ബംഗളുരുവിലേക്കു കേരളത്തില്‍നിന്ന് പുതിയ ട്രെയിന്‍
വാരാന്ത്യങ്ങളിലെ സ്വകാര്യബസുകളുടെ കഴുത്തറുപ്പന്‍ നിരക്കുകളില്‍നിന്ന് താല്‍ക്കാലിക രക്ഷയായി മലയാളികള്‍ക്ക് ബംഗളുരുവിലേക്ക് പുതിയൊരു ട്രെയിന്‍ കൂടി. ഞായറാഴ്ചകളില്‍ തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്നു ബംഗളുരു കൃഷ്ണരാജപുരത്തേക്കുള്ള സ്പെഷല്‍ ട്രെയിനാണുഇന്നലെ പ്രഖ്യാപിച്ചത്.
കൊച്ചുവേളിയില്‍നിന്നു ഞായറാഴ്ച വൈകിട്ട് അഞ്ചിനു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 8.40-ന് കൃഷ്ണരാജപുരത്ത് എത്തും. മടക്ക ട്രെയിന്‍ തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടിനു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ ആറിന് കൊച്ചുവേളിയിലെത്തും. ഏപ്രില്‍ 28 മുതല്‍ ജൂണ്‍ 30 വരെയാണു സ്പെഷല്‍ സര്‍വീസ്. ബംഗളരുവിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ വേണമെന്നത് ദീര്‍ഘകാലമായി കേരളത്തിന്റെ ആവശ്യമായിരുന്നു.
കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, ബംഗാരേപേട്ട്, വൈറ്റ്ഫീല്‍ഡ് എന്നിവിടങ്ങളിലാണ് പുതിയ ട്രെയിനിനു സ്റ്റോപ്പുള്ളത്. എട്ടു സ്ലീപ്പര്‍, രണ്ട് തേഡ് എസി, രണ്ട് ജനറല്‍ കന്പാര്‍ട്ട്മെന്റ് എന്നിങ്ങനെയാണു ട്രെയിനിലുണ്ടാകുക.
താല്‍ക്കാലിക സര്‍വീസാണെങ്കിലും കൊച്ചുവേളിയില്‍ നിന്നു ബാനസവാടിയിലേക്കുള്ള ഹംസഫര്‍ എക്സ്പ്രസ് ഞായറാഴ്ച സര്‍വീസ് നടത്താനുളള സാധ്യതയും റെയില്‍വേ പരിശോധിക്കുന്നുണ്ട്. ആഴ്ചയില്‍ മൂന്നു ദിവസം ഹംസഫര്‍ എക്സപ്രസ് ഓടിക്കുന്നതിനോട് ദക്ഷിണ-പശ്ചിമ റെയില്‍വേയ്ക്കും എതിര്‍പ്പില്ലെന്നാണു സൂചന.