയ്പൂരില്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍. സിറ്റി പാലസ്, ലേക്ക് പിച്ചോള, ഫത്തേസാഗര്‍ ലേക്ക്, വിന്റേജ് കാര്‍ മ്യൂസിയം, ജഗദീഷ് ടെംപിള്‍ തുടങ്ങിയ ഇടങ്ങളാണ് ഉദയ്പൂരില്‍ കാണേണ്ടത്.

കാശ്മീര്‍

ഇന്ത്യയിലെ എന്നല്ല, ഭൂമിയിലെ സ്വര്‍ഗ്ഗം എന്നറിയപ്പെടുന്ന സ്ഥലമാണ് കാശ്മീര്‍. അതുകൊണ്ടു തന്നെ വിദേശ രാജ്യങ്ങളില്‍ നിന്നും നാടു കാണാനെത്തുവര്‍ ലിസ്റ്റില്‍ കാശ്മീര്‍ ഒഴിവാക്കാറില്ല. മഞ്ഞു പൊതിഞ്ഞ പര്‍വ്വതങ്ങളു പുല്‍മേടുകളും ഇവിടുത്തെ കാഴ്ചയാണ്. പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ക്കും, സാഹസിക വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്ഥലമാണിത്.

ആലപ്പുഴ

ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളം സന്ദര്‍ശിക്കാതെ വിദേശ സഞ്ചാരികള്‍ പോയ ചരിത്രമില്ല. പച്ചപ്പും നാടന്‍ രുചികളും കടല്‍ത്തീരവും കായലും കെട്ടുവള്ളവും ഒക്കെയാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കോവളം കടല്‍ത്തീരവും കുട്ടനായും ആലപ്പുഴയും തേക്കടിയും മൂന്നാറും ഒക്കെ ഇവിടെ എത്തുന്ന സഞ്ചാരികള്‍ കാണുവാനായി തിരഞ്ഞെടുക്കുന്നു.

കന്യാകുമാരി

മൂന്നു കടലുകളുടെ സംഗമ സ്ഥാനമായ കന്യാകുമാരിയും സഞ്ചാരികളുടെ പ്രിയ ഇടമാണ്. ചക്രവാളവും സൂര്യാസ്തമയവുമാണ് ഇവിടെ സഞ്ചാരികളുടെ പ്രിയ കാഴ്ചകളാവുന്നത്. വിവേകാനന്ദ റോക്ക്, തിരുവുള്ളവര്‍ പ്രതിമ, ഭഗവതി അമ്മന്‍ ക്ഷേത്രം, കന്യാകുമാരി ബീച്ച് തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകള്‍.

ഡാര്‍ജലിങ്

ബ്രിട്ടീഷുകാരുടെ കാലത്ത് ഇന്ത്യയിലുണ്ടായിരുന്ന ഏക ഹില്‍സ്റ്റേഷനുകളില്‍ ഒന്നായ ഡാര്‍ജലിങ് ഇന്ന് ബ്രിട്ടീഷുകാരുടെ മാത്രമല്ല ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ ഇഷ്ടയിടമാണ്. പശ്ചിബംഗാളിന്റെ സൗന്ദര്യം മുഴുവനായും ആവാഹിച്ച് നില്‍ക്കുന്ന ഈ കുന്നിന്‍ പ്രദേശം എത്ര കണ്ടാലും മടുപ്പിക്കാതെ, പിടിച്ചു വലിക്കുന്ന സൗന്ദര്യമുള്ള ഇവിടം തേയിലത്തോട്ടങ്ങള്‍ക്കും ആകാശത്തെ തൊട്ടു നില്‍ക്കുന്ന പര്‍വ്വത നിരകള്‍ക്കും ഒക്കെയാണ് പ്രശസ്തമായിരിക്കുന്നത്. കുന്നുകളുടെ റാണി എന്നറിയപ്പെടുന്ന ഇവിടെ ടൈഗര്‍ ഹില്‍സ്, ബട്ടാസിയ ലൂപ്പ്, ടേയ് ട്രെയിന്‍, ജാപ്പനീസ് പീസ് പഗോഡ, റോക്ക് ഗാര്‍ഡന്‍, ഹാപ്പി വാലി തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ കാണുനുള്ളത്.

മൈസൂര്‍

കൊട്ടാരങ്ങളുടെ നാട് എന്നറിയപ്പെടുന്ന മൈസൂര്‍ സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്ന മറ്റൊരു പ്രധാന ഇടമാണ്. കാഴ്ചക്കാരുടെ മനസ്സിനെ വിട്ടൊഴിയാന്‍ കൂട്ടാക്കാത്ത മനോഹരമായ പൂന്തോട്ടങ്ങളും വര്‍ണവൈവിദ്ധ്യത്തിനും ആഡംബരത്തിനും പേരുകേട്ട കൊട്ടാരങ്ങളും മൈസൂരിനെ ടൂറിസ്റ്റുകളുടെ പ്രിയ കേന്ദ്രമാക്കുന്നു. ചരിത്രപരവും കലാപരവും ഭൂമിശാസ്ത്രപരവുമായ ഒട്ടനവധി പ്രത്യേകതകളുണ്ട് കൊട്ടാര നഗരമെന്നുകൂടി വിളിപ്പേരുള്ള ഈ ഉദ്യാനത്തിന്. വൃന്ദാവന്‍ ഗാര്‍ഡനും സെന്റ് ഫിലോമിനാസ് ചര്‍ച്ചും മൈസൂര്‍ സൂം ഒക്കെ ഇവിടെ കണ്ടിരിക്കേണ്ടവ തന്നെയാണ്.