അടുത്ത സീസണില്‍ പുതിയ കോവളം

വരുന്ന ടൂറിസം സീസണില്‍ എത്തുന്ന സഞ്ചാരികള്‍ കാണാന്‍ പോകുന്നതു പുതിയ കോവളം തീരം. 20 കോടി രൂപയുടെ സമഗ്ര തീര വികസന പദ്ധതി രണ്ടാഴ്ചക്കുള്ളില്‍ തുടങ്ങും. 3 മാസം മുന്‍പ് വകുപ്പു മന്ത്രി ഉദ്ഘാടനം ചെയ്ത വികസന പദ്ധതി സാങ്കേതിക അനുമതി വൈകുന്നതിനാല്‍ തുടങ്ങാന്‍ വൈകുന്നുവെന്ന ആരോപണമുയര്‍ന്നിരുന്നു.


എന്നാല്‍ ചില ഭാഗത്തെ ഭൂമി ലഭ്യത സംബന്ധിച്ച സാങ്കേതിക തടസ്സങ്ങളാണു കാരണമെന്നും ഇക്കാര്യത്തില്‍ ഉടന്‍ അനുകൂല തീരുമാനമുണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു. 2 ഘട്ടങ്ങളിലുള്ള വികസനം ഒരേ സമയം പൂര്‍ത്തിയാകുന്ന വിധത്തിലാണ് ആസൂത്രണം.

സമുദ്ര-ഹവ്വാ, ലൈറ്റ്ഹൗസ്-ഹവ്വാ ബീച്ചുകളെ പരസ്പരം ബന്ധിപ്പിച്ചുള്ള നവീന നടപ്പാതയാണു പ്രധാനം. സാധാരണ ഇരിപ്പിടങ്ങള്‍ക്കു പകരം ബോട്ട് മാതൃകയില്‍ കസേരയും തെങ്ങിന്‍തടിയില്‍ നടപ്പാലവുമെന്നതാണു മറ്റൊന്ന്. ഒപ്പം ലേസര്‍ ഷോയുമുണ്ടാവും.

സ്വാഗത കവാടവും കല്‍മണ്ഡപങ്ങളും പൂന്തോട്ടങ്ങളും സഞ്ചാരികളെ വരവേല്‍ക്കാനുണ്ടാവും. ഓരോ ബീച്ചിലും ടോയ്ലറ്റ് സമുച്ചയം, കോഫീഷോപ്പ് അടക്കമുള്ള സൗകര്യങ്ങളുമുണ്ടാവും. ഇവ കൂടാതെ സൈക്കിള്‍ട്രാക്ക്, റോളര്‍സ്‌കേറ്റിങ് ഏരിയ എന്നിവ പുതുമയാണ്. പൊലീസ് ഔട്ട് പോസ്റ്റ്, ലൈഫ് ഗാര്‍ഡ് കിയോസ്‌ക്ക്, തീരസംരക്ഷണഭിത്തി എന്നിവയും നിര്‍മിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റിക്കാണു നിര്‍മാണച്ചുമതല.