Kerala

ടിക്കറ്റുകള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് വിസ്താര എയര്‍ലൈന്‍സ്

വിസ്താര എയര്‍ലൈന്‍സില്‍ യാത്ര ചെയ്യാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. ഈ ഓഫറിനനുസരിച്ച് യാത്രക്കാര്‍ക്ക് അടിസ്ഥാന ടിക്കറ്റ് നിരക്കില്‍ പത്തു ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. airvistara.com എന്ന വെബ്‌സൈറ്റ് വഴി എക്കണോമി ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ഡിസ്‌കൗണ്ട് വിവരം ട്വിറ്ററിലൂടെയാണ് കമ്പനി ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നത്.

ഈ സ്‌കീമിനു കീഴില്‍, 60 വയസ്സ് പൂര്‍ത്തിയാകുന്ന ആര്‍ക്കും ഈ ഡിസ്‌കൗണ്ടിന് അര്‍ഹതയുണ്ട്. ഇന്ത്യയില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ഇളവ് ബാധകമാകൂ. വിസ്താരയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം അനുസരിച്ച്, മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിസ്ഥാന ടിക്കറ്റ് നിരക്കിന്റെ 10 ശതമാനം വരെയാണ് ഇളവ് ലഭിക്കുക. എക്കണോമി സ്റ്റാന്‍ഡേര്‍ഡ്, എക്കണോമി ഫ്‌ലെക്‌സി നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഡിസ്‌കൗണ്ട് ലഭിക്കുക.

എക്കണോമി ലൈറ്റ്, പ്രീമിയം എക്കണോമി, ബിസിനസ് ക്ലാസ് ടിക്കറ്റ് എന്നിവ ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ ഇളവ് ബാധകമല്ല. ഇതുകൂടാതെ എക്കണോമി സ്റ്റാന്‍ഡേര്‍ഡ് 15 കിലോഗ്രാം സൗജന്യ ബാ?ഗേജും എക്കണോമി ഫ്‌ലെക്‌സിയില്‍ 20 കിലോഗ്രാം ബാഗേജും കൊണ്ടു പോകാം. ഏഴ് കിലോഗ്രാമിന്റെ ഹാന്‍ഡ് ബാഗ്ഗേജും കരുതാവുന്നതാണ്. ഈ സ്‌കീമില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ പ്രായം തെളിയിക്കുന്ന രേഖകള്‍ കൈയില്‍ കരുതേണ്ടതാണ്. ചെക്ക് – ഇന്‍ സമയത്താണ് ഈ ഐഡി കാര്‍ഡുകള്‍ പരിശോധിക്കുക. ജെറ്റ് എയര്‍വേസ് തകര്‍ച്ചയെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായവര്‍ക്ക് വിസ്താരയില്‍ ജോലി നല്‍കാന്‍ തയ്യാറാണെന്ന് കമ്പനി അടുത്തിടെ അറിയിച്ചിരുന്നു. ടാറ്റയും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ചേര്‍ന്ന സംരംഭമാണ് വിസ്താര. പുതിയതായി 100 പൈലറ്റുമാരെയും 400 കാബിന്‍ ക്രൂവിനെയുമാണ് നിയമിക്കാന്‍ വിസ്താര പദ്ധതിയിടുന്നത്.