വാട്ടര്‍ മെട്രോ : 3 ബോട്ടുജെട്ടികള്‍ക്ക് നിര്‍മാണക്കരാറായി
വാട്ടര്‍ മെട്രോയുടെ ഭാഗമായി മൂന്ന് ബോട്ടുജെട്ടികള്‍ക്ക് നിര്‍മാണക്കരാറായി. വൈറ്റില, എരൂര്‍, കാക്കനാട് ബോട്ട് ജെട്ടികള്‍ക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്, മേരിമാതാ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് കരാര്‍ നല്‍കിയത്. 750 കോടി രൂപയുടെ വാട്ടര്‍ മെട്രോ പദ്ധതിയുടെ ആദ്യഘട്ടത്തില്‍വരുന്ന ആധുനിക എസി ഫെറികളാകും ഇവ മൂന്നും.
നാല് കരാറുകാര്‍ പങ്കെടുത്ത ടെന്‍ഡറില്‍ 29.67 കോടി രൂപയ്ക്കാണ് മേരിമാതാ കണ്‍സ്ട്രക്ഷന്‍ കമ്പനി കരാര്‍ നേടിയത്. ബോട്ട് ജെട്ടികളുടെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് കെഎംആര്‍എല്‍ എംഡി എ പി എം മുഹമ്മദ് ഹനീഷ് അറിയിച്ചു. വാണിജ്യാവശ്യകേന്ദ്രം കൂടി ഉള്‍പ്പെടുന്നതരത്തില്‍ 25,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാകും വൈറ്റില ബോട്ട് ജെട്ടിയുടെ നിര്‍മാണം. മൂന്ന് ജെട്ടികളില്‍ ഏറ്റവും വലുതും ഇതുതന്നെയാകും.
വാട്ടര്‍മെട്രോയുടെ ഓപ്പറേറ്റിങ് സ്‌റ്റേഷനും വൈറ്റിലയില്‍ത്തന്നെയാകും. ഇതിനായി വൈറ്റില മൊബിലിറ്റി ഹബ് സമിതിയില്‍നിന്ന് വാട്ടര്‍ മെട്രോയ്ക്കായി 123 സെന്റ് അനുവദിച്ചിട്ടുണ്ട്. ഹൈക്കോടതി, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, വൈപ്പിന്‍, ബോള്‍ഗാട്ടി ബോട്ട് ജെട്ടികളുടെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനുള്ള സ്ഥലങ്ങള്‍ കൊച്ചി നഗരസഭ കൈമാറുന്നതോടെ നടപടികള്‍ വേഗത്തിലാകും.