പൈതൃക ടൂറിസം കേന്ദ്രമായി മാറാനൊരുങ്ങി കൊച്ചി ട്രൈബല്‍ കോംപ്ലക്‌സ്

 

കേരളത്തിലെ പട്ടികവര്‍ഗക്കാര്‍ തയാറാക്കുന്ന ഉല്‍പന്നങ്ങളുടെ പ്രദര്‍ശന-വിപണനത്തിനൊരു കേന്ദ്രം, ഗോത്ര സമൂഹങ്ങളുടെ കലാരൂപങ്ങള്‍ക്കൊരു പുതിയ വേദി, വംശീയ ഭക്ഷണത്തിന് പ്രചാരം, ഗോത്രവര്‍ഗത്തിന്റെ തനിമ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ നിര്‍മാണം പൂര്‍ത്തിയാകുന്ന ട്രൈബല്‍ കോംപ്ലക്‌സ് കൊച്ചിയിലെ പൈതൃക ടൂറിസം കേന്ദ്രമായി മാറാനൊരുങ്ങുകയാണ്. ഫോര്‍ഷോര്‍ റോഡിലെ 1.18 ഏക്കറിലുയരുന്ന ട്രൈബല്‍ കോംപ്ലക്‌സ് 2229. 22 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ 8 കോടി രൂപ ചെലവിലാണ് പൂര്‍ത്തിയാക്കുന്നത്.

3 നില കെട്ടിടത്തില്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ ഓഡിറ്റോറിയം, ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വില്‍പന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട്, ഡോര്‍മിറ്ററി തുടങ്ങിയ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. പട്ടികവര്‍ഗക്കാര്‍ക്ക് സ്ഥിരവരുമാനം ലഭ്യമാക്കുന്ന തൊഴില്‍ സംരംഭമാക്കി സ്ഥാപനത്തെ മാറ്റാനാണ് പട്ടികവര്‍ഗ വികസന വകുപ്പ് ലക്ഷ്യമിടുന്നത്. ജൂലൈ ആദ്യവാരത്തോടെ ട്രൈബല്‍ കോംപ്ലക്‌സ് തുറക്കാനാകുമെന്ന് ജില്ലാ ട്രൈബല്‍ ഓഫിസര്‍ ജി. അനില്‍കുമാര്‍ പറഞ്ഞു.

പട്ടികവര്‍ഗക്കാര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ 8 ഷോപ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മുളകൊണ്ടുള്ള ഉല്‍പന്നങ്ങള്‍, തടിയില്‍ തീര്‍ത്ത ശില്‍പങ്ങള്‍, വനവിഭവങ്ങള്‍, തേന്‍, മുളയരി, റാഗി, കൃഷി ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വിപണനവും ഷോപ്പുകളില്‍ ഒരുക്കും. ഗോത്ര പാരമ്പര്യത്തിന്റെ കയ്യൊപ്പോടു കൂടിയ വിഷാംശമില്ലാത്ത ഉല്‍പന്നങ്ങളും വാങ്ങാന്‍ സാധിക്കും.

കേന്ദ്ര പട്ടികവര്‍ഗ മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഡെവലപ്‌മെന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് , പട്ടികവര്‍ഗ വികസന വനം വകുപ്പിന് കീഴില്‍ അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റി, വയനാട് അമൃത് എന്നീ സ്ഥാപനങ്ങളെ കൂടാതെ പട്ടികവര്‍ഗക്കാരുടെ 5 സ്റ്റാളുകളും കോംപ്ലക്‌സിലുണ്ടാകും. അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയുടെ കീഴില്‍ ഏലം, കുരുമുളക്, കാപ്പി, തേയില തുടങ്ങി നിരവധി കാര്‍ഷിക ഉല്‍പന്നങ്ങള്‍ ആണ് തയാറാക്കുന്നത്. ഇതു വിറ്റഴിക്കുന്നതുവഴി അട്ടപ്പാടിയിലെ ഗോത്ര വര്‍ഗക്കാര്‍ക്ക് വിപണി കണ്ടെത്താന്‍ സാധിക്കും. കാപ്പിത്തടിയില്‍ തീര്‍ത്ത ശില്‍പങ്ങളാണ് അമൃത് നിര്‍മ്മിക്കുന്നത്.


ആധുനിക ശബ്ദ സംവിധാനങ്ങളോടുകൂടിയ ഓഡിറ്റോറിയം ആണ് ട്രൈബല്‍ കോംപ്ലക്‌സിന്റെ മറ്റൊരു ആകര്‍ഷണം. കോംബോ സംവിധാനത്തോടെ അക്വാസ്റ്റിക്ക് ട്രീറ്റ്‌മെന്റ്, വീഡിയോ പ്രോജക്ടര്‍ ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം, എസി തുടങ്ങിയവ ഇതിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്.

ട്രൈബല്‍ കോംപ്ലക്‌സ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ അന്യം നിന്ന് പോകുന്ന ഗോത്ര കലാരൂപങ്ങളും, പാരമ്പര്യ അറിവുകളും പുതിയ തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാനുള്ള ഗോത്രകലാ സാംസ്‌കാരിക സായാഹ്നങ്ങള്‍ക്ക് സ്ഥിരം വേദി ഒരുങ്ങും . കിര്‍ത്താഡ്‌സ് വകുപ്പ്, കൊച്ചിന്‍ ബിനാലെ, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, സാംസ്‌കാരികവകുപ്പ്, സംഗീതനാടക അക്കാദമികള്‍ , ഫോക്ലോര്‍ അക്കാദമികള്‍ തുടങ്ങിയവയുമായി സഹകരിച്ച് വിവിധ കലാ പരിപാടികള്‍ സംഘടിപ്പിക്കാനും പദ്ധതി തയ്യാറാക്കുന്നുണ്ട് .

ചെറുകിട റസിഡന്‍ഷ്യല്‍ ക്യാംപുകള്‍, സെമിനാറുകള്‍, ശില്‍പശാലകള്‍ തുടങ്ങിയവ നടത്തുന്നതിനും സൗകര്യവും കോംപ്ലക്‌സിലുണ്ട്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി 20 കിടക്കകള്‍ വീതമുള്ള പ്രത്യേക ഡോര്‍മിറ്ററികളും പ്രദര്‍ശന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള ഹാളും തയാറാക്കിയിട്ടുണ്ട്. കിറ്റ്‌കോയുടെ നേതൃത്വത്തിലാണ് നിര്‍മാണം.