കാശ്മീരിലെ മിനി കാശ്മീര്‍ വിശേഷങ്ങള്‍

കാശ്മീരിലെ ഒരുവിധം സ്ഥലങ്ങളെല്ലാം സഞ്ചാരികള്‍ക്ക് പരിചിതമാണെങ്കിലും ഇനിയും തീരെ പിടികിട്ടാത്ത കുറച്ചിടങ്ങളുണ്ട്. അതിലൊന്നാണ് മിനി കാശ്മീര്‍ എന്നറിയപ്പെടന്ന ബദേര്‍വാഹ്. ഹിമാലയത്തിന്റെ താഴ്വരയില്‍ പുല്‍മേടുകളും അരുവികളും കാടും ഒക്കെയായി കിടക്കുന്ന ബദേര്‍വാഹ് നഗരത്തിന്റെ എല്ലാ തിരക്കുകളിലും നിന്ന് മാറിക്കിടക്കുന്ന നാടാണ്. സാഹസിക സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുന്ന ബദേര്‍വാഹ് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു നാട് തന്നെയാണ്. കാഴ്ചകളിലെ അത്ഭുതങ്ങളുമായി കാത്തിരിക്കുന്ന ബദേര്‍വാഹിനെക്കുറിച്ചറിയാം…


നാഗങ്ങളുടെ ഭൂമിയെന്ന മിനി കാശ്മീര്‍

കാശ്മീരിലെ അത്ഭുതങ്ങളിലൊന്നായ നഗരമാണ് ബദേര്‍വാഹ്. ഡോഡ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ബന്ദേര്‍വാഹ് ഹിമാലയന്‍ പര്‍വ്വത നിരകളുടെ താഴ്വാരത്തിലാണുള്ളത്. ഈ നാടിന് നാഗങ്ങളുടെ നാട് എന്നൊരു പേരുകൂടിയുണ്ട്. നാഗ് കീ ഭൂമി എന്നു വിളിക്കപ്പെടുന്ന ഇവിടെ വ്യത്യസ്ത തരത്തിലുള്ള പാമ്പുകളെ കാണാന്‍ സാധിക്കുമത്രെ…

സാഹസികര്‍ക്ക് സ്വാഗതം

കാശ്മീരില്‍ സാഹസിക കാര്യങ്ങള്‍ക്ക് പേരുകേട്ടിരിക്കുന്ന ഇവിടെ ഇതിനു മാത്രമായും സഞ്ചാരികള്‍ എത്തിച്ചേരാറുണ്ട്. എന്നാല്‍ ജമ്മു സിറ്റിയില്‍ നിന്നും 205 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടേക്ക് എത്തുന്ന ആളുകളുടെ എണ്ണം കുറവാണ്.

കുതിര സവാരിയും സ്‌കീയിങ്ങും

എപ്പോള്‍ ഇവിടെ എത്തിയാലും ആസ്വദിക്കുവാനുള്ള കാര്യങ്ങള്‍ ഒരുപാടുണ്ട്. മഞ്ഞുകാലത്ത് എത്തിയാല്‍ താഴ്വരകളിലൂടെ അടിപൊളി സ്‌കീയിങ്ങാണ് ആകര്‍ഷണം. ഇനി യാത്ര വേനലിലായാലും വിഷമിക്കേണ്ട. ആ സമയത്ത് പാരാഗ്ലൈഡിങ്ങാണ് താരം. ഇതിലൊന്നും താല്പര്യമില്ലാത്തവര്‍ക്ക് കുതിര സവാരിയ്ക്കും അവസരമുണ്ട്. റോക്ക് ക്ലൈംബിങ്, ട്രക്കിങ്ങ്, ഹൈക്കങ്ങ് തുടങ്ങിയ കാര്യങ്ങള്‍ക്കും ഇവിടെ സൗകര്യമുണ്ട്.

പ്രകൃതി സൗന്ദര്യത്തിന്റെ പര്യായം 

ഇവിടുത്തെ മനംമയക്കുന്ന ഭൂപ്രകൃതിയും കാഴ്ചകളും ഒക്കെക്കൊണ്ട് പ്രകൃതി സൗന്ദര്യത്തിന്റെ പര്യായമായാണ് ആളുകള്‍ ഈ നാടിനെ കാണുന്നത്. കാശ്മീര്‍ യാത്രയില്‍ സമയവും സൗകര്യവും അനുവദിക്കുകയാണെങ്കില്‍ ഇവിടെ തീര്‍ച്ചയായും പോയിരിക്കണം.

ചിന്‍താ വാലി

ചെനാബ് നദിയുടെ ഒഴുക്കില്‍ രൂപപ്പെട്ടിരിക്കുന്ന ചിന്‍ടാ വാലിയാണ് ഇവിടെ ബദേര്‍വാഹില്‍ എത്തിയാല്‍ കണ്ടിരിക്കേണ്ട കാഴ്ച. സമുദ്ര നിരപ്പില്‍ നിന്നും 6500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഒട്ടേറെ കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ്. പുരാതനങ്ങളായ ക്ഷേത്രങ്ങള്‍,കുതിര സവാരിയ്ക്കുള്ള ഇടങ്ങള്‍, വ്യൂ പോയിന്റുകള്‍ തുടങ്ങിയവ ഇവിടെയുണ്ട്.

പാഡ്രി

ബദേര്‍വാഹില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പാഡ്രിയാണ് ഇവിടെ സന്ദര്‍ശിക്കേണ്ട മറ്റൊരിടം. സമുദ്ര നിരപ്പില്‍ നിന്നും 10500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം മഞ്ഞുവീഴ്ചയ്ക്ക് പേരുകേട്ട സ്ഥലമാണ്. ജൂണ്‍ പകുതിയാകുമ്പോഴേയ്ക്കും 5 മീറ്റര്‍ ഉയരത്തിലൊക്കെ മഞ്ഞു വീണു കിടക്കുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. സ്‌കീയിങ്ങിനും പാരാഗ്ലൈഡിങ്ങിനും പാഡ്രി പ്രശസ്തമാണ്. ജൂലൈയില്‍ നടക്കുന്ന മണി മഹേഷ് തീര്‍ഥാടന യാത്ര കടന്നു പോകുന്ന ഇടമെന്ന നിലയിലും ഇവിടം പ്രശസ്തമാണ്.

ജയ് വാലി

റോക്ക് ക്ലൈംബിങ്ങ്, വെള്ളച്ചാട്ടം തുടങ്ങി കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ് ജയ് വാലി. അവധി ദിവസങ്ങള്‍ ചിലവഴിക്കവാന്‍ ആഗ്രഹിക്കുന്നവരാണ് ഇവിടെ എത്തിച്ചേരുന്നവരില്‍ അധികവും.

ബദേര്‍വാഹ് കോട്ട

ചംബ രാജാക്കന്മാരുടെയും ബദേര്‍വാഹ് രാജാക്കന്മാരുടെയും ഇന്നും നിലനില്‍ക്കുന്ന അടയാളമാണ് ഇവിടുത്തെ ബദേര്‍വാഹ് കോട്ട. 1733 ല്‍ നിര്‍മ്മിക്കപ്പെട്ട ഇത് 1919 ല്‍ ഒരു ജയിലാക്കി മാറ്റുകയായിരുന്നു.