Kerala

സ്വകാര്യ ബുക്കിങ്ങ് ലോബികളെ പിടികൂടാന്‍ സ്‌ക്വാഡിനെ നിയമിച്ച് ജലഗതാഗത വകുപ്പ്

ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ യാത്ര ചെയ്യാനെത്തുന്ന വിനോദസഞ്ചാരികളെ സ്വകാര്യ ബോട്ടുകളിലേക്ക് വഴിതിരിച്ചുവിടുന്നവരെ പിടിക്കാന്‍ ജലഗതാഗത വകുപ്പ് പ്രത്യേക സ്‌ക്വഡുകളെ നിയമിച്ചു.

നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസിനും ഇറിഗേഷന്‍ വിഭാഗത്തിനും കത്ത് നല്‍കിയിട്ടുണ്ട്. കൂടാതെ സ്വകാര്യ ബോട്ടുകള്‍ പ്രവേശിക്കരുതെന്ന് കാണിച്ചുള്ള പോസ്റ്ററും സര്‍ക്കാര്‍ ബോട്ടുജെട്ടിയില്‍ പ്രദര്‍ശിപ്പിച്ചു.

ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ ജെട്ടിയില്‍ വരുന്ന വിനോദസഞ്ചാരികളെ സ്വകാര്യ ബോട്ടുകള്‍ കയറ്റി സര്‍വീസ് നടത്തുന്നത് വ്യാപകമാണ്. ജെട്ടിയുടെ പരിസരങ്ങളില്‍ സ്വകാര്യ ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ പാടില്ലെന്ന് ഇറിഗേഷന്‍ വകുപ്പിന്റെ ഉത്തരവുള്ളതാണ്. ഇതിനെ കാറ്റില്‍പറത്തിയാണ് സ്വകാര്യ ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത്.

സീ കുട്ടനാട് ഉള്‍പ്പെടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒട്ടേറെ സര്‍വീസുകളാണ് ജലഗതാഗത വകുപ്പ് നടത്തുന്നത്. ഏജന്റുമാരും മറ്റും ആലപ്പുഴ ബോട്ട് ജെട്ടിയിലെത്തുന്ന സഞ്ചാരികളെ സ്വകാര്യ ബോട്ടുകളില്‍ കയറ്റി അയയ്ക്കുന്നത് സ്ഥിരം കാഴ്ചയായി. സീ കുട്ടനാടിലുംമറ്റും മിതമായനിരക്കില്‍ കായല്‍ക്കാഴ്ചകള്‍ കണ്ട് മടങ്ങിവരാന്‍ സഞ്ചാരികള്‍ക്കാവും. എന്നാല്‍, സ്വകാര്യബോട്ടില്‍ വലിയതുക നല്‍കിയാല്‍ മാത്രമേ കായല്‍യാത്ര നടത്താന്‍ സാധിക്കൂ. പരിശോധനയ്ക്ക് സ്‌ക്വാഡുകള്‍ രംഗത്ത് എത്തുന്നതോടെ ജലഗതാഗതവകുപ്പിനും സഞ്ചാരികളും ഏറെ പ്രയോജനപ്പെടുമെന്ന വിലയിരുത്തലിലാണ് ടൂറിസം മേഖലയിലുള്ളവര്‍.

ബോട്ട് ജെട്ടിയിലെത്തുന്ന സഞ്ചാരികളെ യഥാര്‍ഥത്തില്‍ ഹൗസ് ബോട്ട് ഉടമകളല്ല ക്യാന്‍വാസ് ചെയ്യുന്നത് മറിച്ച് അനധികൃത സ്വകാര്യ ഏജന്റുകളും ക്യാന്‍വാസ് തൊളിലാളികളുമാണ്. ഇവര്‍ക്കെതിരെ നടപടിയെടുക്കേണ്ടത് അത്യാവശ്യമാണ് കാരണം നിലവില്‍ കായല്‍ യാത്രയ്‌ക്കെത്തുന്ന സഞ്ചാരികളില്‍ നിന്നും പരിധിയില്‍ കൂടുതല്‍ തുകയാണ് വാങ്ങുന്നത്. ഇത്തരത്തില്‍ കൊള്ള ലാഭം കൊയ്യുന്ന ഏജന്റ് തൊഴിലാളികള്‍ ടൂറിസത്തിനെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് സ്‌പൈസ് റൂട്ട്‌സ് ലക്ഷറി ക്രൂസസിന്റെ ഡയറക്ടര്‍ ജോബിന്‍ ജോസഫ് ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.

ടൂറിസം ബിസിനസ് രംഗത്ത് ക്യാന്‍വാസിങ് എന്നു പറയുന്ന ഘടകം സാധാരണ കാര്യങ്ങളിലൊന്നാണ് അതിനെതിരെ നടപടിയെടുക്കുന്നത് ഈ ബിസിനസ് രംഗത്തെ തന്നെ അവഹേളിക്കുന്നതിന് തുല്യമാണ്. പിന്നീട് ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുന്നത് ഇത്രമാത്രമാണ് നിലവില്‍ ഹൗസ് ബോട്ടുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച് നല്‍കുന്നത് പോര്‍ട്ട് ഓഫീസ് ആലപ്പുഴയില്‍ നിന്നാണ് ഇതിനെ ഇന്‍ലാന്‍ഡ് വെസല്‍സ് നാവിഗേഷന്റെ പരിധിയിലേക്ക് കൊണ്ടുവരുകയാണെങ്കില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം നടപടികളുണ്ടാകുമെന്ന് ഹെര്‍ഓണ്‍ ഹൗസ് ബോട്ട് ഉടമയും, അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് സെക്രട്ടറിയുമായ മനു പി വി ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. എന്നാല്‍ ഇന്‍ലാന്‍ഡ് വെസല്‍സ് നാവിഗേഷന്‍ പരിധിയിലേക്ക് ലൈസന്‍സ് അനുമതി കൊണ്ടുവന്നാല്‍ ഒരു ബോര്‍ഡിന്റെ കീഴിലേക്ക് നടപടി ക്രമങ്ങള്‍ മാറുമെന്ന് മാത്രമേ ഉണ്ടാകു എന്ന് സ്‌പൈസ് റൂട്ട്‌സ് ലക്ഷറി ക്രൂസസിന്റെ ഡയറക്ടര്‍ ജോബിന്‍ ജോസഫ് പറഞ്ഞു.