കില്ലാര്‍-കിഷ്ത്വാര്‍; ഇന്ത്യയിലെ ഏറ്റവും ത്രില്ലിങ്ങായ റോഡ് വിശേഷങ്ങള്‍

മരണത്തെ മുഖാമുഖം കണ്ടൊരു യാത്ര…. അടുത്ത വളവില്‍ കാത്തിരിക്കുന്നത് ജീവിതമാണോ അതോ അപ്രതീക്ഷിത മരണമാണോ എന്നറിയാതെ വളവുകളും തിരികവുകളും ചെങ്കുത്തായ പാറകളും കൊക്കകളും ഒക്കെയുളള വഴിയിലൂടെ കിലോമീറ്ററുകള്‍ പിന്നിടുന്ന യാത്ര വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ ധൈര്യം കുറച്ചൊന്നുമല്ല വേണ്ടത്. ആയിരക്കണക്കിന് അടി ഉയരത്തിലൂടെ സഞ്ചരിക്കുന്നതിന്റെ അമ്പരപ്പവും ചുറ്റിലുമുള്ള കാഴ്ചകള്‍ നല്കുന്ന ഭയവും മുന്‍പ് പോയവരുടെയും പാതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെയും കഥകളും ഈ യാത്രയെ കുറച്ച് പിന്നോട്ട് വലിക്കും. ഇതാ ലോകത്തിലെ തന്നെ ഏറ്റവും ഭീതിപ്പെടുത്തുന്ന റോഡുകളിലൊന്നായ കില്ലാര്‍ -കിഷ്ത്വാര്‍ പാതയുടെ വിശേഷങ്ങള്‍.


കില്ലാര്‍ -കിഷ്ത്വാര്‍ പാത

ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ പാതകളിലൊന്നാണ് കില്ലാര്‍ -കിഷ്ത്വാര്‍ പാത. ഹിമാചല്‍ പ്രദേശിലെ കില്ലാറില്‍ നിന്നും ജമ്മു കാശ്മീരിലെ കിഷ്ത്വാറിലേക്കുള്ള ഈ വഴി അതിസാഹസികര്‍ക്കു മാത്രം പറ്റിയ ഒന്നാണ്. 120.8 കിലോമീറ്റര്‍ ദൂരമാണ് ഈ വഴിയുള്ളത്.

ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലം

ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തിലൂടെയുള്ള യാത്രയെന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. കാരണം അത്രയധികം അപകടം നിറഞ്ഞ വഴിയാണിത്. ചെങ്കുത്തായ റോഡുകളും ഒരു സമയം ഒരു വാഹനത്തിന് മാത്രം പോകുവാന്‍ സാധിക്കുന്ന വഴികളും മറു വശത്തെ ആഴമുള്ള കൊക്കകളും ഇവിടെ ജീവന് വില പറയും.

കില്ലാറില്‍ നിന്നും

ഹിമാചല്‍ പ്രദേശിലെ ലാഹുല്‍ സ്പിതി ജില്ലയിലെ കില്ലാറില്‍ നിന്നുമാണ് ഈ പാത തുടങ്ങുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 8280 അടി ഉയരത്തിലുള്ള സ്ഥലമാണിത്. വളഞ്ഞും തിരിഞ്ഞും ചില സമയങ്ങളില്‍ മണ്ണിലൂടെയാണോ പോകുന്നത് എന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ വണ്ടിയുടെയും ഡ്രൈവ് ചെയ്യുന്നയാളുടെയും സ്റ്റാമിനയും പവറും ഒരേ സമയം പരീക്ഷിക്കുന്ന ഒരു റൂട്ടാണിത്.


ഒരു സമയം ഒരു വാഹനം മാത്രം

ഒരേ സമയം ഒരു വാഹനത്തിനു മാത്രമാണ് ഇവിടെ കടന്നു പോകുവാന്‍ സാധിക്കുക. എതിരെ മറ്റൊരു വണ്ടി വന്നാല്‍ സൈഡ് കൊടുക്കുവാന്‍ അനുയോജ്യമായ സ്ഥലം വരെ റിവേഴ്‌സില്‍ പോവുക എന്നതല്ലാതെ മറ്റൊരു വഴിയില്ല. ഇത്രയും റിസ്‌കിയായി റിവേഴ്‌സെടുക്കുവാന്‍ അറിയില്ലെങ്കില്‍ പണിപാളി എന്നു മാത്രം കരുതിയാല്‍ മതി. അത്രയും വീതി കുറഞ്ഞ വഴിയാണ് ഇവിടെയുള്ളത്. കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന മലകളുടെയ താഴെക്കൂടിയുള്ള ഈ വഴി അത്യന്തം അപകടകാരിയാണ്. ഒരു നിമിഷം ശ്രദ്ധയൊന്ന് പാളിയാല്‍ ചെന്നു നില്‍ക്കുക കൊക്കകളില്‍ കാത്തിരിക്കുന്ന മരണത്തിലേക്കായിരിക്കും എന്നതില്‍ ഒരു സംശയവുമില്ല.

ദേശീയ പാത 26

പേരില്‍ ദേശീയ പാത 26 എന്നൊക്കെ കാണാമെങ്കിലും അതിന്റെ പകിട്ടൊന്നും റോഡിനില്ല എന്നതാണ് യാഥാര്‍ഥ്യം. പേരിനു മാത്രമാണ് മിക്കയിടത്തും ഒരു റോഡുണ്ടാവുക. കല്ലുകളും പാറക്കഷ്ണങ്ങളുമായിരിക്കും റോഡില്‍ മുഴുവനും ഉണ്ടാവുക. മലയുടെ സൈഡില്‍ നിന്നും പാറക്കൂട്ടങ്ങള്‍ റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്ന അപകടകരമായ കാഴ്ചയും ഇവിടെ കാണാം. ഇതുകൊണ്ട് പലപ്പോഴും മുന്നില്‍ നടക്കുന്നത് കാണാന്‍ കഴിയാതെ അപകടങ്ങളുണ്ടാവാറുണ്ട്. മിക്കയിടങ്ങളിലും കുത്തനെയുള്ള കയറ്റമാണ്.

കരുതാം ഓക്‌സിജന്‍

മാസ്‌ക് ഉയരങ്ങളിലേക്കുള്ള യാത്രയായതിനാല്‍ ഓക്‌സിജന്റെ അഭാവം പലപ്പോഴും യാത്രകളെ പ്രതികൂലമായി ബാധിക്കാറുണ്ട്. ആരോഗ്യമുള്ള ഒരാള്‍ക്കു പോലും ചിലപ്പോള്‍ യാത്ര പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞു എന്നു വരില്ല. അതുകൊണ്ട് തീര്‍ച്ചായും ഈ വഴിയുള്ള യാത്രയില്‍ ഓക്‌സിജന്‍ മാസ്‌ക് കരുതേണ്ടതാണ്

കിടിലന്‍ കാഴ്ചകള്‍

ജീവനു പോലും വെല്ലുവിളിയാണെങ്കിലും ഇവിടേക്ക് സഞ്ചാരികള്‍ ധാരാളമായി എത്തുന്നു. ഈ പാതയിലൂടെ സഞ്ചരിക്കുമ്പോഴുള്ള കാഴ്ചകളാണ് ആളുകളെ ഇതിലേക്ക് കൂടുതലും ആകര്‍ഷിക്കുന്നത്. താഴ്വരയിലെ വീടുകളുടെ കാഴ്ചയും വ്യത്യല്തമായ ഭൂ പ്രകൃതിയും സാഹസികതയും സഞ്ചാരികളെ ഇവിടേക്ക് കൊണ്ടുവരുന്നു.

മഴക്കാലത്ത് ശ്രദ്ധിക്കാം

എപ്പോള്‍ വേണമെങ്കിലും യാത്ര പോകാമെങ്കിലും മഴക്കാല യാത്രകള്‍ കഴിവതും ഒഴിവാക്കുവാന്‍ ശ്രദ്ധിക്കുക. മഴ പെയ്താല്‍ ചെളി കെട്ടിക്കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ക്കു ഗ്രിപ്പ് കിട്ടാതിരിക്കുവാനും തെന്നി മറിയുവാനും സാധ്യത അധികമാണ്. മാത്രമല്ല കനത്ത കാറ്റ് എപ്പോഴും ഇവിടെ വീശാറുണ്ട്. ആ സമയങ്ങളില്‍ റോഡ് ഇടിയുവാനും മലയിടിയുവാനും സാധ്യത അധികമാണ്. രാത്രി കാലങ്ങളിലുള്ള യാത്രയും ഒഴിവാക്കുന്നതാണ് നല്ലത്.

കിഷ്ത്വാര്‍

ജമ്മു കാശ്മീരിലെ കിഷ്ത്വാറിലേക്കാണ് ഈ യാത്ര എത്തിച്ചേരുന്നത്. ഇതിലെ ഏറ്റവും അപകടകരമായ സമയം അവസാന 50 കിലോമീറ്ററാണ്. സമുദ്ര നിരപ്പില്‍ നിന്നും 8280 മീറ്റര്‍ ഉയരത്തിലുള്ള വഴിയിലൂടെ ആരംഭിക്കുന്ന യാത്ര കിഷ്ത്വാറിലെത്തുമ്പോഴേയ്ക്കും 5374 അടിയായി കുറയും. അതുകൊണ്ടു തന്നെ മിക്കപ്പോഴും കുത്തനെയുള്ള ഇറക്കറങ്ങള്‍ യാത്രയില്‍ പേടിപ്പിക്കാനായി കടന്നു വരാറുണ്ട്.

റോഡിനു നടുവിലൂടെ മാത്രം വണ്ടിയോടിക്കുക

ഇതുവഴി യാത്ര ചെയ്യുമ്പോള്‍ റോഡിന് നടുവിലൂടെ മാത്രം വണ്ടിയോടിക്കുവാന്‍ ശ്രദ്ധിക്കുക. മലയുടെ സൈഡിലൂടെ പാറക്കെട്ടുകള്‍ തള്ളി നില്‍ക്കുന്നത് ഒരു വശത്തും കാരണമൊന്നുമില്ലാതെ റോഡുകള്‍ കൊക്കയിലേക്ക് ഇടിയുന്നതും കാരണമാണ് വണ്ടികള്‍ റോഡിനു നടുവിലൂടെ ഓടിക്കുന്നതാണ് നല്ലതെന്ന് പറയുവാന്‍ കാരണം.