Destinations

അദ്ഭുത നിധികള്‍ സമ്മാനിക്കുന്ന ഭൂതത്താന്‍ കോട്ട

ഇസ്രായേല്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നൊരിടമാണ്. കേരളത്തിനോളം വലുപ്പമില്ലെങ്കിലും ചുറ്റുമുള്ള രാജ്യങ്ങളുടെ ആക്രമണങ്ങളില്‍ ധീരമായ ചെറുത്തുനില്‍പ്പുകള്‍ കൊണ്ട് എന്നും ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ നേടിയിട്ടുണ്ട് ഈ യഹൂദനാട്. യാതൊരു തരത്തിലുള്ള പ്രകൃതിവിഭവങ്ങളോ ധാതുസമ്പത്തോ അവകാശപ്പെടാനില്ല ഈ കൊച്ചുരാഷ്ട്രത്തിനെങ്കിലും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാഴ്ചകളിവിടുണ്ട്. വിശുദ്ധ നഗരമായി കണക്കാക്കുന്ന ജെറുസലേമും, നടന കലകളുടെ ആസ്ഥാനമായ ടെല്‍ അവീവും, പ്രകൃതി സൗന്ദര്യത്താല്‍ വിസ്മയിപ്പിക്കുന്ന,അദ്ഭുതനഗരമെന്നു വിശേഷണമുള്ള ഹൈഫയുമെല്ലാം ഇസ്രേയലിലെത്തുന്ന സഞ്ചാരികള്‍ക്കു വര്‍ണകാഴ്ച്ചകളുടെ വസന്തമൊരുക്കും.

നിരവധി ഗുഹകളുണ്ട് ഇസ്രായേലില്‍. അതിലേറ്റവും മനോഹരമായ ഒന്നാണ് ഉള്‍വശങ്ങളില്‍ മുഴുവന്‍ സ്റ്റാലെക്‌റ്റൈറ്റ് പാറകള്‍ നിറഞ്ഞ ഒരു ഗുഹ. പശ്ചിമേഷ്യന്‍ പ്രദേശങ്ങളില്‍ ഇത്തരം ഉള്‍ക്കാഴ്ചകള്‍ ഒരുക്കിയിരിക്കുന്ന ഗുഹകള്‍ വളരെ ചുരുക്കമാണെന്നു തന്നെ പറയാം.

മുത്തശ്ശിക്കഥകളിലെ ഭൂതത്താന്‍ കോട്ടയെ അനുസ്മരിപ്പിക്കും ഗുഹാകാഴ്ചകള്‍. ഇന്ദ്രജാലങ്ങളെ വെല്ലുന്ന മായികലോകം. ഗുഹയ്ക്കുള്ളിലേക്കു പ്രവേശിക്കുന്നത് ഏറെ ശ്രമകരമായ ഒരു പ്രവര്‍ത്തിയാണ്. ചെറിയൊരു ദ്വാരത്തിലൂടെ നൂറടി താഴ്ചയിലേക്ക് കയറിന്റെ സഹായത്താല്‍ ഊര്‍ന്നിറങ്ങണം. അങ്ങനെ ചെന്നെത്തുന്നതു വിശാലമായ ഒരു ഹാളിലേക്കാണ്.

ഗുഹക്കുള്ളിലെ സ്റ്റാലെക്‌റ്റൈറ്റ് പാറകള്‍

ഗുഹക്കുള്ളില്‍ നിറയെ സ്റ്റാലെക്‌റ്റൈറ്റ് പാറകളാണ്. പ്രധാനമായും രണ്ടു തരത്തിലുള്ള പാറകളാണ് ഗുഹകള്‍ക്കുള്ളില്‍ കാണുവാന്‍ കഴിയുക. സ്റ്റാലെക്‌റ്റൈറ്റ് പാറകളും സ്റ്റാലഗ്മൈറ്റ് പാറകളും. ഗുഹയുടെ മേല്‍ഭാഗത്തുനിന്നും താഴോട്ട് വളരുന്നവയാണ് സ്റ്റാലെക്‌റ്റൈറ്റ് പാറകള്‍. ഗുഹയുടെ തറ ഭാഗത്തുനിന്നും മുകളിലേയ്ക്ക് വളരുന്നവയാണ് സ്റ്റാലഗ്മൈറ്റ് പാറകള്‍.

ഗുഹയ്ക്കകത്തേക്കു പ്രവേശിക്കുന്നവരെ സ്വാഗതം ചെയ്യന്‍ നില്‍ക്കുന്നത് ഒരു അരണയാണ്. നമ്മുടെ നാട്ടില്‍ കാണുന്ന സാധരണ അരണകളില്‍ നിന്നും ഏറെ വ്യതാസമുള്ളതായിരുന്നു ആ ജീവി. കറുപ്പില്‍ നിറയെ മഞ്ഞപ്പൊട്ടുകള്‍ തൊട്ട, വളരെ ആകര്‍ഷകമായ രൂപം. ശാന്തനായി സന്ദര്‍ശകരെ നോക്കിയിരുന്ന ശേഷം ആ ജീവി എങ്ങോട്ടോ ഇഴഞ്ഞുപോയി. അകത്തേക്ക് പ്രവേശിക്കുന്തോറും പാറകള്‍ താഴോട്ട് വളര്‍ന്നു വിവിധ രൂപങ്ങളായി അതിശയിപ്പിക്കുന്ന തരത്തിലുള്ള നിരവധി കാഴ്ചകള്‍.


പ്രകൃതി കല്ലില്‍ കൊത്തിയെടുത്ത മനോഹരശില്‍പ്പങ്ങള്‍. ആദ്യകാഴ്ചയില്‍ തന്നെ ആകര്‍ഷിക്കും ഓരോ രൂപങ്ങളും. നോക്കിനില്‍ക്കേ അവയ്ക്ക് മൃഗങ്ങളുടെയും പക്ഷികളുടെയും മനുഷ്യരുടെയും മരങ്ങളുടേയുമെല്ലാം ഛായ തോന്നും. പ്രകൃതി സമ്മാനിച്ച ആ മനോഹര ദൃശ്യങ്ങളെ വാക്കുകളാല്‍ വിവരിക്കുക അസാധ്യമാണ്. ദുര്‍ഘടമായ വഴികളിലൂടെയുള്ള യാത്രകളില്‍ പലതവണ കയറിന്റെ സഹായം തേടേണ്ടി വന്നു. ചിലയിടങ്ങളില്‍ വലിഞ്ഞു കയറിയും ഇഴഞ്ഞു നീങ്ങിയും കയറില്‍ തൂങ്ങിയുമെല്ലാം സഞ്ചരിക്കേണ്ടതായി വന്നു. യാത്ര അതിസാഹസികമായിരുന്നുവെങ്കിലും. കാഴ്ചകള്‍ അത്യാകര്‍ഷകമായിരുന്നു. ഗുഹയുടെ ഉള്‍ഭാഗങ്ങളില്‍ ചിലയിടങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എങ്കിലുമത് ആ മനോഹര കാഴ്ചകള്‍ക്ക് മങ്ങലേല്‍പിക്കുന്നില്ല.

കയറിയ കവാടത്തിലൂടെ തന്നെയാണ് ഗുഹയില്‍ നിന്നുള്ള തിരിച്ചിറക്കവും. അതുകൊണ്ടു തന്നെ പോകുമ്പോള്‍ എങ്ങനെ പോയോ അതുപോലെ വളരെ കഷ്ടപ്പെട്ട് തന്നെയാണ് മടക്കയാത്രയും. സാഹസികതയും വേറിട്ടപുതുക്കാഴ്ചകളും കാണണമെന്നുള്ളവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന സ്ഥലമാണ് ഇസ്രേയലിലെ അബിരിം ഗുഹ. ഗുഹയിലേക്കുള്ള യാത്രകള്‍ക്കു ഉചിതമായ സമയം വേനല്‍ക്കാലവും ശൈത്യകാലവുമാണ്.