മണ്‍സൂണെത്തുന്നതിന് മുന്‍പേ പോകാം മംഗലാപുരത്തെ ഈ ഇടങ്ങളിലേക്ക്

കേരളവും തമിഴ്‌നാടും വിട്ട് കര്‍ണ്ണാടകയിലേക്കിറങ്ങി നോക്കിയാല്‍ ആരെയും ഞെട്ടിക്കുന്ന കാഴ്ചകളാണ്. വെള്ളച്ചാട്ടങ്ങളും പുരാതന ക്ഷേത്രങ്ങളും ഗംഭീര കൊട്ടാരങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും അതിപുരാതനമായ സംസ്‌കാരങ്ങളും ഒക്കെയായി കൊതിപ്പിക്കുന്ന കുറേ സ്ഥലങ്ങള്‍. ഒരിക്കലും അവസാനിക്കാത്ത ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ കാര്യങ്ങള്‍ ഇനിയും ഒരുപാടുണ്ട് .അങ്ങനെ നോക്കുമ്പോള്‍ ഇവിടുത്തെ കാഴ്ചകളില്‍ തീര്‍ച്ചായും ഉള്‍പ്പെടുത്തേണ്ട നാടാണ് മംഗലാപുരം. മംഗളാ ദേവിയുടെ നാട് എന്നറിയപ്പെടുന്ന ഇവിടം ഇന്ത്യയിലെ വിദ്യാഭ്യാസ ഹബ്ബുകളില്‍ ഒന്നുകൂടിയാണ്. ക്ഷേത്രങ്ങളും മറ്റ് മനോഹരമായ കെട്ടിടങ്ങളും ഒക്കെയായി ആരെയും ആകര്‍ഷിക്കുന്ന ഭംഗി ഈ നാടിനുണ്ട്. ഇവിടെ കാണുവാന്‍ കാഴ്ചകള്‍ ഒരുപാടുണ്ട്. അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഇവിടുത്തെ വെള്ളച്ചാട്ടങ്ങള്‍. മംഗലാപുരത്തു നിന്നും സന്ദര്‍ശിക്കുവാന്‍ പറ്റിയ പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങള്‍ പരിചയപ്പെടാം…

ഹനുമാന്‍ ഗുണ്ടി

വെള്ളച്ചാട്ടം മംഗലാപുരത്തിനു സമീപത്തായി ഏറ്റവും മനോഹരമായ രീതിയില്‍ ആസ്വദിക്കുവാന്‍ പറ്റിയ വെള്ളച്ചാട്ടമാണ് ഹനുമാന്‍ഗുണ്ടി വെള്ളച്ചാട്ടം. പ്രാദേശികമായി സുത്തനാഹബ്ബി വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ഇത് അധികമാരും എത്തിച്ചേരാത്ത ഒരിടത്താണ് സ്ഥിതി ചെയ്യുന്നത്. കുദ്രേമുഖ് ദേശീയോദ്യാനത്തിന്റെ ഭാഗമായ കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന ഇതിന് 100 അടി ഉയരമുണ്ട്. സാഹസികത നിറഞ്ഞ ഒരു ട്രക്കിങ്ങിലൂടെ മാത്രമേ ഇവിടെ എത്തുവാന്‍ കഴിയൂ. 100 അടി ഉയരത്തില്‍ നിന്നുമാണ് വെള്ളം താഴേക്ക് പതിക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ അടുത്ത് വരെ പ്രത്യേകമായി നിര്‍മ്മിച്ചിരിക്കുന്ന പടികളിലൂടെ ചെല്ലാം.

അഡിയാര്‍ വെള്ളച്ചാട്ടം

മംഗലാപുരം നഗരത്തില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് അഡിയാര്‍ വെള്ളച്ചാട്ടം. കാലങ്ങളോളം അധികമാര്‍ക്കും അറിയപ്പെടാതെ കിടന്നിരുന്ന ഇത് ഇന്ന് വിനോദ സഞ്ചാരികളുടെ പ്രിയ കേന്ദ്രം കൂടിയാണ്. ഇത് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് പ്രത്യേകം പേരുകളൊന്നുമില്ലെങ്കിലും പ്രദേശവാസികള്‍ വിളിക്കുന്ന പേരിലാണ് ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നത്. നീര്‍മാര്‍ഗയില്‍ നിന്നും ബിസി റോഡില്‍ നിന്നും ഇവിടേക്ക് എത്താം. പ്രദേശവാസികളുടെ സഹായത്തോടു കൂടി മാത്രമേ വെള്ളച്ചാട്ടത്തിനടുത്തെത്താന്‍ കഴിയൂ.


അലേകാന്‍ വെള്ളച്ചാട്ടം

ഒരു പ്രകൃതി സ്‌നേഹി ഒരിക്കലെങ്കിലും കണ്ടിരിക്കണം എന്നു ആഗ്രഹിക്കുന്ന കാഴ്ചകളുമായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് അലേകാന്‍ വെള്ളച്ചാട്ടം. ദക്ഷിണ കന്നഡ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇത് ബലേ കല്ലു ഗുഡ്ഡ എന്നു പേരായ ഒരു കുന്നിലാണുള്ളത്. സാഹസികരായ ആളുകളാണ് ഇവിടെ കൂടുതലും എത്തുന്നത്. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.

ബാന്‍ഡജെ അര്‍ബി

വെള്ളച്ചാട്ടം മംഗലാപുരത്തിനോടടുത്ത് പശ്ചിമഘട്ടത്തിന്റെ ഭാഗമായാണ് ബാന്‍ഡജെ അര്‍ബി വെള്ളച്ചാട്ടമുള്ളത്.200 അടി ഉയരത്തില്‍ നിന്നും പതിക്കുന്ന ഇത് സമുദ്ര നിരപ്പില്‍ നിന്നും 700 അടി മുകളിലാണുള്ളത്. ബല്ലരായണ്ണ ദുര്‍ഗ്ഗയുടെ കാഴ്ചകളും ഇവിടെ നിന്നും ലഭിക്കും. ഈ അടുത്ത കാലത്തായി ഈ വെള്ളച്ചാട്ടം അന്വേഷിച്ച് നിരവധി സഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്. ബല്‍ത്തങ്ങാടി കടിവിത്വാര ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ദേവരഗുണ്ടി വെള്ളച്ചാട്ടം

കാടിനുള്ളലൂലടെ കുറച്ചധികം നടന്നാല്‍ മാത്രം എത്തിച്ചേരുന്ന വെള്ളച്ചാട്ടമാണ് മലനിരകളില്‍ നിന്നും ഉത്ഭവിച്ച് വെള്ളത്താട്ടമായി മാറുന്ന ദേവരഗുണ്ടി വെള്ളച്ചാട്ടം. മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍ നിന്നും പാട്ടി ഹില്‍സിലേക്കുള്ള വഴിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വലിയ ബഹളങ്ങളൊന്നുമില്ലാത്ത ഇവിടെ പുരാതനങ്ങളായ ക്ഷേത്രങ്ങള്‍ കാണാന്‍ കഴിയും.

ഡൊന്‍ഡോലെ വെള്ളച്ചാട്ടം

സന്ദര്‍ശകരെ ഒരിക്കലും നിരാശപ്പെടുത്താത്ത വെള്ളച്ചാട്ടങ്ങളിലൊന്നാണ് ദക്ഷിണ കന്നഡ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഡൊന്‍ഡോലെ വെള്ളച്ചാട്ടം. പകുതി ദൂരം ജീപ്പിനെത്തി ബാക്കി ഒരു മണിക്കൂര്‍ കാല്‍നടയായി മാത്രമേ ഇതിനടുത്തെത്താന്‍ കഴിയൂ. 50 അടി ഉയരത്തില്‍ നിന്നും പതിക്കുന്ന ഇത് തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇടം കൂടിയാണ്.