Kerala

കൊച്ചിയുടെ വശ്യകാഴ്ചയൊരുക്കി സാഗരറാണി

കൊച്ചിയെ ശരിക്കും കാണണോ? കരയില്‍നിന്നാല്‍ പോര കടവിലിറങ്ങണം. സാഗരറാണി എന്ന ക്രൂസ് വെസ്സല്‍ അടുപ്പിച്ചിരിക്കുന്ന കടവില്‍. അവിടെനിന്ന് ആ ഉല്ലാസനൗകയിലേറി കടലിലേക്കു പോകണം. കായലില്‍നിന്നു നോക്കുമ്പോഴാണ് കൊച്ചി ശരിക്കും അറബിക്കടലിന്റെ റാണിയാകുന്നത്- സാഗരറാണിയുടെ പിന്നില്‍നിന്ന് നഗരത്തെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നവരുടെ മനസ്സ് ഇങ്ങനെ പറഞ്ഞിട്ടുണ്ടാകും. കായല്‍ മറികടന്ന് കടലിലേക്കാണ് കേരളസര്‍ക്കാരിന്റെ സാഗരറാണി പോകുന്നത്. ഈ രണ്ടു മണിക്കൂര്‍ യാത്ര തീര്‍ച്ചയായും നിങ്ങള്‍ ആസ്വദിക്കും.

കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ കീഴിലാണ് സാഗരറാണിമാര്‍. കൊച്ചിയിലൊരു ബോട്ടിങ് ആസ്വദിക്കണമെന്നുള്ളവര്‍ക്ക് സാഗരറാണി തന്നെയാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. രണ്ടു ബോട്ടുകള്‍ യാത്രികരെ കാത്തിരിക്കുന്നുണ്ടാകും. ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കുക. പത്തുകിലോമീറ്റര്‍ ദൂരം കടലിലേക്കു യാത്ര ചെയ്യുക. കൊച്ചിയുടെ മറ്റൊരു മുഖം കാണാം. ഭാഗ്യമുണ്ടെങ്കില്‍ ഡോള്‍ഫിനുകള്‍ ഉല്ലസിക്കുന്നതു കാണാം. എട്ട് ജോലിക്കാരടക്കം നൂറുപേരെ സാഗരറാണി വഹിക്കും. അതായത് വലിയൊരു ഗ്രൂപ്പിന് ഒറ്റയ്ക്കു തന്നെ സാഗരറാണി ബുക്ക് ചെയ്തു യാത്രയാസ്വദിക്കാം. ഇനിയൊരു ബിസിനസ് മീറ്റ് നടത്തണോ? അതിനും സജ്ജമാണ് സാഗരറാണി.

എസി കോണ്‍ഫറന്‍സ് ഹാളുണ്ട് സാഗരറാണിയില്‍ അതില്‍ അന്‍പതുപേര്‍ക്ക് ഇരിക്കാം. കടല്‍ക്കാഴ്ചകള്‍ കണ്ടുകണ്ടങ്ങു സമയം കളയണം എന്നുള്ളവര്‍ക്ക് മുകളിലെ നിലയിലേക്കു കയറാം. അവിടെ കാഴ്ചകള്‍ക്കു ഭംഗം വരുത്താത്ത രീതിയില്‍ സീറ്റുകള്‍ ഒരുക്കിയിട്ടുണ്ട്.

സണ്‍സെറ്റ് ക്രൂസ് പാക്കേജില്‍ ഒരാള്‍ക്ക് നാനൂറു രൂപയാണ് ടിക്കറ്റ് ചാര്‍ജ്. പുഞ്ചിരിയോടെ സ്വീകരിക്കുന്ന വെസ്സല്‍ ജോലിക്കാര്‍. മുകളിലെ മ്യൂസിക് ഫ്‌ലോറില്‍ കൊച്ചിയുടെ ഓരോ കാഴ്ചയും വിവരിച്ചുതരാനും പാട്ടും ആട്ടവുംകൊണ്ട് യാത്രികരെ ഉല്ലസിപ്പിക്കാനായി കലാകാരന്‍മാര്‍, കൊച്ചിയുടെ ഉള്‍ഭാഗത്തുനിന്നു വിശാലതയിലേക്കു തുഴതിരിയുമ്പോള്‍ ഇക്കാണുന്നതാണോ കൊച്ചി എന്നു കണ്‍വിടര്‍ത്തിനോക്കുന്ന യാത്രികര്‍… പാട്ടുകള്‍ക്കനുസരിച്ചു നൃത്തം വയ്ക്കുന്ന കുരുന്നുകള്‍ ഇങ്ങനെ ഒരു ചെറുയാത്രയെ അവിസ്മരണീയമാക്കാനുള്ള സംഘമുണ്ടാകും എന്നും സാഗരറാണിയില്‍.

ഇന്ത്യന്‍ റജിസ്റ്റര്‍ ഓഫ് ഷിപ്പിങ് (ഐആര്‍എസ്) ക്ലാസ് ക്രൂസ് വെസ്സല്‍ ആണ് സാഗരറാണി. രണ്ടെണ്ണമുണ്ട് ഇവിടെ. രണ്ടുമണിക്കൂര്‍ ആണ് സാഗരറാണിയിലെ യാത്ര. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ സമുദ്രപരിധിയായ പതിനഞ്ചുകിലോമീറ്റര്‍ ദൂരം കടലിലേക്കു സഞ്ചരിക്കാന്‍ സാഗരറാണിക്ക് അനുമതിയുണ്ട്. കപ്പലുമല്ല, ബോട്ടുമല്ല, ക്രൂസ് വെസല്‍ എന്ന വിഭാഗത്തിലാണീ യാനം. വിവിധപാക്കേജുകള്‍ സാഗരറാണിയില്‍ ലഭിക്കും. അവയില്‍ ഓരോ ടിക്കറ്റും ബുക്ക് ചെയ്യുന്ന തരത്തിലുള്ളതാണ് സണ്‍സെറ്റ് ക്രൂസ്. അല്ലാതെ, ഒരു മണിക്കൂറിന് പതിനായിരം രൂപ നല്‍കി സാഗരറാണി മുഴുവന്‍ ബുക്ക് ചെയ്തു യാത്ര ചെയ്യുന്നവരുമുണ്ട്. എന്തായാലും ഒരു കാര്യമുറപ്പ്. ഈ കാശിന് ഇത്രയും നല്ലതും എന്നാല്‍ ചെറുതുമായ ക്രൂസിങ് അനുഭവം മെച്ചമാണ്. സണ്‍ സെറ്റ് ക്രൂസില്‍, അവധി ദിവസങ്ങളില്‍ ഒരാള്‍ക്ക് 400 രൂപയാണു ടിക്കറ്റ്‌നിരക്ക്. പ്രവൃത്തി ദിനങ്ങളില്‍ 350 രൂപയുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം- 04842206232 sagararani.in വെബ്‌സൈറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരു ദിവസം മൂന്നു മുതല്‍ അഞ്ചുവരെ ട്രിപ്പുകള്‍ ഉണ്ടാകാറുണ്ട്. സമയം – രാവിലെ 8.30- 10.30, 11-1, 1.30- 3.30, 5.30-7.30, 8-10 Pm