Destinations

ജൂണില്‍ പോകാം ഈ ഇടങ്ങളിലേക്ക്

സ്‌കൂള്‍ തുറക്കുന്ന സമയത്ത് കൃത്യമായി പെയ്യാനെത്തുന്ന മഴയുമായി ജൂണ്‍ എത്താനായി. മഴയുടെ അടയാളങ്ങള്‍ അങ്ങിങ്ങായി മാത്രമേയുള്ളുവെങ്കിലും പ്രകൃതി ഒരുങ്ങി തന്നെയാണ്. എന്നാല്‍ അങ്ങനെ പറഞ്ഞ് മടി പിടിച്ചിരിക്കാന്‍ പറ്റില്ലല്ലോ… മഴയുടെ അകമ്പടിയില്‍ കണ്ടിരിക്കേണ്ട ഇടങ്ങളൊക്കെ ഉഷാറായി തുടങ്ങി. ഇതാ ഈ വരുന്ന ജൂണ്‍ മാസത്തില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട പ്രധാനപ്പെട്ട ഇടങ്ങള്‍ പരിചയപ്പെടാം…

അഷ്ടമുടി കായല്‍

കേരളത്തിലെ കായലുകളിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന അഷ്ടമുടി മഴക്കാല യാത്രകളുടെ തുടക്കത്തില്‍ പോകാന്‍ പറ്റിയ ഇടമാണ്. എട്ട് ശാഖകളായി പടര്‍ന്ന് കിടക്കുന്ന അഷ്ടമുടിയുടെ കരയിലാണ് കൊല്ലം സ്ഥിതി ചെയ്യുന്നത്. അഷ്ടമുടികായലിലൂടെ ഇവിടുത്തെ ഗ്രാമങ്ങളുടെ കാഴ്ച കണ്ടുള്ള യാത്രയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. സുന്ദരമായ കാനാലുകള്‍, ഗ്രാമങ്ങള്‍, ചീനവല, എന്നിവയൊക്കെ ഈ യാത്രയില്‍ സഞ്ചാരികള്‍ക്ക് കാണാം. അഷ്ടമുടികായലിലെ സുന്ദരമായ ഒരു ദ്വീപാണ് തെക്കുംഭാഗം ദ്വീപ്. പ്രകൃതി സൗന്ദര്യവും ഗ്രാമീണ ഭംഗിയും തേടി സഞ്ചാരികള്‍ ഇവിടെ എത്തിച്ചേരാറുണ്ട്.

ധര്‍മ്മശാല

വീണ്ടും ധര്‍മ്മശാലയുടെ സമയം വന്നെത്തിയിരിക്കുകയാണ്. സാഹസികരും ഫ്രീക്കന്മാരും സംസ്‌കാരങ്ങളുടെ ഉള്ളറകള്‍ തേടിയ യാത്ര ചെയ്യുന്നവരും സാസണായതോടെ ധര്‍മ്മശാലയിലേക്ക് എത്തുന്ന സമയം. ഇന്ത്യയിലെ ടിബറ്റ് എന്നറിയപ്പെടുന്ന ഇവിടം ബുദ്ധമതതിന്റെ അത്മീയ ആചാര്യന്‍ ദലൈലാമയുടെ ആസ്ഥാനം കൂടിയാണ്. ഹിമാലയത്തിന്റെ കാഴ്ചകളോടൊപ്പം പ്രവാസികളായി ജീവിക്കുന്ന ടിബറ്റന്‍ ബുദ്ധ വിശ്വാസികളുടെ നേര്‍ ജീവിതവും ഇവിടെ കാണാം. ഹിമാചല്‍ പ്രദേശിലെ കാംഗ്രാ ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. മഞ്ഞയും ചുവപ്പും നിറത്തിലുള്ള വസ്ത്രത്തില്‍ നിരനിരയായി നടന്നു നീങ്ങുന്ന ബുദ്ധ സന്യാസികളാണ് ഈ നാടിന്റെ കാഴ്ച . സ്വര്‍ഗ്ഗ തുല്യമായ പ്രകൃതി കാഴ്ചകളാണാ ഇവിടെ എത്തുന്നവരെ കാത്തിരിക്കുന്നത്.

കുഫ്രി

നാട്ടിലെ മഴയും മഴക്കാലവും വിട്ട് മഞ്ഞ് മതി എന്നാണെങ്കില്‍ കുഫ്രിയ്ക്ക് വിടാം. ഹിമാചല്‍ പ്രദേശില്‍ ഷിംല ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കുഫ്രി സ്‌കീയിങ്ങില്‍ തുടക്കം കുറിക്കുന്നവര്‍ക്ക് പോകുവാന്‍ പറ്റിയ ഇടമാണ്. ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്, സ്‌കീയിങ്ങ് കോഴ്‌സുകള്‍, തുടങ്ങിയവയില്‍ കൈവെക്കുവാന്‍ പറ്റിയ ഇടവും സമയവും ഇതാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലൊന്നായ കുഫ്രി ഫണ്‍ വേള്‍ഡ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മഹാസു പീക്ക്, ചെയ്ല്‍ ട്രക്കിങ്ങ് തുടങ്ങിയവയാണ് ഇവിടെ പോകുവാന്‍ പറ്റിയ മറ്റിടങ്ങള്‍.

ലേ

സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നായ ലേയിലേക്ക് പോകുവാന്‍ പറ്റിയ സമയമാണ് ജൂണ്‍. യഥാര്‍ഥ ലോകത്തില്‍ നിന്നും മാറി മറ്റൊരു ലോകത്തേയ്ക്ക് എത്തിയതുപോലെ തോന്നിപ്പിക്കുന്ന പ്രദേശമാണിത്. ജൂണ്‍ മാസത്തില്‍ ചെയ്യുവാന്‍ പറ്റിയ ഏറ്റവും വലിയ സാഹസിക പ്രവര്‍ത്തികളിലൊന്നായിരിക്കും ലേയിലേക്കുള്ള യാത്ര. റോഡിലൂടെ ബുള്ളറ്റിലുള്ള യാത്രയും, ട്രക്കിങ്ങും ഹൈക്കിങ്ങും മറ്റും ലേ യാത്രയെ വ്യത്യസ്തമാക്കും.

കൂനൂര്‍

ഒരിക്കല്‍ ചെല്ലുന്നവരെ വീണ്ടും വീണ്ടും പോകുവാന്‍ കൊതിപ്പിക്കുന്ന നാടാണ് തമിഴ്നാട്ടിലെ കൂനൂര്‍. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഏറെ മനോഹരമായ പ്രദേശങ്ങളില്‍ ഒന്നാണ് കൂനൂര്‍. നീലഗിരിയിലെ മൂന്ന് ഹില്‍സ്റ്റേഷനുകളില്‍ ഒന്നുകൂടിയാണിത്. ഊട്ടിയേപ്പോലെ അല്ലെങ്കില്‍ ഊട്ടിയേക്കാള്‍ മനോഹരമായ ഈ ഹില്‍സ്റ്റേഷന്‍ സമുദ്രനിരപ്പില്‍ നിന്നും 1850 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പണ്ട് എപ്പോഴോ ഇവിടെ സന്ദര്‍ശിക്കാനെത്തിയ ആളുകള്‍ വിവിധ കാലഘട്ടങ്ങളിലായി ഇവിടെ കുടിയേറി പാര്‍ക്കുകയായിരുന്നുവത്രെ. അങ്ങനെ ടൂറിസ്റ്റുകള്‍ സ്ഥിരതാമസമാക്കിയ സ്ഥലമായാണ് കൂനൂര്‍ അറിയപ്പെടുന്നത്. കൂനൂര്‍ ചായ, നീലഗിരി മൗണ്ടെയ്ന്‍ റെയില്‍വേ,ഡോള്‍ഫിന്‍ നോസ്, ലാംസ് റോക്ക്, കാതറിന്‍ വെള്ളച്ചാട്ടം തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകള്‍.

കൊടൈക്കനാല്‍

തമിഴ്‌നാട്ടിലെ ഏറ്റവും മനോഹരമായ ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ് കൊടൈക്കനാല്‍. എപ്പോഴും മഞ്ഞില്‍ പുതച്ചു കിടക്കുന്ന കൊടൈക്കനാല്‍ പോലെ മനസ്സിന് സന്തോഷം പകരുന്ന മറ്റൊരു നാട് ഈ അടുത്ത് കണ്ടെത്തുക പ്രയാസമാണ്. കൊടൈ തടാകം, ബിയര്‍ ഷോലെ, ബെരിജം തടാകം,കോക്കേഴ്‌സ് വാക്ക്, ബ്രയാന്റ് പാര്‍ക്ക് തുടങ്ങിയവയാണ് ഇവിടെ കാണേണ്ട പ്രധാന ഇടങ്ങള്‍.

യാന

ഉത്തര കര്‍ണ്ണാടക ജില്ലയില്‍ സഹ്യാദ്രിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന യാന വിചിത്രമായ കല്ലുകളുടെ രൂപപ്പെടലുകൊണ്ട് സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമായിരിക്കുന്ന സ്ഥലമാണ്.ഭസ്മാസുരന് സ്വന്തമായി ലഭിച്ച വരം ശാപമായി മാറിയ സ്ഥലമാണ് യാന എന്നാണ് ഐതിഹ്യങ്ങള്‍ പറയുന്നത്. വിചിത്രമായ രൂപത്തില്‍ കാണപ്പെടുന്ന രണ്ട് റോക്ക് ഫോര്‍മേഷനുകളാണ് യാനയിലെ ഏറ്റവും വലിയ പ്രത്യേക. ഭൈരവേശ്വര ശിഖര എന്നും മോഹിനി ശിഖര എന്നുമാണ് ഇവ അറിയപ്പെടുന്നത്. ശിഖര എന്നാല്‍ ഹില്‍ എന്നാണ് അര്‍ഥം. ട്രക്കിങ്ങാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.