Kerala

കോഴിക്കോട് ഡി ടി പി സി അക്വേറിയം ഉടന്‍ തുറക്കും

മാസങ്ങളായി അടഞ്ഞുകിടക്കുന്ന ബീച്ചിലെ ഡി.ടി.പി.സി.യുടെ കാലിക്കറ്റ് അക്വേറിയം ഉടന്‍ പുനരാരംഭിക്കും. 24-നുശേഷം പുതിയ ടെന്‍ഡര്‍ വിളിച്ച് അക്വേറിയം തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ബീച്ചിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായിരുന്നു ലയണ്‍സ് പാര്‍ക്കിന്റെ വടക്കുഭാഗത്തുള്ള അക്വേറിയം. രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെയായിരുന്നു പ്രവര്‍ത്തനസമയം. വിവിധയിനം അലങ്കാരമത്സ്യങ്ങളും ഒട്ടകപ്പക്ഷി അടക്കമുള്ള അപൂര്‍വ ഇനം പക്ഷികളും ഇവിടത്തെ പ്രത്യേകതകളായിരുന്നു.

മുതിര്‍ന്നവര്‍ക്ക് 15-ഉം കുട്ടികള്‍ക്ക് അഞ്ചുമായിരുന്നു ടിക്കറ്റ് നിരക്ക്. ഡി.ടി.പി.സി.യില്‍നിന്ന് കരാറെടുത്ത് ഒരു സ്വകാര്യകമ്പനിയാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി അക്വേറിയം നടത്തിയിരുന്നത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലുണ്ടായ പ്രളയത്തിന്റെ സമയത്താണ് ഇത് അടച്ചിട്ടത്. വിനോദസഞ്ചാരികള്‍ കുറഞ്ഞതും ഇതിനുകാരണമായി.

പിന്നീട് നടത്തിപ്പിന്റെ കരാര്‍ കാലാവധിയും കഴിഞ്ഞു. ഡി.ടി.പി.സി.യില്‍ സെക്രട്ടറിയില്ലാത്തതും തിരഞ്ഞെടുപ്പുചട്ടം വന്നതുമെല്ലാം പുതിയ ടെന്‍ഡര്‍ വിളിക്കുന്നത് പിന്നെയും വൈകിപ്പിച്ചു. പത്തുമാസത്തോളം അടഞ്ഞുകിടന്ന കെട്ടിടത്തിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഇതിന്റെ ഗേറ്റിന്റെ പലകമ്പികളും അടര്‍ത്തിമാറ്റിയ നിലയിലാണ്. കൂടാതെ, കെട്ടിടത്തിന്റെ കോമ്പൗണ്ടിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നുമുണ്ട്.