News

ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള പുതിയ നിരക്ക് പ്രഖ്യാപിച്ചു

ഈ വര്‍ഷം ഹജ്ജ് നിര്‍വ്വഹിക്കുന്നതിനുള്ള ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകരുടെ പാക്കേജ് നിരക്കുകള്‍ ഹജ്ജ് – ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. പാക്കേജുകളില്‍ പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തുകയും പേരുകളില്‍ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ നിരക്ക് 3465 റിയാലാണ്. ഇതിനു പുറമെ മൂല്യ വര്‍ധിത നികുതികൂടി നല്‍കണം. ഇക്കോണമി-2 വിഭാഗത്തിലാണ് ഈ നിരക്ക് നല്‍കേണ്ടത്.

ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിവിധ പാക്കേജുകളുടെ പേരുകളും മാറ്റിയിട്ടുണ്ട്. ജനറല്‍ പാക്കേജ് വിഭാഗത്തിന്റെ പേര് അല്‍ ദിയാഫ എന്നാക്കി. കുറഞ്ഞ നിരക്കില്‍ ഹജ്ജ് നിര്‍വ്വഹിക്കുന്നതിന് അവസരമൊരുക്കുന്ന പാക്കേജിന്റെയും അല്‍മുയസ്സര്‍ പാക്കേജിന്റെയും പേരുകള്‍ ഇക്കോണമി -1, ഇക്കോണമി -2 എന്നാക്കിയും മാറ്റി.

ഹജ്ജ് സര്‍വീസ് കമ്പനികളുടെയും സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ഏകീകൃത മാതൃകയിലുള്ള യൂണിഫോം ബാധകമാക്കുന്നതിനും തീരുമാനമായി. ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന തൊഴിലാളികള്‍ക്കും ഏകീകൃത യൂണിഫോം ബാധകമാക്കും. കൂടാതെ ഓരോ പാക്കേജുകളും നടപ്പിലാക്കുന്ന സര്‍വീസ് കമ്പനികളുടെ സൈന്‍ ബോര്‍ഡുകള്‍ക്കും ഏകീകൃത നിറം നല്‍കും.

സേവന നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഹജ്ജ് സര്‍വീസ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി വെയിറ്റേജ് പോയിന്റ് നല്‍കുന്ന രീതിയിലും ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. അഞ്ചു വര്‍ഷത്തില്‍ ഒരിക്കലേ മാത്രം ഹജ്ജ് നിവ്വഹിക്കുന്നതിന് അവസരം നല്‍കുന്ന വ്യവസ്ഥയില്‍ നിന്ന് പ്രത്യേക ഇളവുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമണങ്ങളും പരിഷ്‌ക്കരിച്ചിട്ടുണ്ട്.