Adventure Tourism

ബാംഗ്ലൂര്‍ നഗരത്തിലെ സാഹസിക ഇടങ്ങള്‍

യാത്രയും യാത്രാ ഇഷ്ടങ്ങളും ഏതുതരത്തിലുള്ളതായാലും എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഇടങ്ങളിലൊന്നാണ് കര്‍ണ്ണാടക. തീര്‍ഥാടന കേന്ദ്രങ്ങളും മലനിരകളും സാഹസിക ഇടങ്ങളും കടലും കടല്‍ത്തീരവും ഒക്കെയായി എന്തും കിട്ടുന്ന ഒരിടം. കലയും സംസ്‌കാരവും രുചികളും ആളുകളും ഒക്കെയായി വ്യത്യസ്സത തീര്‍ക്കുന്ന ഇവിടുത്തെ ഇടമാണ് ബാംഗ്ലൂര്‍. പല നാടുകളില്‍ നിന്നും കൂടിച്ചേര്‍ന്ന ആളുകള്‍ താമസിക്കുന്ന ഇടം. സഞ്ചാരികളെ സംബന്ധിച്ച് ഒരു ട്രാവല്‍ ഹബ്ബ് തന്നെയായ ബാംഗ്ലൂരില്‍ നിന്നും സാഹസിക യാത്രയ്ക്ക് പോകുവാന്‍ പറ്റിയ കുറച്ച് ഇടങ്ങള്‍ പരിചയപ്പെടാം.

അന്തര്‍ ഗംഗെ


ഒരുപാട് ആളുകള്‍ക്കൊന്നും അറിയില്ലെങ്കിലും സാഹസികര്‍ തേടിപ്പിടിച്ചെത്തുന്ന ഇടങ്ങളിലൊന്നാണ് അന്തര്‍ ഗംഗെ. അന്തര്‍ഗംഗെ എന്നാല്‍ ഭൂമിക്കുള്ളിലെ ഗംഗ എന്നാണ് അര്‍ഥം. ദക്ഷിണ കാശി എന്നും ഇവിടം അറിയപ്പെടുന്നു. ബാംഗ്ലൂരില്‍ നിന്നും 68 കിലോമീറ്റര്‍ അകലെ കോലാര്‍ ജില്ലയിലാണ് അന്തര്‍ഗംഗെയുള്ളത്. ശിവന് സമര്‍പ്പിച്ചിരിക്കന്ന ശ്രീ കാശി വിശ്വേശ്വര ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. കല്ലുകള്‍ നിറഞ്ഞ വഴികളിലൂടെ പാറക്കെട്ടുകളിലൂടെ വലിഞ്ഞ് കയറി മുന്നോട്ട് പോവുക എന്നതാണ് ഇവിടുത്തെ ഹൈക്കിങ്ങിന്റെ പ്രത്യേകത. ശിവക്ഷേത്രത്തിന്റെ പുറകില്‍ നിന്നും ആരംഭിക്കുന്ന യാത്രയില്‍ വേറെ ചില ഗുഹകളും കാണാം. അന്തര്‍ഗംഗെ ഗുഹയിലേക്കുള്ള യാത്ര വീതി കുറഞ്ഞ പാതയിലൂടെ കുത്തനെ ഇറക്കമിറങ്ങിയുള്ളതാണ്. ക്യാംപിങ്ങിനും നൈറ്റ് ട്രക്കിങ്ങിനുമായും ആളുകള്‍ ഇവിടെ എത്തുന്നു.

ഭീമേശ്വരി


സാഹസികത അതിന്റെ എക്‌സ്ട്രീം ലെവലില്‍ ആസ്വദിക്കണമെങ്കില്‍ ബാംഗ്ലൂരില്‍ നിന്നും പോകുവാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ് ബീമേശ്വരി. പ്രകൃതി സ്‌നേഹികള്‍ക്കും സഞ്ചാരികള്‍ക്കും യാത്രികര്‍ക്കും ഒക്കെ ഒരുപോലെ ഇഷ്ടപ്പെടുന്ന ഇവിടം കൂട്ടുകാരൊത്ത് അവധി ദിവസങ്ങള്‍ ചിലവഴിക്കുവാന്‍ ആണ് കൂടുതലായും ആളുകള്‍ ഇവിടെ എത്തുന്നത്. ബാംഗ്ലൂരില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരെ മാണ്ഡ്യ ജില്ലയിലാണ് ഭീമേശ്വരി സ്ഥിതി ചെയ്യുന്നത്. ഫിഷിങ്ങ്, സിപ് ലൈനിങ്, കയാക്കിങ്ങ്, തുടങ്ങിയ സാഹസിക വിനോദങ്ങളില്‍ പങ്കെടുക്കുക എന്നതാണ് ഇവിടെ എത്തുന്നവരുടെ പ്രധാന ലക്ഷ്യം. വനത്തിനുള്ളിലൂടെയുള്ള ട്രക്കിങ്ങ്, ആനസംരക്ഷണ കേന്ദ്രം, മണ്ണകൊണ്ടുണ്ടാക്കിയ കോട്ടേജിലെ താമസം തുടങ്ങിയവ ഇവിടെ ചെയ്യുവാന്‍ പറ്റിയ മറ്റു കാര്യങ്ങളാണ്.

സാവന്‍ദുര്‍ഗ്ഗ

ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍പ്പാറ എന്നറിയപ്പെടുന്ന സാവന്‍ദുര്‍ഗ്ഗ അല്പം സാഹസികതയും സ്റ്റാമിനയും ഒക്കെയുള്ളവര്‍ക്ക് പോകുവാന്‍ പറ്റിയ ഇടമാണ്. ബാംഗ്ലൂരില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ സാഹസികമായി പാറയിലൂടെ മുകളിലേക്ക് കയറുകയാണ ചെയ്യേണ്ടത്. മരണത്തിന്റെ കുന്ന് എന്നറിയപ്പെടുന്ന സാവന്‍ദുര്‍ഗ്ഗ ഡെക്കാന്‍ പീഢഭൂമിയുടെ ഒരു ഭാഗം കൂടിയാണ്. ബെംഗളുരു നിവാസികളുടെ പ്രിയപ്പെട്ട വീക്കെന്‍ഡ് ഡെസ്റ്റിനേഷനായ ഇവിടം സമുദ്ര നിരപ്പില്‍ നിന്നും 1226 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കൃത്യമായ പടവുകള്‍ ഒന്നും ഇവിടെ ഇല്ലാത്തതിനാല്‍ മലകയറ്റം എല്ലായ്‌പ്പോഴും കൂടുതല്‍ ദുഷ്‌കരമായിരിക്കും.


കാവേരി നദി

സമ്മാനിക്കുന്ന ഏറ്റവും മനോഹരമായ കാഴ്ചകളില്‍ ഒന്നാണ് ഹൊഗ്ഗെനക്കല്‍ വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടം ബാംഗ്ലൂരില്‍ നിന്നും 148 കിലോമീറ്റര്‍ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട്ടിലെ ധര്‍മ്മ പുരിയിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. ശക്തിയേറിയ വെള്ളച്ചാട്ടം കാരണം പാറകളില്‍ നിന്നും പുക വരുന്നതു പോലെ തോന്നിക്കുന്നതിനാലാണ് ഇതിന് ഹൊഗ്ഗെനക്കല്‍ എന്ന പേരു ലഭിച്ചത്. കാര്‍ബൊറ്റെറ്റ് പാറകളാല്‍ നിറഞ്ഞ ഇവിടം ഇന്ത്യയിലെ നയാഗ്ര എന്നും അറിയപ്പെടുന്നു. മഴക്കാലമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്

നന്ദി ഹില്‍സ്

ബാംഗ്ലൂരില്‍ നിന്ന് ഒരു നാള്‍ യാത്രയ്ക്ക് പറ്റിയ ഹില്‍സ്റ്റേഷന്‍ പരതുന്നവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലമാണ് നന്ദിഹില്‍സ്. ബാംഗ്ലൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന നന്ദിഹില്‍സ് ചിക്കബെല്ലാപ്പൂര്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരില്‍ നിന്ന് അതിരാവിലെ തന്നെ നന്ദിഹില്‍സില്‍ എത്തിച്ചേരുന്നതാണ് നല്ലത്.നന്ദിഹില്‍സിലെ പ്രഭാത കാഴ്ചകാണാന്‍ അതിരാവിലെ തന്നെ എഴുന്നേറ്റ് ഇവിടെ എത്തണം. കോടമഞ്ഞില്‍ പുതച്ച് മൂടിക്കിടക്കുന്ന മലനിരകളെ ഉദയസൂര്യന്റെ കിരണങ്ങള്‍ മുട്ടിവിളിക്കുന്ന കാഴ്ച അതീവ ഹൃദ്യമാണ്.ടിപ്പുസുല്‍ത്താന്‍ വേനല്‍ക്കാലം ചിലവിട്ടത് നന്ദിഹില്‍സിലായിരുന്നു. ഇതിനായി അദ്ദേഹം ഇവിടെ ഒരു കൊട്ടാരവും പണികഴിപ്പിച്ചിട്ടുണ്ട്. കീഴടക്കാന്‍ സാധ്യമല്ലാത്തത് എന്ന് പേരിട്ട് മൈസൂര്‍ സുല്‍ത്താനായിരുന്ന ടിപ്പു സുല്‍ത്താന്‍ പണികഴിപ്പിച്ച നന്ദിദുര്‍ഗ് എന്ന കോട്ട നന്ദി ഹില്‍സിലാണ്. എന്നാല്‍ 1791 ല്‍ ബ്രിട്ടീഷുകാര്‍ ഈ കോട്ടയും കീഴടക്കുകതന്നെ ചെയ്തു.


രാമനഗര

ബെംഗളൂര്‍ സിറ്റി ജംങ്ഷനില്‍ നിന്നും 54.5 കിലോമീറ്ററും മൈസൂര്‍ ജംങ്ഷനില്‍ നിന്നും 95 കിലോമീറ്ററും അകലെയാണ് രാമനഗര സ്ഥിതി ചെയ്യുന്നത്. തരംഗം സൃഷ്ടിച്ച ഷോലെ എന്ന ബോളിവുഡ് ചിത്രത്തിലും എ പാസേജ് ടു ഇന്ത്യ, ഗാന്ധി തുടങ്ങിയ സിനിമകളിലും പ്രത്യക്ഷപ്പെട്ട ഇടം. കര്‍ണ്ണാടകയിലെ ഏറ്റവും മനോഹരങ്ങളായ കുന്നുകളും മലകളും സ്ഥിതി ചെയ്യുന്ന ഇവിടം കുന്നുകളുടെ താഴ്വരയിലെ ഒരു കൊച്ചു സ്വര്‍ഗ്ഗം തന്നെയാണ്. സാഹസിക പ്രിയരായ സഞ്ചാരികള്‍ തേടിയെത്തുന്ന രാംനഗരയ്ക്ക് പറയുവാന്‍ ഒട്ടേറെ കഥകളും പരിചയപ്പെടുത്തുവാന്‍ ഒത്തിരിയിടങ്ങളും സ്വന്തമായുണ്ട്. കര്‍ണ്ണാടകയുടെ സില്‍ക്ക് സിറ്റി എന്നാണ് രാമനഗര അറിയപ്പെടുന്നത്. പട്ടിന്റെ നഗരമായ ഇവിടെ നിന്നും ഉല്പാദിപ്പിക്കുന്ന മൈസൂര്‍ സില്‍ക്ക് ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ഏറെ പേരുള്ള ഒരു ഉല്പന്നമാണ്. ഏഷ്യയിലെ ഏറ്റവും വലിയ കൊക്കൂണ്‍ മാര്‍ക്കറ്റ് കൂടിയായ ഇവിടെ ഒരു ദിവസം ഏകദേശം അന്‍പത് ടണ്ണോളം പട്ടുനൂല്‍ കൊക്കൂണുകളുടെ വ്യാപാരം നടക്കാറുണ്ട്. കര്‍ണ്ണാടകയില്‍ ഏറ്റവും കൂടുതല്‍ പട്ടിന്റെ വ്യാപാരം നടക്കുന്ന സ്ഥലം കൂടിയാണിത്. ബെംഗളുരു നിവാസികള്‍ക്ക് എളുപ്പത്തില്‍ പോയി വരാന്‍ സാധിക്കുന്ന ട്രക്കിങ്ങ് റൂട്ടുകളില്‍ ഒന്നാണ് രാം നഗരയിലേത്. ബെംഗളുരു നഗരത്തില്‍ നിന്നും 60 കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാല്‍ വീക്കന്‍ഡ് ട്രിപ്പുകള്‍ക്കായി കൂടുതല്‍ ആളുകളെത്തുന്ന ഇടം കൂടിയാണിത്. സമുദ്രനിരപ്പില്‍ നിന്നും മൂവായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ താരതമ്യേന കടുപ്പം കുറഞ്ഞ ട്രക്കിങ്ങാണ്.