Auto

ഊബറിനും ഒലയ്ക്കും പിന്നാലെ പുത്തന്‍ മലയാളി സംരംഭം ‘പിയു’

 

ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി മേഖലയിലേക്ക് ഒരു മലയാളി സംരംഭം. മൈന്‍ഡ് മാസ്റ്റര്‍ ടെക്‌നോളജി എന്ന സംരംഭമാണ് പിയു എന്ന പേരില്‍ അസംഘടിത ഓട്ടോ, കാര്‍ ടാക്‌സി മേഖലയെ ഒന്നിപ്പിച്ച് ഏകീകൃത പ്ലാറ്റ്‌ഫോം ഒരുക്കുന്നത്.

ജി.പി.എസ്. അധിഷ്ഠിതമായാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. മറ്റ് ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ഡ്രൈവര്‍മാരില്‍നിന്ന് 26 ശതമാനം കമ്മിഷന്‍ ഈടാക്കുമ്പോള്‍ പിയു കമ്മിഷന്‍ വാങ്ങില്ല. പകരം സബ്‌സ്‌ക്രിപ്ഷന്‍ തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വര്‍ഷം മൊത്തം 19,200 രൂപ വരും.

പിയു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ഒരു യാത്രികന്‍ മറ്റ് അഞ്ചു പേര്‍ക്ക് അത് ശുപാര്‍ശ ചെയ്യുകയും അവര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും ഒരു യാത്രയെങ്കിലും നടത്തുകയും ചെയ്താല്‍ ആദ്യ യാത്രികന്‍ ഗോള്‍ഡന്‍ കസ്റ്റമര്‍ ആകും. മാസം നാല് യാത്രകള്‍ എങ്കിലും നടത്തുന്ന ഗോള്‍ഡന്‍ കസ്റ്റമര്‍ ആര്‍.പി.എസ്. ആനുകൂല്യത്തിന് അര്‍ഹനാകും.

ആര്‍.പി.എസ്. (റൈഡ് പ്രോഫിറ്റ് ഷെയര്‍) സ്‌കീം ഉപയോഗിച്ച് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് സാമ്പത്തിക ആനുകൂല്യം നേടാനും അവസരമുണ്ട്. പിയു ആപ് ഉപയോഗിക്കുന്നവര്‍ സര്‍ചാര്‍ജുകള്‍ നല്‍കേണ്ടതില്ല. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, കണ്ണൂര്‍, കൊല്ലം, മലപ്പുറം ജില്ലകളില്‍ ഈ മാസം പ്രവര്‍ത്തനം തുടങ്ങും. സര്‍വീസ് തുടങ്ങി ആദ്യ ആറു മാസത്തിനുള്ളില്‍ 800 പേര്‍ക്ക് പ്രത്യക്ഷത്തില്‍ തന്നെ തൊഴില്‍ ലഭിക്കും.

വാലറ്റ് സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. വാലറ്റില്‍ റീച്ചാര്‍ജ് ചെയ്ത് ഉപയോഗിക്കാം. കൂടാതെ ഓഫറുകളും ലഭിക്കും.

ആദ്യഘട്ടം കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളും പിന്നീട് മഹാരാഷ്ട്ര അടക്കം 10 സംസ്ഥാനങ്ങളുമാണ് ലക്ഷ്യം വയ്ക്കുന്നത്. അശോക് ജോര്‍ജ് ജേക്കബ്, ജി.പി. രമേഷ്, ശിവദാസന്‍ നായര്‍ എന്നിവരാണ് സംരംഭത്തിന്റെ അമരക്കാര്‍.