ടൂറിസം രംഗത്ത് വന്‍ നേട്ടം കൈവരിച്ച് ബി ആര്‍ ഡി സി
സംസ്ഥാന ടൂറിസം വകുപ്പിന്റെ 2018ലെ സ്ഥിതി വിവരകണക്കുകള്‍ പ്രകാരം വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ നാല് മടങ്ങോളം വളര്‍ച്ചാ നിരക്ക് നേടി കാസര്‍ഗോഡ് ജില്ല ഒന്നാം സ്ഥാനത്തെത്തി. വര്‍ഷങ്ങളായി ടൂറിസം രംഗത്ത് പിന്നോക്കം നില്‍ക്കുന്ന കാസര്‍ഗോഡ് ജില്ല വന്‍ നേട്ടമാണ് കൈവരിച്ചത്. ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (ബി ആര്‍ ഡി സി)ആരംഭിച്ച സ്‌മൈല്‍ പദ്ധതി സൃഷ്ടിച്ച മികച്ച ചലനങ്ങളുടെ നേട്ടമാണ് ഈ വളര്‍ച്ചയ്ക്ക് കാരണം. 24 വര്‍ഷങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ച ബി ആര്‍ ഡി സിയുടെ സ്വപ്‌ന പദ്ധതിയായിരുന്നു സ്‌മൈല്‍.
ചെറുകിട-ഇടത്തരം സംരംഭങ്ങളെ വിന്യസിപ്പിച്ചു കൊണ്ടുള്ള പുതിയൊരു ടൂറിസം വികസന മാതൃകയാണ് ‘സ്മൈല്‍’ പദ്ധതി. പ്രാഥമികമായും വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് നടപ്പിലാക്കിയ സ്മൈല്‍ പദ്ധതിയിലൂടെ ഇതിന് വേണ്ടി സംരംഭകര്‍ക്കുള്ള പരിശീലനം, വിപണനത്തിനുള്ള സഹായക പദ്ധതികള്‍ മുതലായ സേവനങ്ങളാണ് ബി.ആര്‍.ഡി.സി നല്‍കി വരുന്നത്. 57 സംരംഭകര്‍ നടത്തുന്ന 27 സ്മൈല്‍ സംരംഭങ്ങളാണ് കാസര്‍കോഡ് ജില്ലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് വഴി പ്രതിദിനം 200-ല്‍ പരം ടൂറിസ്റ്റുകള്‍ക്ക് താമസിക്കാനുള്ള ഇടത്തരം ബസ്ജറ്റ് റൂമുകള്‍ ജില്ലയിലെ ടൂറിസം മേഖലയില്‍ ലഭ്യമായി. നേരിട്ടും അല്ലാതെയും പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.
പരിശീലനത്തോടൊപ്പം വിപണനത്തിനുള്ള പൊതു സൌകര്യങ്ങളും ടൂറിസം സംരംഭകര്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ടൂറിസ്റ്റുകളെയും സംരംഭകരെയും ബന്ധിപ്പിക്കുന്നതിന് ബിആര്‍ഡിസി രൂപകല്പന ചെയ്ത SMILE വെര്‍ച്ച്വല്‍ ടൂര്‍ ഗൈഡ് മൊബൈല്‍ ആപ്പും പുറത്തിറക്കിയിരുന്നു. https://play.google.com/store/apps/details?id=com.keralatourism.northkeralaexperience ഉത്തര മലബാറിലെ ആകര്‍ഷക കേന്ദ്രങ്ങളുടെ കഥാ രൂപേണയുളള വീഡിയോകളും മറ്റു വിവരങ്ങളും, യാത്രാ മാര്‍ഗ്ഗങ്ങള്‍ മുതലായവക്ക് പുറമെ സ്മൈല്‍ സംരംഭങ്ങളിലൂടെ ലഭ്യമാകുന്ന അനുഭവ വേദ്യ (experiential) സേവനങ്ങളും റൂം ബുക്കിംഗിനുള്ള സൌകര്യവും ഉള്‍ക്കൊള്ളുന്നതാണ് ആന്‍ഡ്രോയിഡ് ആപ്പ്.
സുരംഗ, വടക്കന്‍ കളരി, മംഗലം കളി, യക്ഷഗാനം പാവക്കൂത്ത് മുതലായ ഉത്തര മലബാറിലെ അനുഭവവേദ്യ ടൂറിസം ഘടകങ്ങള്‍ മുന്‍നിര ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് പരിചയപ്പെടുത്താനും സ്മൈല്‍ സംരംഭകരെ ബന്ധിപ്പിക്കാനും ‘സ്മൈല്‍ അംബാസഡേര്‍സ് ടൂര്‍’ സംഘടിപ്പിച്ചതും ശ്രദ്ധേയമായിരുന്നു.വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ക്കൊപ്പം പ്രാദേശിക കലാകാരന്മാര്‍ക്ക് കൂടി മികച്ച അവസരം നല്‍കുന്നതാണ് പദ്ധതി.