ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടം; യവാത്മാല്‍
സഞ്ചാരിയുടെ മനസ്സറിഞ്ഞ് കാഴ്ചകളൊരുക്കുന്ന നാടാണ് മഹാരാഷ്ട്ര. അത്തരത്തില്‍ വ്യത്യസ്തമായ കാഴ്ചകളില്‍ ഉള്‍പ്പെടുന്ന ഒരിടമാണ് യവാത്മാല്‍. മഹാരാഷ്ട്രയെ ആദ്യമായി കാണുവാനായി പോകുന്നവര്‍ക്ക് എന്തുകൊണ്ടും മികച്ച ഒരിടമായാണ് ഈ നാടിനെ കാണുന്നത്. എല്ലാ തരത്തിലും- ചരിത്രവും പ്രകൃതി ഭംഗിയും കോട്ടകളും കൊട്ടാരങ്ങളും ഒക്കെയായി മുഗളരുടെയും മറാത്തക്കാരുടെയും ഒക്കെ ചരിത്രം പറയുന്ന ഈ നാടിന് കഥകള്‍ ഒരുപാടുണ്ട്. ലോകത്തിലെ ഏറ്റവും സുരക്ഷിത ഇടമായി അറിയപ്പെടുന്ന യവാത്മാലിന്റെ വിശേഷങ്ങളിലേക്ക്…
യവാത്മാല്‍
മഹാരാഷ്ട്രയുടെ ചരിത്രത്തോട് ഏറെ ചേര്‍ന്നു കിടക്കുന്ന നാടാണ് യവാത്മല്‍. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഉത്സവങ്ങളുടെയും പേരിലാണ് യവാത്മല്‍ പ്രശസ്തമായിരിക്കുന്നത്. കൊല്‍ക്കത്ത കഴിഞ്ഞാല്‍ ദുര്‍ഗ്ഗാ പൂജയ്ക്ക് ഇവിടമാണ് പേരുകേട്ടിരിക്കുന്നത്
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം
പഴയ ചില കൃതികളിലും മറ്റും പറയുന്നതനുസരിച്ച് യവാത്മല്‍ ലേകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടമാണത്രെ. ബെരാര്‍ സുല്‍ത്താനേറ്റിന്റെയും ബഹ്മാനി സുല്‍ത്താനേറ്റിന്റെയും ഭരണം നടന്ന നാടാണത്രെ ഇത്. കൂടാതെ മുഗള്‍ രാജാക്കന്മാരും നാഗ്പൂര്‍ രാജാക്കന്മാരും ഒക്കെ ഇവിടെ ഭരണം നടത്തിയിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇവിടം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടം എന്നറിയപ്പെടുന്നത് എന്നതിന് വ്യക്തമായ ഉത്തരങ്ങളില്ല.
വ്യത്യസ്ത നവരാത്രി ആഘോഷം
മറ്റിടങ്ങളില്‍ നിന്നും മാറി വ്യത്യസ്തവും പ്രത്യേകതകളുള്ളതുമാണ് ഇവിടുത്തെ നവരാത്രി ആഘോഷങ്ങള്‍. കൊല്‍ക്കത്ത കഴിഞ്ഞാല്‍ പിന്നെ ഏറ്റവും പ്രശസ്തമായ രീതിയില്‍ ദുര്‍ഗ്ഗാ പൂജ നടക്കുന്നത് ഇവിടെയാണ്. നഗരത്തിന്റെ ഓരോ കോണുകളും ഇവിടുത്തെ ആഘോഷത്തില്‍ പങ്കു ചേരുകയും അലങ്കരിക്കുകയും ചെയ്യാറുണ്ട്. യവാത്മല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനു കീഴിലെ സ്‌കൂളുകള്‍ക്ക് മൂന്നു ദിവസമാണ് ഇനിടെ ഈ ആഘോഷങ്ങള്‍ക്കു മാത്രമായി അവധി നല്കുന്നത്.
തിപേശ്വര്‍ വന്യജീവി സങ്കേതം
മഹാരാഷ്ട്രയുടെ ഹരിത കവാടം എന്നറിയപ്പെടുന്ന സ്ഥലമാണ് തിപേശ്വര്‍ വന്യജീവി സങ്കേതം. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒട്ടേറെ സസ്യങ്ങളുടെയും ജന്തുക്കളുടെയും ആവാസ കേന്ദ്രമാണിത്. ഇവിടെ ഏകദേശം 110 തരത്തിലധികം വ്യത്യസ്തങ്ങളായ മൃഗങ്ങളെ ഇവിടെ കാണാം. 148 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്ന ഇതിനുള്ളില്‍ വെള്ളച്ചാട്ടങ്ങളുള്‍പ്പെടെ മനോഹരങ്ങളായ ഒട്ടേറെ കാഴ്ചകള്‍ കാണാനുണ്ട്.
കാലാമ്പ് ശ്രീ ചിന്താമണി ഗണേശ് ക്ഷേത്രം
യവാത്മലിനെ പ്രശസ്തമാക്കുന്ന മറ്റൊരു കാര്യമാണ് ഇവിടുത്തെ കാലാമ്പ് ശ്രീ ചിന്താമണി ഗണേശ് ക്ഷേത്രം. പ്രദേശത്തെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നുകൂടിയാണിത്. ഗണേശന്റെ ഏറ്റവും പ്രശസ്തമായ 21 ക്ഷേത്രങ്ങളിലൊന്നായതിനാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ തീര്‍ഥാടകരെത്തുന്നു. ചിന്താമണി പ്രതിഷ്ഠിച്ചിരിക്കുന്ന ഭൂമിക്കടിയിലെ ഒരു ചെറിയ ശ്രീകോവിലാണ് മറ്റൊരാകര്‍ഷണം. ഗണേഷ് കുണ്ഡ എന്ന് പേരിലാണ് ഇതറിയപ്പെടുന്നത്.
പൈന്‍ഗംഗ വന്യജീവി സങ്കേതം
തേക്കുകാടുകള്‍ ചേര്‍ന്നുള്ള ഒരു വന്യജീവി സങ്കേതം എന്നു വിശേഷിപ്പിക്കുവാന്‍ പറ്റിയ ഇടമാണ് പൈന്‍ഗംഗ വന്യജീവി സങ്കേതം. കണ്ണെത്താ ദൂരത്തോളം കിടക്കുന്ന ഇവിടെ ജീവന് ഭീഷണി നേരിടുന്ന ഒരുപാട് മൃഗങ്ങളെ കാണാം. 325 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഇവിടമുള്ളത്.
പ്രേര്‍നാ സ്ഥല്‍
സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പ്രവര്‍ത്തകനും മുന്‍ മഹാരാഷ്ട്രാ മന്ത്രിയുമായിരുന്ന ജവഹര്‍ലാല്‍ ദര്‍ദയുടെ സ്മരണയ്ക്കായി നിര്‍മ്മിച്ചിരിക്കുന്ന സ്ഥലമാണ് പ്രേര്‍നാ സ്ഥല്‍. എണ്‍പതിനായിരം ചതുരശ്ര അടിയില്‍ പൂന്തോട്ടങ്ങളും കുട്ടികള്‍ക്കുള്ള കളിസ്ഥലവും ഒക്കെയായി നിര്‍മ്മിച്ചിരിക്കുന്ന ഇത് യവാത്മലിലെ മറ്റൊരു ആകര്‍ഷണമാണ്. മനുഷ്യത്വത്തിനും സംഗീതത്തിനും പ്രകൃതിയ്ക്കും പ്രാധാന്യം കൊടുക്കുന്ന വിധത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം
തണുപ്പു കാലമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയം ഇവിടേക്കുള്ള സന്ദര്‍ശനത്തിനായി മാറ്റി വയ്ക്കാം. ഈ സമയങ്ങളില്‍ ഇവിടെ 20 ഡിഗ്രി മുതല്‍ 25 ഡിഗ്രി വരെ താപനില അനുഭവപ്പെടും.
എത്തിച്ചേരുവാന്‍
മഹാരാഷ്ട്രയിലെ നാഗ്പൂരിന് സമീപത്തുള്ള സോനേഗാവോനിലാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും യുവാത്മല്‍ നഗരത്തിലേക്ക് 138 കിലോമീറ്റര്‍ ദൂരമുണ്ട്. പുല്‍ഗാവോണ് റെയില്‍വേ സ്റ്റേഷനാണ് സമീപത്തെ റെയില്‍വേ സ്റ്റേഷന്‍. റെയില്‍വേ സ്റ്റേഷനിലേക്ക് 43 കിലോമീറ്റര്‍ ദൂരമുണ്ട്.