Destinations

ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും കഥകളുറങ്ങുന്ന ദ്രവ്യപ്പാറയുടെ വിശേഷങ്ങള്‍

തിരുവനന്തപുരത്തിന് ഒരു പ്രത്യേകതയുണ്ട്.. ഒരു നഗരത്തിന്റെ എല്ലാ തിരക്കുകളും ഈ തലസ്ഥാന നഗരത്തില്‍ കാണാമെങ്കിലും അതിന്റെയൊന്നും ഒരു ബഹളവും തിരക്കും ഈ നാടിനില്ല. പൂവാറും പൊന്മുടിയും ബോണാക്കാടും അഗസ്ത്യാര്‍കൂടവും ഒക്കെ തേടി സഞ്ചാരികള്‍ ഇവിടേക്ക് വീണ്ടും വീണ്ടും കയറുമ്പോള്‍ അറിയപ്പെടാത്ത ഇടങ്ങള്‍ ഏറെയുണ്ട് എന്നത് മറക്കരുത്. പുറംനാട്ടുകാര്‍ക്ക് അന്യമായ, പ്രദേശവാസികളുടെ വാക്കുകളിലൂടെ മാത്രം അറിയപ്പെടുന്ന നൂറുകണക്കിനിടങ്ങള്‍. അവയില്‍ പലതും ഒരുക്കിയിരിക്കുന്ന കാഴ്ചകള്‍ക്കും അതിശയങ്ങള്‍ക്കും ഒരു കയ്യും കണക്കുമുണ്ടാവില്ല. അത്തരത്തിലൊരിടമാണ് ദ്രവ്യപ്പാറ. അമ്പൂരിയെന്ന ഗ്രാമത്തോട് ചേര്‍ന്നു കിടക്കുന്ന ഇവിടം അധികമാരുടെയും കണ്ണില്‍പ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും കഥകളുറങ്ങുന്ന ദ്രവ്യപ്പാറയുടെ വിശേഷങ്ങളിലേക്ക്…


ദ്രവ്യപ്പാറ

പഴമയുടെ കഥകളും കെട്ടുപിണഞ്ഞു കിടക്കുന്ന മിത്തുകളും ഒക്കെയായി തലയുയര്‍ത്തി നില്‍ക്കുന്ന നാടാണ് ദ്രവ്യപ്പാറ. ഒരിക്കല്‍ ഇവിടെ എത്തിയാല്‍ തിരികേ പോകണമോ എന്നു നൂറുവട്ടം ചിന്തിപ്പിക്കുന്ന ഈ നാട് അമ്പൂരി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. അമ്പൂരിയുടെ വ്യൂ പോയിന്റ് എന്നാണ് ഇവിടം അറിയപ്പെടുന്നത്.

നെല്ലിക്കാമലയുടെ മുകളില്‍

അമ്പൂരിയിലെ നെല്ലിക്കാമലയുടെ മുകളില്‍ സമുദ്ര നിരപ്പില്‍ നിന്നും 1500 അടിയോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ദ്രവ്യപ്പാറയില്‍ ഏതൊരു സാഹസികനെയും ആകര്‍ഷിക്കുന്ന കാര്യങ്ങളുണ്ട്. മാര്‍ത്താണ്ഡ വര്‍മ്മ ഒളിച്ചു താമസിച്ചു എന്നു കരുതപ്പെടുന്ന ഇടവും ആദിവാസികളുടെ ഗുഹാ ക്ഷേത്രവും മലയുടെ മുകളിലെ കാഴ്ചകളും ആണ് ഇവിടുത്തെ പ്രത്യേകതകള്‍.

മാര്‍ത്താണ്ഡ വര്‍മ്മ ഒളിച്ചു താമസിച്ച നാട്

മാര്‍ത്താണ്‍ വര്‍മ്മ ഒളിച്ചു താമസിച്ച ഇടമെന്ന വിശേഷണവും ദ്രവ്യപ്പാറയ്ക്കുണ്ട്. എട്ടു വീട്ടില്‍ പിള്ളമ്മാരില്‍ നിന്നും രക്ഷപെടാനായി ഒളിസങ്കേതമായി അദ്ദേഹം തിരഞ്ഞെടുത്തത് ദ്രവ്യപ്പാറയെയാണത്രെ. പാറകളില്‍ ചവിട്ടി മാത്രം എത്തിച്ചേരുവാന്‍ പറ്റിയ ഇവിടെ മാര്‍ത്താണ്ഡ വര്‍മ്മയെ മലമുകളില്‍ എത്തിക്കുന്നിനായി ആദിവാസികള്‍ പാറയില്‍ പടികള്‍ കൊത്തിയത്രെ. അന്ന അവര്‍ കൊത്തിയ 101 പടികളില്‍ 72 എണ്ണം ഇന്നും നിലനില്‍ക്കുന്നു. ഇതില്‍ ചവിട്ടിയാണ് സഞ്ചാരികള്‍ ദ്രവ്യപ്പാറയുടെ മുകളില്‍ എത്തിച്ചേരുന്നത്.


രാവിലെ നട്ടാല്‍ ഉച്ചയ്ക്ക് കൊയ്യാം

തന്നെ സഹായിച്ച ആദിവാസികളെ മാര്‍ത്താണ്ഡ വര്‍മ്മ സഹായിക്കുവാന്‍ മറന്നില്ല എന്നാണ് പഴമക്കാര്‍ പറയുന്നത്. അവര്‍ക്ക് ദ്രവ്യപ്പാറയോട് ചേര്‍ന്ന് മാര്‍ത്താണ്ഡ വര്‍മ്മ 1001 പറ നിലം കരം ഒഴിവാക്കി പതിച്ചു നല്കിയത്രെ. ഇന്ന് അതൊന്നും ഇവിടെ കാണാനില്ലെങ്കിലും കഥകള്‍ക്കൊന്നും ഒരു പഞ്ഞവുമില്ല. രാജാവ് നല്കിയ ഭൂമിയില്‍ അവര്‍ പ്രത്യേകതരം വിത്താണ് കൃഷി ചെയ്തിരുന്നത്. രാവിലെ നട്ട് ഉച്ചയ്ക്ക് കൊയ്ത് നടത്തുവാന്‍ പറ്റുന്ന രീതിയിലുള്ള ഇത് അരിയാക്കി അത് പിന്നീട് പായസമാക്കി അവര്‍ ഇവിടുത്തെ ഗുഹാ ക്ഷേത്രത്തില്‍ നിവേദിച്ചിരുന്നുവെന്നും കഥകളുണ്ട്. അന്ന് നട്ട് അതേ ദിവസം തന്നെ അരിയാക്കി മാറുന്നതിനാല്‍ അന്നൂരി എന്നും ഇവിടം അറിപ്പെടുന്നു. അതാണ് പിന്നാട് അമ്പൂരി ആയതെന്നും ഒരപ ഐതിഹ്യമുണ്ട്.

ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനം

വിശ്വാസികള്‍ക്ക് അമ്പരപ്പും സഞ്ചാരികള്‍ക്ക് അതിശയവും സമ്മാനിക്കുന്ന ഒന്നാണ് ദ്രവ്യപ്പാറ ഗുഹാ ക്ഷേത്രം. കഥകളാലും നിഗൂഢതകളാലും ഒക്കെ സമ്പന്നമാണ് ഇവിടം. ദക്ഷിണ ഭാരതത്തിലെ ഏകപ്രകൃതി ദത്ത ശിവലിംഗ രൂപം ഇവിടെയാണത്രെ ഉള്ളത്. കൂടാതെ തമിഴ്‌നാട്ടിലെയും കേരളത്തിലെയും 143 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായും ഇതിനെ കരുതിപ്പോരുന്നു. ഇവിടെ എത്തി പ്രാര്‍ഥനകളും പൂജകളും കഴിപ്പിക്കുന്നത് പുണ്യ പ്രവര്‍ത്തിയായാണ് വിശ്വാസികള്‍ കരുതുന്നത്.

താഴിട്ടു പൂട്ടാത്ത ക്ഷേത്രം

വിശ്വാസത്തിലും കഥകളിലും മാത്രമല്ല, ഇവിടം പ്രസിദ്ധം. സമ്പന്നമായ ഈ ക്ഷേത്രത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദക്ഷിണാമൂര്‍ത്തി വിഗ്രഹങ്ങളും പാത്രങ്ങളും നിലവിളക്കുകളും ഒക്കെയുണ്ട്. എന്നാല്‍ ഈ ക്ഷേത്രം താഴിട്ട് പൂട്ടി സൂക്ഷിക്കാറില്ല എന്നു മാത്രമല്ല, സംരക്ഷിക്കുവാന്‍ കാവല്‍ക്കാര്‍ പോലുമില്ല. ആരും ഒന്നും ഇവിടെ നിന്നും എടുക്കാറില്ല എന്നതിനാലാണ് ഇങ്ങനെ. സര്‍ക്കാര്‍ ഉടമസ്ഥതയിലാണ് ക്ഷേത്രം സംരക്ഷിക്കപ്പെടുന്നത്.

ശിവരാത്രിയില്‍

143 ശിവക്ഷേത്രങ്ങളുടെ മൂല സ്ഥാനമായ ഇവിടെ ശിവരാത്രി നാളുകളിലാണ് പ്രധാന ആഘോഷങ്ങള്‍ നടക്കുന്നത്. അന്നേ ദിവസം ഇവിടെ എത്തുന്ന വിശ്വാസികള്‍ ഇവിടുത്തെ ദക്ഷിണാമൂര്‍ത്തി ഗുഹാ ക്ഷേത്രത്തിലേക്ക് തീര്‍ഥാടന യാത്രയും നടത്തുവാറുണ്ട്.


ശംഖുമുഖവും വിമാനത്താവളവും

ദ്രവ്യപ്പാറയുടെ മുകളില്‍ നിന്നുള്ള കാഴ്ചകളാണ് ഇവിടുത്തെ അടുത്ത ആകര്‍ഷണം. ശംഖുമുഖം കടല്‍ത്തീരവും കപ്പലുകള്‍ പോകുന്നതും തിരുവനന്തപുരം വിമാനത്താവളവും ഒക്കെ കാണാന്‍ സാധിക്കും.

കാളിമല

അമ്പൂരിയ്ക്ക് സമീപത്തുള്ള മറ്റൊരു സ്ഥലമാണ് കാളിമല. മലകയറ്റത്തില്‍ താല്പര്യമുള്ളവര്‍ക്ക് പരീക്ഷിക്കുവാന്‍ പറ്റിയ ഇടമാണിത്. ബഹളങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നും ഒക്കെ മാറി ക്യാംപിങ്ങിനും ട്രക്കിങ്ങിനും ഒക്കെ പറ്റിയ ഇടം കൂടിയാണിത്.

അമ്പൂരി

വൈവിധ്യങ്ങള്‍ കൊണ്ട് ഏതൊരു സഞ്ചാരിയെയും ആകര്‍ഷിക്കുവാന്‍ കഴിയുന്ന നാടാണ് അമ്പൂരി. മാര്‍ത്താണ്ഡ വര്‍മ്മ രാജാവിന്റെ വില്ലളികളില്‍ പ്രമുഖനായിരുന്നുവത്രെ ചടച്ചി മാര്‍ത്താണ്ഡന്‍പിള്ള. ഒരിക്കല്‍ ഒറ്റശേഖരമംഗലത്തു നിന്നും അദ്ദേഹം ഒരിക്കല്‍ ഒരു അമ്പെയ്ത്തു മത്സരത്തില്‍ പങ്കെടുക്കുകയുണ്ടായി. അതില്‍ അദ്ദേഹം എയ്ത അമ്പ് കുറേ അകലെയുള്ള ഒരു മരത്തില്‍ തറച്ചു. അങ്ങനെ അത് ഊരിടെയുത്ത് ആ മരത്തില്‍ പ്രത്യേക അടയാളം സ്ഥാപിച്ചു. അങ്ങനെ അമ്പൂരിയ സ്ഥലമാണ് അമ്പൂരി എന്നറിയപ്പെടുന്നത് എന്നാണ് കഥ. അമ്പൂരിയെ ചുറ്റിയൊഴുകുന്ന നെയ്യാറാണ് ഇവിടുത്തെ കാഴ്ച. തിരുവനന്തരപുരത്തു നിന്നും ഒരൊറ്റ ദിവസത്തെ യാത്രയ്ക്ക് ധൈര്യമായി തിരഞ്ഞെടുക്കുവാന്‍ പറ്റിയ ഇടം കൂടിയാണ്.

എത്തിച്ചേരാന്‍

തിരുവനന്തപുരം ജില്ലയിലെ അമ്പൂരി പഞ്ചായത്തിലാണ് ദ്രവ്യപ്പാറ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും 40 കിലോമീറ്റര്‍ അകലെ അമ്പൂരിയിലെ നെല്ലിക്കാമലയുടെ മുകളിലാണ് ദ്രവ്യപ്പാറ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും കാട്ടാക്കട-കള്ളിക്കാട് വഴി അമ്പൂരിയിലെത്താം. കുടപ്പനമൂട്, പൊട്ടന്‍ചിറയില്‍ നിന്നും മലമുകള്‍ വരെ റോഡുണ്ട്. അവിടെ നിന്നും അര കിലോമീറ്റര്‍ ദൂരം നടന്ന് മാത്രമേ ദ്രവ്യപ്പാറയില്‍ എത്താനാവൂ. . വാഴിച്ചല്‍, കുട്ടമല വഴി പുറുത്തിപ്പാറ റോഡിലൂടെയും 10 മിനിട്ട് നടന്നാല്‍ ഇവിടെ എത്താം