Kerala

കോട്ടയം – ആലപ്പുഴ ജലപാത നവീകരണം തുടങ്ങി ജൂണ്‍ ആദ്യവാരത്തോടെ സര്‍വീസുകള്‍ പുനരാരംഭിക്കും

കോട്ടയം-ആലപ്പുഴ ജലപാത നവീകരണം ആരംഭിച്ചു. കോട്ടയത്ത് നിന്ന് കാഞ്ഞിരം വഴി ആലപ്പുഴയിലേക്ക് ബോട്ട് സര്‍വീസുകള്‍ ഏറെ നാളായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ആറ്റിലെ ജലനിരപ്പ് താഴ്ന്നതും ജലപാതയില്‍ ചെളിയും പോളയും നിറഞ്ഞതുമാണ് സര്‍വീസ് നിര്‍ത്താന്‍ കാരണം.


കോടിമത മുതല്‍ കാഞ്ഞിരം വരെ മൂന്നര കിലോമീറ്റര്‍ ദൂരത്തിലുള്ള പുത്തന്‍തോട്ടിലെ ജലപാതയാണ് നവീകരിക്കുന്നത്. ചെളി നിറഞ്ഞതിനാല്‍ നിലവില്‍ ഒന്നരമീറ്ററാണ് പുത്തന്‍ തോടിന്റെ ആഴം. ഡ്രഡ്ജിങ് നടത്തി ഒന്നര മീറ്റര്‍ താഴ്ചയില്‍ ജലപാത നവീകരിക്കാനാണ് ഇറിഗേഷന്‍ വകുപ്പ് തീരുമാനിച്ചത്. 25 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. ഇതോടെ മെയ് അവസാനമോ ജൂണ്‍ ആദ്യവാരമോ ബോട്ടുകള്‍ ഓടിത്തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

പുത്തന്‍തോട്ടില്‍നിന്ന് വാരുന്ന ചെളി ഉപയോഗിച്ച് കോടിമത മുതല്‍ മലരിക്കല്‍വരെ വാക്ക് വേ നിര്‍മിക്കാന്‍ നഗരസഭ ആലോചിക്കുന്നുണ്ട്. ഇതിനായി 26 ലക്ഷം രൂപ ടെന്‍ഡര്‍ അനുവദിച്ചതായി നഗരസഭാ അധികൃതര്‍ പറഞ്ഞു. ഇന്റര്‍ലോക്ക് പാത നിര്‍മിക്കാനാണ് ആലോചന. ഇതിനോടൊപ്പം ചുങ്കത്ത്മുപ്പത് പാലത്തിന് സമീപമുള്ള രണ്ട് പാലങ്ങളുടെ അറ്റകുറ്റപണി പൂര്‍ത്തിയാക്കും.

ഇതിന് ശേഷമാവും ഇതുവഴി വീണ്ടും ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസ് ആരംഭിക്കുക. ഇപ്പോള്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ പായല്‍ കയറിയതിനാല്‍ ബോട്ടുകള്‍ സഞ്ചരിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ട്. കഴിഞ്ഞ ദിവസം വെട്ടി്ക്കാട്ട്-കാഞ്ഞിരം പാതയില്‍ പായല്‍ കുടുങ്ങി ബോട്ട് തകരാറിലായി. ഇപ്പോള്‍ രണ്ട് ദിവസമായി കോട്ടയം ആലപ്പുഴ ബോട്ട് സര്‍വീസ് പൂര്‍ണ്ണമായും മുടങ്ങിയിരിക്കുകയാണ്.