കടലിന്റെ അടിത്തട്ടിലെ ഹോട്ടലുകളെപ്പറ്റി കൂടുതലറിയാം
സമുദ്രത്തിന്റെ അടിത്തട്ടിലെ മായക്കാഴ്ചകളിലേക്കൊരു യാത്ര കൊതിക്കുന്നവരാണ് നമ്മള്‍ ഓരോരുത്തരും. എന്നാല്‍ അവിടെ താമസിക്കാം എന്ന് ഒരു അവസരം വന്നാലോ, സ്വപ്ന തുല്യമായിരിക്കും ആ അനുഭവം.ഇപ്പോള്‍ പലയിടങ്ങളിലും കടലിന്റെ ആഴത്തെ അറിഞ്ഞുകൊണ്ട് ആസ്വദിക്കാനുള്ള അവസരം ഒരുക്കുന്നുണ്ട്.
ഇത്തരം കടലിനടിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളെക്കുറിച്ചും, റസ്റ്റോറന്റുകളെപ്പറ്റിയും കൂടുതലറിയാം.
അണ്ടര്‍ വാട്ടര്‍ സ്യൂട്സ് അറ്റ് അറ്റ്ലാന്റിസ്
ദുബായിലെ പാം ജുമേറ ദ്വീപിലാണ് അണ്ടര്‍ വാട്ടര്‍ സ്യൂട്സ് അറ്റ് അറ്റ്ലാന്റിസ്, സ്ഥിതിചെയ്യുന്നത്. ഏറ്റവും ചെലവ് കൂടിയതും, ആഡംബരവുമായ റെസ്റ്റോറന്റാണ് ഇത്. ഇവിടെ ഒരാള്‍ക്കു ഏകദേശം 8200 ഡോളര്‍ ചെലവഴിക്കണം. അതായത് നാട്ടിലെ ഏകദേശം ആറു ലക്ഷം രൂപ! പക്ഷെ കടലിന്റെ അകത്തളത്തിലെ എല്ലാ സൗന്ദര്യവും മതിവരുവോളം ആസ്വദിക്കാം.
ഇത അണ്ടര്‍ സീ റെസ്റ്റോറന്റ്
ഇന്ത്യന്‍ മഹാ സമുദ്രത്തിനടിയില്‍ മാലി ദ്വീപിനു സമീപം സ്ഥിതിചെയ്യുന്ന റെസ്റ്റോറന്റാണ് ഇത അണ്ടര്‍ സീ റെസ്റ്റോറന്റ് വളരെ സുന്ദരമായ കാഴ്ചകള്‍ക്കൊപ്പം പരമ്പരാഗത യൂറോപ്യന്‍ രീതിയിലുള്ള ഭക്ഷണരീതിയില്‍ അല്പം ഏഷ്യന്‍ രുചിക്കൂട്ടും ചേര്‍ത്താണ് ഇവിടുത്തെ ആഹാരം. 2005 ല്‍ ആരംഭിച്ച ഈ റെസ്റ്റോറന്റ് പരമാവധി ഇരുപതു വര്‍ഷമാണ് ആയുസ്സ്.
ജൂലെസ് അണ്ടര്‍ സീ ലോഡ്ജ്
ഫ്ലോറിഡയിലെ കി ലാര്‍ഗോയിലാണ്.ജൂലെസ് അണ്ടര്‍ സീ ലോഡ്ജ് സ്ഥിതിചെയ്യുന്നത്. സമുദ്രത്തിനടിയിലെ ആദ്യ ഹോട്ടലും ഇതാണ്. കൂടുതലായും ഹണിമൂണ്‍ ആഘോഷിക്കുന്ന പങ്കാളികളും പ്രണയിനികളുമാണ് ഇവിടുത്തെ സന്ദര്‍ശകര്‍. സ്‌കൂബ ഡൈവിംഗ് അറിയുന്നവര്‍ക്കു മാത്രമേ ഇവിടെ പ്രവേശനമുള്ളൂ. ഇവിടുത്തെ താമസത്തിന് ഒരു വ്യക്തിക്ക് ഏകദേശം അറുന്നൂറിലധികം ഡോളര്‍ വേണ്ടിവരും.
റിയല്‍ പോസിഡോണ്‍, ഗുജറാത്ത്
ഇന്ത്യയിലെ ആദ്യ കടലിനടിയില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലാണ് ഇത്. ഭരത് ഭട്ട് ആണ് ഹോട്ടലിന്റെ ഉടമയും രൂപകല്‍പ്പന ചെയ്ത വ്യക്തിയും. 2016 ലാണ് ഈ ഹോട്ടല്‍ ആരംഭിച്ചത്. ഇന്ത്യന്‍, തായ്, വിഭവങ്ങള്‍ ഇവിടെ ലഭിക്കും. പക്ഷെ സര്‍ക്കാരില്‍ നിന്നുള്ള ഏതാനും രേഖകള്‍ കൂടെ ശരിയാക്കാനുള്ളതിനാല്‍ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.