Adventure Tourism

കടലാഴങ്ങളിലെ അത്ഭുതങ്ങള്‍ കാണുവാന്‍

കടലിനടിയിലെ അത്ഭുതങ്ങളെ കണ്‍നിറയെ കാണുവാന്‍ വഴികള്‍ ഒരുപാടുണ്ട്. ഗ്ലാസ് ബോട്ടിലെ യാത്ര മുതല്‍ സ്‌കൂബാ ഡൈവിങ്ങ് വരെ ഇഷ്ടംപോലെ കാര്യങ്ങള്‍. എന്നാല്‍ അതില്‍ നിന്നെല്ലാം കുറച്ചുകൂടി വ്യത്യസ്തമായി കടല്‍ക്കാഴ്ചകള്‍ കാണുവാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. ഒരു തരിപോലും പേടിക്കാതെ, നീന്തല്‍ അറിയില്ലെങ്കില്‍ പോലും ഭയപ്പെടാതെ കടലിലേക്ക് ഇറക്കികൊണ്ടുപോകുന്ന സ്‌നോര്‍കലിങ്. ഇതാ ഇന്ത്യയില്‍ സ്‌നോര്‍കലിങ്ങിനു പറ്റിയ ഏറ്റവും മികച്ച ഇടങ്ങള്‍ പരിചയപ്പെടാം…


ആന്‍ഡമാന്‍ ദ്വീപുകള്‍

സ്‌നോര്‍കലിങ്ങിനായി ആളുകള്‍ തേടിച്ചെല്ലുന്ന ഇടങ്ങളിലൊന്നാണ് ആന്‍ഡമാന്‍ ദ്വീപുകള്‍. കടല്‍ക്കാഴ്ചകള്‍ കാണുവാനായി മാത്രം എത്തിച്ചേരുന്ന സഞ്ചാരികള്‍ കടലിലിറങ്ങും എന്നതില്‍ ഒരു സംശയവുമില്ല. തെളിഞ്ഞ നീല നിറത്തിലുള്ള വെള്ളം, മനോഹരമായ ബീച്ചുകള്‍, മഴക്കാടുകള്‍, ട്രക്കിങ്ങ് റൂട്ടുകള്‍ തുടങ്ങി ഒരു സഞ്ചാരി എന്തൊക്ക ആഗ്രഹിക്കുന്നുവോ അതെല്ലാം ഇവിടെ കാണാം. ഇവിടുത്തെ മിക്ക ബീച്ചുകളിലും സ്‌നോര്‍ക്കലിങ്ങിന് സൗകര്യമുണ്ടെങ്കിലും എലിഫന്റ് ബീച്ച്, ഹാവ്‌ലോക്ക് ദ്വീപ് തുടങ്ങിയ സ്ഥലങ്ങളാണ് ഇതിന് പ്രശസ്തം. 30 മിനിട്ട് സ്‌നോര്‍കലിങ് നടത്തുന്നതിന് ഇവിടെ 1000 രൂപ വരെയാണ് ചിലവ്.

നേത്രാണി ഐലന്‍ഡ്, കര്‍ണ്ണാടക

കര്‍ണ്ണാടകയിലെ ഏറെയൊന്നും കേട്ടിട്ടില്ലാത്ത ഇടമാണ് നേത്രാണി ദ്വീപ്. പ്രാവുകളുടെ ആധിക്യം കൊണ്ട് പീജിയണ്‍ ദ്വീപ് എന്നും അറിയപ്പെടുന്ന ഇത് കടലിനുള്ളിലെ അപൂവ്വ കാഴ്ചകള്‍ കാണുവാന്‍ താല്പര്യമുള്ളവര്‍ പോയിരിക്കേണ്ട ഇടമാണ്. മുരുഡേശ്വറില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയായി അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന നേത്രാണി ദ്വീപ് കര്‍ണ്ണാടകയിലെ ഉയര്‍ന്നു വരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കരയില്‍ നിന്നും 10 നോട്ടിക്കല്‍ മൈല്‍ ദൂരം അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. സ്‌കൂബാ ഡൈവിങ്ങിനും ഇവിടെ അവസരമുണ്ട്.

ലക്ഷദ്വീപ്

ആയിരം ദ്വീപുകളുടെ നാടായ ലക്ഷദ്വീപില്‍ ഒരിക്കലെങ്കിലും പോയിരിക്കണം എന്നു ആഗ്രഹിക്കാത്തവര്‍ കാണില്ല. കടലിന്റെും തീരങ്ങളുടെയും കാഴ്ചകള്‍ അതിമനോഹരമായി കാണിച്ചു തരുന്ന ലക്ഷദ്വീപ് പവിഴപ്പുറ്റുകളാല്‍ സമ്പന്നമായ ഇടം കൂടിയാണ്. ഇവിടുത്തെ മിക്ക ദ്വീപുകളിലും സാഹസിക വിനോദങ്ങള്‍ക്ക് പ്രത്യേക ഇടങ്ങളുണ്ട്. ബംഗാരം, കടമത്ത് തുടങ്ങിയ ദ്വീപുകളിലാണ് സ്‌നോര്‍ക്കലിങ്ങ് നന്നായി ചെയ്യുവാന്‍ സാധിക്കുക. വ്യത്യസ്ത തരത്തിലുള്ള മത്സ്യങ്ങളെ കൂടാതെ കടല്‍ ജീവികളെയും സസ്യങ്ങളെയും ഇവിടുത്തെ സ്‌നോര്‍കലിങ്ങില്‍ കണ്ടെത്താം.

ഗോവ

ഇന്ത്യയിലെ ഏറ്റവും മികച്ച ബീച്ച് ഡെസ്റ്റിനേഷനായി അറിയപ്പെടുന്ന ഗോവയാണ് സ്‌നോര്‍കലിങ്ങിനു പറ്റിയ മറ്റൊരിടം. ബീച്ചിനെയും സൂര്യനെയും തീരങ്ങളെയും ഇഷ്ടപ്പെടുന്നവര്‍ക്ക് സാധ്യതകള്‍ ഒരുപാടുള്ള നാടാണിത്. ഇവിടെ എത്തിയിട്ട് സ്‌നോര്‍കലിങ് ചെയ്തില്ല എങ്കില്‍ അത് ഗോവ യാത്രയിലെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നായിരിക്കും എന്നതില്‍ സംശയമില്ല. സിന്‍ക്വിരിം ബീച്ച്, ഗ്രാന്‍ഡെ ഐലന്‍ഡ്, മങ്കി ഐലന്‍ഡ്, പാലോലം ബീച്ച്, തുടങ്ങിയ സ്ഥലങ്ങളില്‍ സ്‌നോര്‍കലിങ്ങ് നടത്താം. എന്നാല്‍ ഇന്ത്യയിലെ മറ്റിടങ്ങളെ അപേക്ഷിച്ച് ഗോവയില് സ്‌നോര്‍കലിങ്ങിന് ചിലവ് അധികമാണ്.

തര്‍കാര്‍ലി, മഹാരാഷ്ട്ര

മഹാരാഷ്ട്രയില്‍ സഞ്ചാരികള്‍ കേട്ടിട്ടുപോലുമില്ലാത്ത ഇടങ്ങള്‍ ഒരുപാടുണ്ട്. അതില്‍ ഏറ്റവും പ്രശസ്തമായ ഇടമാണ് കര്‍കാര്‍ലി, കൊങ്കണ്‍ തീരത്തെ അധികം അറിയപ്പെടാത്ത തര്‍കാര്‍ലി കടലില്‍ സാഹസികത തിരയുന്നവര്‍ക്ക് പറ്റിയ ഇടമാണ്. വിശാലമായ കടലും തുടക്കക്കാര്‍ക്കും പ്രാഗത്ഭ്യം നേടിയവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ കഴിയുന്ന വിനോദങ്ങളും ഒക്കെ ഈ പ്രദേശത്തെ വ്യത്യസ്തമാക്കുന്നു.