ഇന്ത്യന്‍ കോഫി ഹൗസില്‍ ഇനി റാണിമാരും
ഇന്ത്യന്‍ കോഫി ഹൗസിലെ വെയ്റ്റര്‍മാരുടെ രാജകീയ വേഷത്തിലേക്ക് ഇനി ‘റാണി’മാരും. 61 വര്‍ഷത്തെ ചരിത്രമുള്ള കോഫി ഹൗസില്‍ ഭക്ഷണം വിളമ്പാന്‍ വൈകാതെ വനിതകളെത്തും.
തിരുവനന്തപുരം ശാഖയില്‍ ജോലിയിരിക്കെ മരിച്ച സന്തോഷ് കുമാറിന്റെ ഭാര്യ ഷീനയുടെ പരാതിയാണു വിപ്ലവകരമായ മാറ്റത്തിനു കാരണം. ഇവരെ നിയമനത്തിനു പരിഗണിക്കണമെന്ന നിര്‍ദേശം വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കോഫി ഹൗസ് ഭരണസമിതിക്കു കൈമാറി. തൃശൂര്‍ മുതല്‍ തെക്കോട്ടുള്ള ജില്ലകളുടെ ചുമതലയുള്ള സൊസൈറ്റിക്കാണു നിര്‍ദേശം ലഭിച്ചിരിക്കുന്നത്. രാത്രി 10 വരെയുള്ള ഷിഫ്റ്റുകള്‍ കാരണമാണ് ഇതുവരെ പരിഗണിക്കാതിരുന്നതെന്ന് അധികൃതര്‍ പറയുന്നു.
ജൂണ്‍ 16നു തിരഞ്ഞെടുക്കപ്പെടുന്ന പുതിയ ഭരണസമിതി നിയമനത്തിനു തുടര്‍നടപടികള്‍ സ്വീകരിക്കും. അതിനു ശേഷമാകും യൂണിഫോം തീരുമാനിക്കുക. ‘രാജകീയ’ തൊപ്പി കോഫി ഹൗസിന്റെ മുഖമുദ്രയായതിനാല്‍ സ്ത്രീകള്‍ക്കും ബാധകമായേക്കും.
തൃശൂരിനു വടക്കോട്ടുള്ള കോഫി ഹൗസുകള്‍ നിയന്ത്രിക്കുന്ന കണ്ണൂര്‍ സൊസൈറ്റി പാചകജോലിക്ക് 6 സ്ത്രീകളെ നിയമിച്ചിട്ടുണ്ട്. ജോലി പരിചയമായാല്‍ ഇവരെയും ഭക്ഷണം വിളമ്പാന്‍ നിയോഗിക്കും.