India

കാര്‍ഷിക ടൂറിസം കേന്ദ്രമായ ബാരാമതിയുടെ വിശേഷങ്ങള്‍

വെറുതേ യാത്ര പോകാനായി ഒരു യാത്രയ്ക്കിറങ്ങി ഏതൊക്കെയോ സ്ഥലങ്ങള്‍ കണ്ടു തിരികെ വരുന്ന സ്‌റ്റൈല്‍ ഒക്കെ മാറി… ഇന്ന് ആളുകള്‍ ഏറ്റവുമധികം ആസ്വദിച്ച് ചെയ്യുന്ന ഒന്നാണ് യാത്രകള്‍. മനസ്സിലിഷ്ടം നേടിയ സ്ഥലം തിരഞ്ഞ് കണ്ടെത്തി പോയി അവിടെ കാണേണ്ട കാഴ്ചകള്‍ മുഴുവനും ആസ്വദിച്ച് തിരികെ വരുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. തീം നോക്കി യാത്ര പോകുന്നവരും കുറവല്ല. ചിലര്‍ കാടുകളും മലകളും കയറുവാന്‍ താല്പര്യപ്പെടുമ്പോള്‍ വേറെ ചിലര്‍ക്ക് വേണ്ടത് കടല്‍ത്തീരങ്ങളാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം മാറി കൃഷിയിടങ്ങളിലേക്ക് ഒരു യാത്രപ പോയാലോ….. ഹെക്ടറുകളോളം പരന്നു കിടക്കുന്ന കൃഷിയിടങ്ങളും വേറൊരിടത്തും കാണുവാന്‍ സാധിക്കാത്ത കാഴ്ചകളും ഒക്കെയായി ബാരാമതി കാത്തിരിക്കുകയാണ്. രാജ്യത്തെ ഒന്നാം നമ്പര്‍ കാര്‍ഷിക ടൂറിസം കേന്ദ്രമായ ബാരാമതിയുടെ വിശേഷങ്ങള്‍…


ബാരാമതി

മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ഒരു കൊച്ചു നഗരമാണ് ബാരാമതി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇവിടുത്തെ കാര്‍ഷിക ടൂറിസത്തിന്റെ പ്രത്യേകതകള്‍ അനുഭവിച്ചറിയുവാനാണ് സഞ്ചാരികള്‍ എത്തുന്നത്

എന്താണ് കാര്‍ഷിക ടൂറിസം
ഇന്ത്യയെപോലുള്ള ഒരു കാര്‍ഷിക രാജ്യത്ത് ഏറ്റവും എളുപ്പത്തില്‍ നടത്തുവാന്‍ പറ്റിയ ഒന്നാണ് കാര്‍ഷിക ടൂറിസം. കൃഷിയെ ആശ്രയിക്കുന്നവര്‍ക്ക് എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും ഇന്നും കൃഷിയ്ക്ക് വില കുറച്ച് കാണാത്ത നാടുകളും ഇവിടെയുണ്ട്. ഹെക്ടറുകളോളം പരന്നു കിടക്കുന്ന കൃഷിയിടങ്ങളും കൃഷിരീതികളും ഒക്കെ നേരിട്ട് കാണുവാനും കര്‍ഷകരോട് നേരിട്ട് സംസാരിക്കുവാനും ഒക്കെ കാര്‍ഷിക ടൂറിസം അവസരം നല്കുന്നു. സീസണനുസരിച്ച് മണ്ണൊരുക്കുന്നതു മുതല്‍ വിത്തിടുന്നതും വിളവെടുക്കുന്നതും ഒക്കെ ഇവിടെനിന്നും അറിയാം.

ബാരാമതിയിലെ കാര്‍ഷിക ടൂറിസം
കൃഷി ജീവിതോപാധിയാക്കി മാറ്റിയ ഒരു ജനതയാണ് ഇവിടെയുള്ളത്. കാര്‍ഷിക നഗരമായ ഇവിടെയെത്തുന്ന ആളുകളെ പിഴിയുന്ന തരത്തിലല്ല കാര്യങ്ങളുള്ളത്. മറിച്ച് മിതമായ ചിലവില്‍ കൃഷിയിടങ്ങള്‍ കാണുവാനും ഭക്ഷണം ആസ്വദിക്കുവാനും ഇവിടെ സാധിക്കും.

കരിമ്പ് മുതല്‍ വൈന്‍ വരെ
തികച്ചും സാധാരണക്കാരായ ആളുകളാണ് ഇവിടെയുള്ളത്. എത്തുന്നവരുടെ പോക്കറ്റ് കാലിയാക്കണം എന്ന് സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത ഒരു കൂട്ടം ആലുകള്‍. അതുകൊണ്ടു തന്നെ ഇവിടുത്തെ കാര്‍ഷിക ടൂറിസം അനുഭവങ്ങള്‍ നിറം കൂടിയതും കാശുകുറഞ്ഞതുമായിരിക്കും എന്നതില്‍ സംശയമില്ല. കരിമ്പാണ് ഇവിടുത്തെ പ്രധാന കൃഷി. അതു കഴിഞ്ഞാല്‍ മുന്തിരിത്തോട്ടം, വൈന്‍ നിര്‍മ്മാണം തുടങ്ങിയവയൊക്കെ ഇവിടെ കാണാം. കൃഷിയിടങ്ങളിലൂടെയുള്ള കറക്കം തന്നെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

കാളവണ്ടിയും വിമാനവും
യാത്രയുടെ വ്യത്യസ്തമായ അനുഭവങ്ങളാണ് ഈ ഗ്രാമം ഒരുക്കുന്നത്, വിമാനത്തില്‍ കയറി യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങളുമുണ്ട്. വേണ്ട, കാളവണ്ടി മതിയെങ്കില്‍ അതിനുമുണ്ട് അവസരം.

ഷോപ്പിങ്ങ്
കാര്‍ഷിക ഗ്രാമമാണെന്നു പറഞ്ഞാലും ഇവിടെ ഒന്നിനും ഒരു കുറവുമില്ല. കിടിലന്‍ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളും ഷോപ്പിങ്ങ് കേന്ദ്രങ്ങളും നഗരത്തില്‍ ധാരാളമുണ്ട്. ഏതു വിലയ്ക്കും ഇവിടെ സാധനങ്ങള്‍ ലഭിക്കുമെന്നതിനാല്‍ കീശയുടെ വലുപ്പത്തിനനുസരിച്ച് ഷോപ്പിങ്ങ് നടത്താം. പരമ്പരാഗത മഹാരാഷ്ട്ര സാരിയാണ് കടകളിലെ പ്രധാന ആകര്‍ഷണം.

ഒരു ദിവസം പോരാ
ഒരൊറ്റ ദിവസം കൊണ്ട് കാഴ്ചകളൊക്കെ കണ്ടു മടങ്ങാം എന്നു വിചാരിച്ച് യാത്ര ചെയ്താല്‍ നിരാശയായിരിക്കു ഫലം. ഇവിടുത്തെ കാഴ്ചകള്‍ കാണാനും കൃഷിയിടങ്ങളിലൂടെ ചുറ്റിയടിക്കുവാനും കുറഞ്ഞത് രണ്ട് ദിവസമെങ്കിലും വേണം. അതുകൊണ്ട് തന്നെ ആവശ്യത്തിനു ദിവസങ്ങളെടുത്തു വേണം ഇവിടേക്കുള്ള യാത്രയ്‌ക്കൊരുങ്ങുവാന്‍.

എത്തിച്ചേരാന്‍
പൂനെയില്‍ നിന്നും ഇവിടേക്ക് 100 കിലോമീറ്റര്‍ ദൂരമുണ്ട്. സതാര ഹൈവേയിലൂടെയുള്ള യാത്രയാണ് എളുപ്പം. മഹാരാഷ്ട്രയുടെ ഏതു ഭാഗത്തു നിന്നും റോഡ് മാര്‍ഗ്ഗം ഇവിടേക്ക് എത്താം. ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമിറങ്ങുന്ന ഒരു വിമാനത്താവളവും ഇവിടെയുണ്ട്.