Destinations

കോവിലൂര്‍ കണ്ടതിലേറെ കാഴ്ചകളുമായി കാത്തിരിക്കുന്ന ഗ്രാമം

പറഞ്ഞും കണ്ടും തീര്‍ത്ത മൂന്നാറിനെക്കുറിച്ച് കൂടുതലെന്താണ് പറയുവാനുള്ളതെന്നല്ലേ… മൂന്നാറല്ല… മൂന്നാറില്‍ നിന്നും പത്തു നാല്പത് കിലോമീറ്റര്‍ അകലെ അധികമൊന്നും ആളുകള്‍ കടന്നു ചെന്നിട്ടില്ലാത്ത ഒരു നാട്. തട്ടുതട്ടായി കിടക്കുന്ന കൃഷി ഭൂമിയും ആരെയും ഒന്നു കൊതിപ്പിക്കുന്ന കൃഷികളും പച്ചപ്പുമായി കിടക്കുന്ന കോവിലൂര്‍. കോവിലുകളുടെ നാട് എന്ന കോവിലൂര്‍. മലകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ നാടിന്റെ വിശേഷങ്ങളറിയേണ്ടെ?

കോവിലൂര്‍

മൂന്നാറില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കോവിലൂര്‍ സഞ്ചാരികളുടെ ലിസ്റ്റില്‍ അധികം കയറിയിട്ടില്ലാത്ത നാടാണ്. വട്ടവടയെന്ന സഞ്ചാരികളുടെ സ്വര്‍ഗ്ഗത്തിനോട് ചേര്‍ന്നാണ് കോവിലൂരുള്ളത്. കാര്‍ഷിക ഗ്രാമമെന്നറിയപ്പെടുന്ന ഇവിടേക്ക് സ്ഥലങ്ങള്‍ കീഴടക്കുവാനുള്ള മനസ്സുമായല്ല പോകേണ്ടത്…പകരം കാഴ്ചകളെ കണ്ണു തുറന്ന് കണ്ട് പ്രകൃതിയെ അറിയുവാനുള്ള മനസ്സുമായി വേണം ഇവിടേക്ക് പോകുവാന്‍.

കോവിലൂര്‍ എന്നാല്‍

കോവിലുകളുടെ ഊര് എന്നാണ് കോവിലൂര്‍ എന്ന വാക്കിനര്‍ഥം. തമിഴ്‌നാടിനോട് ചേര്‍ന്നു നില്‍ക്കുന്ന ഉവിടം ഒറ്റപ്പെട്ട തുരുത്താണ് എന്നു പറഞ്ഞാലും തെറ്റില്ല. കുറഞ്ഞത് ഒരു അറുപത് വര്‍ഷമെങ്കിലും പിന്നോട്ടടിക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്.

അപരിചിതമായ നാട്

മൂന്നാറിന്റെയും കാന്തല്ലൂരിന്റെയും ഒക്കെ സൗന്ദര്യം തേടി ഇവിടെ വരുന്നവരെ തീര്‍ത്തും അപരിചിതമായ കാഴ്ചകളായിരിക്കും കാത്തിരിക്കുന്നത്. വട്ടവട കഴിഞ്ഞാല്‍ പിന്നെ കോവിലൂരാണ് ആ ഗ്രാമം. അതുവരെ കണ്ട കാഴ്ചകളില്‍ നിന്നും മൊത്തത്തില്‍ മാറി വളരെ വ്യത്യസ്തമായ ഒരിടമാണ് കോവിലൂര്‍. ഒരു കാര്യത്തിലും ആധുനികത തൊട്ടുതീണ്ടാത്ത നാട്. പരമ്പരാഗത കൃഷിരീതികളും നിയമങ്ങളും ചട്ടങ്ങളും പിന്തുടരുന്ന ഒരിടംകൂടിയാണിത്.

ചുമടെടുക്കുവാന്‍ കോവര്‍ കഴുതകള്‍

വളരെ ലളിതമായി ജീവിതം നയിക്കുന്നവരാണ് ഇവിടെയുള്ളര്‍. ഇവിടുത്തെ ഭൂരിഭാഗം ആളുകളും കൃഷിക്കാരാണ്.വാഹന സൗകര്യം ഇപ്പോഴും പരിമിതമായ ഇവിടെ ചുമടെടുക്കുവാനായി കോവര്‍ കഴുതകളെയാണ് ഉപയോഗിക്കുന്നത്. തട്ടുതട്ടായുള്ള കൃഷിയിടങ്ങളാണ് മറ്റൊരു കാഴ്ച.

തനിനാടന്‍ കാഴ്ചകള്‍

കേരളത്തില്‍ സ്ഥിതി ചെയ്യുമ്പോളും തമിഴ്‌നാടിന്റെ സ്വാധീനവും സംസ്‌കാരവും പിന്ടുടരുന്ന നാടാണ് കോവിലൂര്‍. ഒറ്റമുറി വീടുകളും പരമ്പരാഗത കൃഷി രീതികളും ഒക്കെയയാി തികച്ചും വ്യത്യസ്തമായ കാഴ്ചകളാണ് ഇവിടെയുള്ളത്. ശക്തമായ ജാതി വ്യവസ്ഥയും മറ്റും ഇന്നും നിലനില്‍ക്കുന്ന ഇടം കൂടിയാണിത്. സര്‍ക്കാര്‍ വ്യവസ്ഥകള്‍ ഇവിടെയുണ്ടങ്കിലും അവസാന വാക്ക് ഗ്രാമത്തിലെ മൂപ്പനാണ്. കുറ്റത്തിന് ശിക്ഷയും അവസാന തീര്‍പ്പുകളും ഒക്കെ അദ്ദേഹത്തിന്റേതായിരിക്കും.

എത്തിച്ചേരാന്‍

ഔദ്യോഗികമായി കേരളത്തിലാണെങ്കിലും തമിഴ്‌നാടിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഇടമാണ് കോവിലൂര്‍. മൂന്നാറില്‍ നിന്നും ടോപ് സ്റ്റേഷന്‍-പാമ്പാടുംചോല ദേശീയോദ്യാനം-വട്ടവട വഴി കോവിലൂരിലെത്താം. മൂന്നാറില്‍ നിന്നും ഇവിടേക്ക് 44.1 കിലോമീറ്റര്‍ ദൂരമാണുള്ളത്.