India

നാഗാലാന്‍ഡ് യാത്രയ്ക്ക് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വടക്കുകിഴക്കന്‍ പര്‍വത സൗന്ദര്യമാണ് നാഗാലാന്‍ഡ്. പച്ചപുതച്ച നെല്‍പ്പാടങ്ങളും കുന്നും മലനിരകളും പാതിയടഞ്ഞ മിഴികള്‍ക്കപ്പുറം പിന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. നയനമനോഹരമായ ദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമായ ഭൂപ്രകൃതിയും ഏറെ സവിശേഷതകള്‍ നിറഞ്ഞതും നിഗൂഢതകള്‍ ഒളിപ്പിച്ചു വച്ചതുമായ ഗോത്രവര്‍ഗങ്ങളുമാണ് നാഗാലാന്‍ഡിലേക്ക് മനസ്സടുക്കാനുണ്ടായ കാര്യങ്ങള്‍.


ഇന്ത്യന്‍ മംഗോളീസ് സങ്കര വംശജരായ നാഗന്മാര്‍ ജനസംഖ്യയില്‍ അധികമുള്ളതാവണം നാഗാലാന്‍ഡിനു ആ പേര് വരാനുള്ള കാരണം. നാഗാലാന്‍ഡിലേക്ക് പ്രവേശിക്കുന്നതിനുള്ള ആദ്യപടി അവിടേക്കുള്ള പ്രത്യേക പ്രവേശന അനുമതിപത്രം വാങ്ങുക എന്നതാണ്. ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് അഥവാ ILP ഇല്ലാതെയുള്ള പ്രവേശനം കുറ്റകരമാണ്. നാഗാലാന്‍ഡിലെ ദിമാപുര്‍ ഒഴികെ മറ്റെവിടെയും ചെല്ലാന്‍ ILP നിര്‍ബന്ധമാണ്.

നാഗാലാന്‍ഡിലേക്കുള്ള പ്രവേശന കവാടമാണ് ദിമാപുര്‍. ഒരിക്കല്‍ കച്ചാരി ഭരിച്ചിരുന്ന പുരാതന രാജവംശമായ ദിമാസാസിന്റെ സമ്പന്ന തലസ്ഥാനനഗരിയായിരുന്നു ഇവിടം. നാഗാലാന്‍ഡ് സംസ്ഥാനത്ത് റെയില്‍, വിമാന ബന്ധമുള്ള ഏകനഗരം ദിമാപുരാണ്.

ദിമാപുര്‍ ഒഴികെ, നാഗാലാന്‍ഡിന്റെ മറ്റ് പ്രദേശങ്ങളെല്ലാം സുരക്ഷിത മേഖല നിയമത്തിന്റെ കീഴില്‍ വരുന്നവയാണ്. ദിമാപുര്‍ മാത്രമാണ് സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് അനുമതി നേടിയിരിക്കണമെന്നില്ല. ദിമാപുര്‍ നഗരത്തിന് പുറത്ത് എവിടെ പോകാനും ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് നിര്‍ബന്ധമാണ്.

അനുമതി രേഖ ലഭിക്കുന്ന ഓഫിസുകള്‍:

1 ഡെപ്യൂട്ടി റസിഡന്റ് കമ്മിഷണര്‍, നാഗാലാന്‍ഡ് ഹൗസ്, ന്യൂഡല്‍ഹി.

2 ഡെപ്യൂട്ടി റസിഡന്റ് കമ്മിഷണര്‍, നാഗാലാന്‍ഡ് ഹൗസ്, കൊല്‍ക്കത്ത.

3 അസിസ്റ്റന്റ് റസിഡന്റ് കമ്മിഷണര്‍, ഗുവാഹത്തി, ഷില്ലോങ്.

4 ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫ് ദിമാപുര്‍, കൊഹിമ, മൊകോക്ചുങ്

 

പ്രധാന കാഴ്ചകള്‍:

1 ഡൈസെഫി കരകൗശല ഗ്രാമം നഗരത്തില്‍ നിന്ന് ഏകദേശം 13 കി.മീ അകലെ സ്ഥിതി ചെയ്യുന്നു.

2 രങ്കപ ഹര്‍ സംരക്ഷിത വനം.

3 ചുമുകേദിമ- മനോഹരമായ ഹില്‍ സ്റ്റേഷന്‍. നഗരത്തില്‍ നിന്ന് 14 കി.മീ അകലെ.

4 റുസാഫേമ- നാഗാവസ്തുക്കള്‍ വില്‍ക്കുന്ന വര്‍ണാഭമായ ബസാര്‍.

5 ത്രിവെള്ളച്ചാട്ടം – മൂന്ന് നിരകളിലായി പതിക്കുന്ന മനോഹര മായ വെള്ളച്ചാട്ടം.

എത്തിച്ചേരാന്‍

ഗുവാഹത്തി, കൊല്‍ക്കത്ത, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ദിമാപുരേക്കു നേരിട്ട് ട്രെയിന്‍, വിമാന സര്‍വീസുകളുണ്ട്.