Destinations

കാഴ്ച്ചയുടെ നിറവസന്തമൊരുക്കി രാജാപ്പാറമേട്

 

പ്രകൃതി സൗന്ദര്യത്താല്‍ നിറഞ്ഞുനില്‍ക്കുന്ന രാജാപ്പാറമേട് വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളില്‍ ഒന്നാണ്. പ്രകൃതി മനോഹാരിതയ്‌ക്കൊപ്പം നാടിന്റെ ഐതിഹ്യ പെരുമയും രാജാപ്പാറമേട്ടിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ശാന്തന്‍പാറയ്ക്ക് സമീപമുള്ള രാജാപ്പാറമേടില്‍ തമിഴ്‌നാട്ടിലെ തോണ്ടാമാന്‍ രാജവംശത്തിലെ രാജാവ് ഏറെ നാള്‍ ഒളിവില്‍ താമസിച്ചതയാണ് ഐതിഹ്യം.

പുതുക്കോട്ട കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന രാജാവ് ശത്രുക്കളുടെ ആക്രമണത്തില്‍നിന്നും താല്‍ക്കാലിക രക്ഷ നേടിയാണ് ഇവിടെയെത്തിയത്. തന്റെ വാസസ്ഥാനത്തിന് ചുറ്റും മണ്‍കോട്ട തീര്‍ത്തും ഒരു വംശത്തിന്റെ മുഴുവന്‍ സമ്പത്ത് ഇവിടുത്തെ വന്‍ മലയുടെ ചെരുവില്‍ പാറയില്‍ തീര്‍ത്ത അറയില്‍ കാത്തുവച്ചുമാണ് രാജാവ് കഴിഞ്ഞത്. അറയുടെ കല്ലുകൊണ്ടുള്ള വാതില്‍ തുറക്കാന്‍ ഒരു ചങ്ങലയും സ്ഥാപിച്ചു. സമീപത്തുള്ള തടാകത്തിലാണ് ചങ്ങലയുടെ മറ്റേയറ്റം ഒളിപ്പിച്ചിരിക്കുന്നത്.

ചങ്ങല വലിച്ചാല്‍ മലയിലെ കല്‍ കതക് തുറക്കുമെന്നാണ് പറയപ്പെടുന്നത്. അങ്ങനെ ഈ വമ്പന്‍ മലയ്ക്ക് കതകു പലകമേടെന്നും രാജാവ് താമസിച്ച സ്ഥലത്തിന് രാജാപ്പാറ എന്നും പേരുവന്നു. എന്നാല്‍, ഇന്നും ചങ്ങലയും കതകും കണ്ടെത്താന്‍ ആര്‍ക്കുമായിട്ടില്ല. മൂന്നാര്‍ തേക്കടി സംസ്ഥാനപാതയില്‍നിന്നും രണ്ട് കിലോമീറ്റര്‍ ദൂരം ഏലക്കാട്ടിലൂടെ സഞ്ചരിച്ചാല്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ മനോഹരമായ രാജാപ്പാറയില്‍ എത്താം.

മുകളിലെത്തിയാല്‍ പഴയ ഒരു ചെക്ക് പോസ്റ്റിന്റെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടം കാണാം. ബോഡിമെട്ട് റോഡ് വരുന്നതിന് മുമ്പ് തമിഴ്‌നാട് കേരള വാണിജ്യ ബന്ധങ്ങള്‍ നടന്നിരുന്നത് ഇതുവഴിയാണ്. ഇവിടെ നിന്ന് തമിഴ്‌നാട്ടിലെ തേവാരത്തിലേക്ക് ഒരു കാട്ടുപാത ഇറങ്ങി പോകുന്നു. പതിനെട്ട് കല്‍പ്പടവുകള്‍ ഇറങ്ങി വേണം തമിഴ്‌നാട്ടിലെത്താന്‍. അതിനാല്‍ പതിനെട്ടാംപടിമെട്ട് എന്നാണ് അറിയപ്പെടുന്നത്.

ഇത് തുടങ്ങുന്നിടത്ത് മേല്‍ക്കൂരയില്ലാത്ത ഓട്ട കോവില്‍ ക്ഷേത്രവും സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. 250 മീറ്റര്‍ കൂടി മുന്നോട്ട് ചെല്ലുമ്പോള്‍ കാഴ്ചയുടെ നിറവസന്തമാണ് കണ്‍മുന്നില്‍ വിരിയുക. തമിഴ്‌നാടിന്റെ വ്യത്യസ്തമായ ദൃശ്യം കാണാന്‍ സാധിക്കുന്നതിനൊപ്പം തണുത്ത കാറ്റിന്റെ തലോടലും സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കും.

താഴെ കണ്ണെത്താദൂരത്തോളം നിറഞ്ഞുകിടക്കുന്ന കാറ്റാടിപ്പാടങ്ങള്‍. അവയ്ക്കിടയിലെ കൃഷിയിടങ്ങളിലും ചെറിയ കുന്നുകളില്‍ വെയിലും മേഘങ്ങളുടെ നിഴലും ചേര്‍ന്ന് സൃഷ്ടിക്കുന്ന വര്‍ണവിസ്മയങ്ങള്‍. മലകളില്‍ നീലയും കടുംപച്ചയും നിറങ്ങള്‍ ചേര്‍ത്ത് നിര്‍വചനങ്ങളില്ലാത്ത മറ്റനേകം നിറങ്ങളും നിറഞ്ഞുകിടക്കുന്നു.

കാഴ്ചകള്‍ മറക്കുന്ന മഞ്ഞും രാജാപ്പാറയുടെ പ്രത്യേകതയാണ്. മതികെട്ടാന്‍ചോല ദേശീയ ഉദ്യാനത്തോട് ചേര്‍ന്നാണ് രാജാപ്പാറമേട് സ്ഥിതി ചെയ്യുന്നത്. ഇതിന് സമീപത്താണ് ചതുരംഗപ്പാറ മെട്ടും. അസുലഭ അനുഭൂതിയാണ് പ്രകൃതിയുടെ വശ്യ സൗന്ദര്യത്തിലൂടെ ലഭിക്കുന്നത്.