Kerala

എന്റെ കൂട്; 6 മാസം കൊണ്ട് ആതിഥ്യമരുളിയത് മൂവായിരത്തിലധികം സ്ത്രീകള്‍ക്ക്

തിരുവനന്തപുരം നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത താമസ സൗകര്യമൊരുക്കുന്ന ‘എന്റെ കൂട്’ പദ്ധതി ആറുമാസം പിന്നിടുമ്പോള്‍ ആതിഥ്യമൊരുക്കിയത് മൂവായിരത്തിലധികം സ്ത്രീകള്‍ക്ക്.

തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ്‌ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന ‘എന്റെ കൂട്’ പദ്ധതിക്കു പിന്നില്‍ സാമൂഹികനീതി വകുപ്പാണ്. നഗരത്തിലെത്തുന്ന നിര്‍ധനരായ സ്ത്രീകള്‍ക്കും 12 വയസ്സു വരെയുള്ള കുട്ടികള്‍ക്കും ഇവിടെ പ്രവേശനം ലഭിക്കുക. വൈകിട്ട് അഞ്ചു മുതല്‍ രാവിലെ ഏഴു വരെ അമ്മമാര്‍ക്കും കുട്ടികള്‍ക്കും സൗജന്യമായി സുരക്ഷിത വിശ്രമ സൗകര്യം ഉറപ്പു വരുത്തുന്ന രീതിയിലായിരുന്നു ക്രമീകരണം. തുടര്‍ച്ചയായി മൂന്നു ദിവസം വരെ ഈ സൗകര്യം വിനിയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്.

നഗരത്തിലെത്തുന്ന നിര്‍ധനരായ സ്ത്രീകള്‍, പെണ്‍കുട്ടികള്‍, 12 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ എന്നിവര്‍ക്ക് ഇവിടെ താമസ സൗകര്യം ലഭിക്കും. തമ്പാനൂര്‍ ബസ്‌ടെര്‍മിനലിന്റെ എട്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ നവംബറില്‍ സമൂഹ്യനീതി വകുപ്പു മന്ത്രി കെ.കെ ശൈലജയാണ് നിര്‍വഹിച്ചത്.

ഒരേസമയം 50 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ശീതികരിച്ച മുറികളും അടുക്കളയും ശുചിമുറികളും ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്. 24 മണിക്കൂറും സുരക്ഷാ കാവലുള്ള ഇവിടെ ഭക്ഷണവും താമസവും സൗജന്യമാണ്. ജില്ലാ ഭരണകൂടം, പൊലീസ്, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ജില്ലാ സാമൂഹികനീതി ഓഫിസറുടെ മേല്‍നോട്ടത്തിലാണ് പദ്ധതി. രണ്ടു വാച്ച്മാന്‍, മാനേജര്‍, രണ്ടു മിസ്ട്രസുമാര്‍ എന്നിങ്ങനെ ആറുപേരാണ് മേല്‍നോട്ടവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി ഉള്ളത്. ‘എന്റെ കൂട്’ പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് സാമൂഹികനീതി വകുപ്പിന്റെ തീരുമാനം.