Kerala

പട്ടങ്ങള്‍ പാറി പറന്ന് കോവളം തീരം

കൂറ്റന്‍ മീനുകളും വ്യാളിയും ,ബലൂണ്‍ മീനുമുള്‍പ്പെടെ മാനത്ത് പട്ടങ്ങളായി പറന്നു കളിച്ചത് സഞ്ചാരികള്‍ക്ക് കൗതുകമായി. സൂര്യശോഭ വിടര്‍ത്തുന്ന കൂറ്റന്‍ വൃത്താകാര പട്ടം പറത്താനുള്ള ശ്രമത്തിനിടെ പലരും വായുവില്‍ പറക്കാന്‍ ആഞ്ഞു.

ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ (എച്ച് ടു ഒ) എന്ന സംഘടനാ നേതൃത്വത്തിലാണ് വിദേശികളുള്‍പ്പെടെയുള്ള ശാരീരിക വെല്ലുവിളി നേരിടുന്ന 20 പേര്‍ വീല്‍ച്ചെയറിലെത്തി കൈറ്റ് ഫെസ്റ്റിവലില്‍ പങ്ക് ചേര്‍ന്നത്‌.

ചെറു പട്ടങ്ങള്‍ മുതല്‍ ഭീമന്‍ രൂപങ്ങള്‍വരെ ‘ആകാശം കീഴടക്കിയ’ പട്ടം പറത്തല്‍ ഉത്സവത്തിന്റെ സംഘാടകരുടെ ക്ഷണം സ്വീകരിച്ചാണ് ഇവര്‍ തീരത്തെത്തിയത്. ഓള്‍ കേരള വീല്‍ച്ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍ അംഗങ്ങളായ 25 പേരാണ് പങ്കുചേര്‍ന്നത്. വീല്‍ച്ചെയറില്‍ ഇരുന്ന് മണിക്കൂറുകളോളം പട്ടം പറത്തി ഇവര്‍ ഉല്ലസിച്ചപ്പോള്‍ എല്ലാ സഹായങ്ങളുമായി സംഘാടകര്‍ ഒപ്പം നിന്നു. തീരത്തെത്തിയവരും ഇവര്‍ക്കൊപ്പം ചേര്‍ന്നു.

സഞ്ചാരികളുള്‍പ്പെടെയുള്ളവര്‍ പങ്കാളികളായി. ഇതിനൊപ്പം കായിക മത്സരങ്ങളും പട്ടം നിര്‍മാണ പരിശീലനവും വിവിധ ബാന്‍ഡുകളുടെ സംഗീത വിരുന്ന് നടന്നു.

മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് കൈറ്റ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തത്‌. വരും വര്‍ഷം കോവളത്തിനു മാത്രമായി ഒരു മേള നടത്തുന്ന കാര്യം ആലോചനയിലുണ്ടെന്നും കോവളത്ത് പ്രഖ്യാപിച്ച മാസ്റ്റര്‍ പ്ലാന്‍ പദ്ധതികളുടെ നിര്‍മാണം വൈകാതെ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.