അബുദാബി വിനോദസഞ്ചാര മേഖലയില്‍ പുത്തനുണര്‍വ്
അബുദാബിയിലെ വിനോദസഞ്ചാര മേഖലയില്‍ പുത്തനുണര്‍വ് പ്രകടമാകുന്നു. ഹോട്ടലുകളിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ പ്രകടമായ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉണ്ടായിട്ടുള്ളത്. 2018-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹോട്ടലുകളുടെ വരുമാനത്തില്‍ മാത്രം 16 ശതമാനത്തിന്റെ വര്‍ധനയാണ് ഈ വര്‍ഷം ആദ്യ മൂന്നുമാസം പിന്നിടുമ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
അബുദാബിയിലെ വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍ക്ക് പുറമെ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ മത്സരം, സ്പെഷ്യല്‍ ഒളിമ്പിക്സ് വേള്‍ഡ് ഗെയിംസ്, ഐഡക്സ് എക്സിബിഷന്, അബുദാബി റീടൈല്‍ ഷോപ്പിങ് ഫെസ്റ്റിവല്‍, പുസ്തകോത്സവം എന്നിവയെല്ലാം വിദേശ സഞ്ചാരികളെ അബുദാബിയില്‍ എത്തിച്ചു. സന്ദര്‍ശകര്‍ക്കായി തുറന്ന് നല്കിയ അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസ് ഖസ്ര് അല്‍ വതന്‍, വാര്‍ണര്‍ബ്രോസ്, അല്‍ ഹൊസന്‍ സാംസ്കാരിക കേന്ദ്രം എന്നിവയെല്ലാം സന്ദര്‍ശകരുടെ ഇഷ്ടയിടമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഭൂരിഭാഗം ഹോട്ടലുകളിലും 79 ശതമാനവും അതിഥികളുണ്ട്. മുറികളില്‍ നിന്നുള്ള വരുമാനം 24 ശതമാനമായും ഭക്ഷ്യ, പാനീയങ്ങളില്‍ നിന്നുള്ള വരുമാനം 10.4 ശതമാനമായും ഉയര്‍ന്നു. അബുദാബിയിലെ 169 ഹോട്ടലുകളിലും അപ്പാര്‍ട്ടമെന്റുകളിലുമായി 2019 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 12,91,482 സന്ദര്‍ശകരെത്തി.
അമേരിക്ക, ബ്രിട്ടന്, ചൈന, ഇന്ത്യ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരാണ് കൂടുതലുമെത്തിയത്. ഇതില്‍ അമേരിക്കയില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13.8 ശതമാനം വര്‍ധനയുണ്ടായി. അല്‍ ഐനില്‍ എത്തിയ സന്ദര്‍ശകരുടെ എണ്ണത്തിലും ഇക്കാലയളവില്‍ കാര്യമായ വര്‍ധനയുണ്ടായി. 1,32,751 ആളുകള്‍ അല്‍ ഐനില്‍ സന്ദര്‍ശനം നടത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19.8 ശതമാനത്തിന്റെ വര്‍ധനയാണിത്.
അബുദാബിയില്‍ നടക്കുന്ന ലോകോത്തര നിലവാരമുള്ള പരിപാടികളും വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വൈവിധ്യവുമാണ് കൂടുതല്‍പ്പേരെ ആകര്‍ഷിക്കുന്നതെന്ന് സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് അണ്ടര്‍സെക്രട്ടറി സൈഫ് സായിദ് ഗൊബാഷ് പറഞ്ഞു. അല്‍ ദഫ്റ വാട്ടര്‍ ഫെസ്റ്റിവല്‍, ഗുസ്തി ചാമ്പ്യന്‍ഷിപ്പ്, ഈദ് ആഘോഷങ്ങള്‍ എന്നിവയ്ക്കായി അടുത്ത മൂന്ന് മാസങ്ങളിലും ഒട്ടേറെ സന്ദര്‍ശകര്‍ അബുദാബിയിലെത്തുമെന്നും ഗൊബാഷ് പറഞ്ഞു.