പുനലൂര്‍ തൂക്കുപാലം; സന്ദര്‍ശന സമയം നീട്ടണമെന്ന് കാഴ്ച്ചക്കാര്‍
അലങ്കാരവിളക്കുകളുടെ വെളിച്ചത്തില്‍ പുനലൂര്‍ തൂക്കുപാലത്തില്‍ ചെലവഴിക്കാന്‍ സമയം നീട്ടണമെന്ന് കാഴ്ചക്കാര്‍. പാലത്തില്‍ പ്രവേശിക്കാന്‍ രാത്രി ഒന്‍പതുവരെയെങ്കിലും അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. അവധിക്കാലമായതിനാല്‍ കുട്ടികളുമൊത്ത് രാത്രിയില്‍ പാലം കാണാനെത്തുന്ന കുടുംബങ്ങളുടേതാണ് ആവശ്യം.
പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകമായ തൂക്കുപാലം നവീകരണത്തിനുശേഷം കഴിഞ്ഞ ഫെബ്രുവരി 26-നാണ് തുറന്നുകൊടുത്തത്. നിറയെ അലങ്കാരവിളക്കുകളും സുരക്ഷയ്ക്കായി ഇരുമ്പ് വലയും ഇരിക്കാന്‍ െബഞ്ചുകളുമൊക്കെയായി നവീകരിച്ച പാലത്തില്‍ രാത്രി എട്ടുവരെ പ്രവേശനവും നല്‍കി. ഇതോടെ പാലം കാണാന്‍ കുടുംബങ്ങളുടെ കുത്തൊഴുക്കായി. അലങ്കാരവിളക്കുകളുടെ മനോഹാരിതയില്‍ പാലത്തില്‍ ചെലവഴിക്കാന്‍ ഒരുമണിക്കൂര്‍കൂടിയെങ്കിലും അധികമായി നല്‍കണമെന്നാണ് കാഴ്ചക്കാരുടെ ഇപ്പോഴത്തെ ആവശ്യം.
പാലം തുറന്ന ആദ്യ ആഴ്ചകളില്‍ രാത്രി എട്ടുമണിക്കുതന്നെ പാലത്തിലെ വിളക്കുകളും കെടുത്തിയിരുന്നു. എന്നാല്‍ നഗരസഭ ഇടപെട്ട് രാത്രി മുഴുവന്‍ വിളക്കുകള്‍ തെളിക്കാന്‍ നടപടിയുണ്ടാക്കി. ഈ പശ്ചാത്തലത്തിലാണ് പ്രവേശനസമയം വര്‍ധിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുള്ളത്. പാലത്തില്‍ രാത്രിമുഴുവന്‍ സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരിക്കെ ഇത് നിസാര പരിഷ്‌കാരമാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. കുടുംബങ്ങളുടെ ആവശ്യം നഗരസഭയും ഏറ്റെടുത്തിട്ടുണ്ട്.
1877-ല്‍ ബ്രിട്ടീഷ് എന്‍ജിനീയര്‍ ആല്‍ബര്‍ട്ട് ഹെന്‍ട്രിയുടെ നേതൃത്വത്തില്‍ കല്ലടയാറിന് കുറുകെ പൂര്‍ത്തിയാക്കിയ പാലമാണിത്. 2016-ല്‍ 1.35 കോടി രൂപ മുടക്കി പുരാവസ്തുവകുപ്പ് ഇത് പുനരുദ്ധരിച്ചു. ഇപ്പോള്‍ 18.90 ലക്ഷം രൂപ മുടക്കിയാണ് നവീകരിച്ചത്.അവധിക്കാലം പരിഗണിച്ച് പുനലൂര്‍ തൂക്കുപാലത്തില്‍ രാത്രി പത്തുവരെയെങ്കിലും പ്രവേശനം നല്‍കണം. ഈ ആവശ്യം ഉന്നയിച്ച് പുരാവസ്തുവകുപ്പ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അനുവദിക്കുമെന്നാണ് പ്രതീക്ഷ.