സാഹസിക സഞ്ചാരികള്‍ക്ക് പരീക്ഷിക്കാം ഈ ട്രെയിന്‍ യാത്രകള്‍

വിമാനത്തില്‍ പോകാനുള്ള അവസരങ്ങളുണ്ടെങ്കിലും കാഴ്ചകള്‍ ആസ്വദിച്ചുള്ള ട്രെയിന്‍ യാത്ര മിക്ക സഞ്ചാരികളും തിരഞ്ഞെടുക്കാറുണ്ട്. മറ്റൊരു യാത്രയ്ക്കും നല്‍കാനാകാത്ത പ്രത്യേകത ട്രെയിന്‍ യാത്രയ്ക്കുണ്ട്. വനങ്ങളും വെള്ളച്ചാട്ടവും ബ്ലൂ മൗണ്ടേന്‍ എന്നിവയുടെ മനോഹാരിത ട്രെയിന്‍ യാത്രകള്‍ നല്‍കാറുണ്ട്. കാഴ്ചകള്‍ സുന്ദരമെങ്കിലും വളരെ അപകടം പിടിച്ച ട്രെയിന്‍ റൂട്ടുകളുണ്ടെന്ന് അറിയാമോ? സാഹസിക യാത്രകള്‍ ഇഷ്ടമുള്ളവര്‍, വ്യത്യസ്തങ്ങളായ യാത്രകളെ പ്രണയിക്കുന്നവര്‍ അങ്ങനെയുള്ള സഞ്ചാരികള്‍ക്ക് ഇത്തരം റൂട്ടുകള്‍ ഏറെ ഇഷ്ടപ്പെടും. മോഹിപ്പിക്കുന്ന, ഭീതി ജനിപ്പിക്കുന്ന ചില ട്രെയിന്‍ യാത്രകളെ അറിയാം.


Tren A Las Nubes, അര്‍ജന്റീന

217 കിലോമീറ്ററോളം വരുന്ന നീണ്ട യാത്രയാണിത്. അര്‍ജന്റീനയിലെ സാല്‍റ്റയേയും ചിലിയിലെ പോള്‍വോറില്ലയെയും ബന്ധിപ്പിക്കുന്ന തീവണ്ടിപ്പാതയാണിത്. ഇരുപത്തിയേഴു വര്‍ഷം കൊണ്ടാണ് ഈ പാതയുടെ പണി പൂര്‍ത്തീകരിച്ചത്.

കടലില്‍ നിന്ന് നാലായിരത്തി ഇരുന്നൂറു അടിയോളം ഉയരത്തിലാണ് ഈ റെയില്‍വേ പാലം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതുവഴി പോകുമ്പോള്‍ ആകാശത്തില്‍ കൂടി, മേഘങ്ങള്‍ക്കൊപ്പം പോകുന്നത് പോലെ തോന്നും. പതിനാറു മണിക്കൂര്‍ കൊണ്ട് 29 പാലങ്ങളും 21 ടണലുകളുമാണ് ഈ പാതയില്‍ തീവണ്ടികള്‍ കടക്കേണ്ടത്.

ചെന്നൈ-രാമേശ്വരം

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമാണ് രാമേശ്വരം. ചെന്നൈ ആകട്ടെ വലിയ മെട്രോ പൊളിറ്റന്‍ നഗരവും. ഈ രണ്ടു സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു റെയില്‍ പതയുണ്ട്. പാമ്പന്‍ പാലം. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കടല്‍പ്പാലം എന്ന വിശേഷണവും പാമ്പന്‍ പാലത്തിനാണ്. പാലത്തിനു സമാന്തരമായി റയില്‍പ്പാതയുമുണ്ട്.


മനോഹരമായ പാമ്പന്‍ ദ്വീപിന്റെ ഭാഗമായ രാമേശ്വരത്തെ മറ്റു സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നതു പാമ്പന്‍ പാലമാണ്. ചെറുതാണെങ്കിലും ഈ വഴിയില്‍ ഏതാണ്ട് രണ്ടര കിലോമീറ്ററോളം കടലിന്റെ സാന്നിധ്യത്തിലാണ് റെയില്‍വേ പാലം. കടല്‍ കാറ്റും ക്ഷോഭങ്ങളുമൊക്കെയും അനുഭവിക്കാന്‍ സാധ്യതയുള്ള ഇടമാണ് ഈ രണ്ടര കിലോമീറ്റര്‍. വല്ലാത്തൊരു അനുഭവവുമാണ് ഈ റൂട്ടിലുള്ള ട്രെയിന്‍ യാത്ര. ഭയം ഉള്ളില്‍ നിറച്ചൊരു യാത്രയാകും.

ഡെവിള്‍സ് നോസ് ട്രെയിന്‍ റൂട്ട്, ഇക്വഡോര്‍


രാജ്യത്തിലെ നീളംകൂടിയ രസകരമായ റെയില്‍വേയാണിത്. പന്ത്രണ്ട് കിലോമീറ്ററോളം ഈ യാത്രയില്‍ സവിശേഷമായ പ്രത്യേകതകളുണ്ട്. ഈ ഡോറത്തിലാണ് ഇവിടുത്തെ ചെങ്കുത്തായ മല നിരകളുള്ളത്. ഇതിന്റെ മുകളിലൂടെ പോകുമ്പോള്‍ താഴേയ്ക്ക് നോക്കിയാല്‍ ഏതു സാഹസികന്റെയും നെഞ്ചിച്ചിടിക്കും. കുത്തനെയുള്ള മലകളാണിവിടെയുള്ളത്. എങ്കിലും ട്രെയിനില്‍ നിന്നുള്ള ഈ യാത്ര മനോഹരവും മലയടിവാരത്തിന്റെ ഭംഗി മിഴിവേകുന്നതുമാണ്.

വൈറ്റ് പാസ്സ് ആന്‍ഡ് യൂക്കോണ്‍ റൂട്ട്, അലാസ്‌ക

1900 ആണ്ടു വരെ നീണ്ടു കിടക്കുന്ന ചരിത്രമുറങ്ങുന്ന ഒരു യാത്രാവഴിയാണിത്. ഇരുപത്തിയാറു മാസം നീണ്ട നിര്‍മാണത്തിന് ശേഷമാണ് ഈ പാത യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട അലാസ്‌ക സ്വര്‍ണ ഖനികള്‍ക്കടുത്ത് കൂടിയാണ് ഈ യാത്ര.

പലതവണ നിര്‍ത്തലാക്കിയതും പിന്നീട് ആരംഭിച്ചതുമാണ് അലാസ്‌കയുടെ ചരിത്രത്തിലെ സ്വര്‍ണ ഖനികളുടെ വ്യവസായം. സ്‌കഗ്വേ മുതല്‍ കാര്‍ക്രോസ്സ് വരെ നീണ്ടു കിടക്കുന്ന അറുപത്തിയേഴ് കിലോമീറ്റര്‍ വളരെ അപകടം പിടിച്ച വഴിയുമാണ്. ചെങ്കുത്തായ ചരിവുകളും പാറക്കല്ലുകള്‍ നിറഞ്ഞ സ്ഥലവുമാണിത്.

കുറണ്ട സീനിക്ക് റെയില്‍വേ, ഓസ്ട്രേലിയ

ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലെ കായേന്‍സ്, കുറണ്ട എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ പാതയാണിത്. മുപ്പത്തിനാല് കിലോമീറ്റര്‍ നീളമുള്ള ഈ വഴിയില്‍ പതിനഞ്ച് ടണലുകളും 93 കൂര്‍ത്ത മുനമ്പുകളും നാല്‍പ്പത് പാലങ്ങളുമുണ്ട്. യുനെസ്‌കോയുടെ പട്ടികയില്‍ ഇടം പിടിച്ച ദേശീയോദ്യാനം ബറാന്‍ ഗോര്‍ഗ് ഈ വഴിയിലാണ്.


കടലില്‍ നിന്നു മൂവായിരം അടിയോളം ഉയരത്തിലാണ് ന്യൂ മെക്‌സിക്കോയിലെ Cumbres and Toltec Scenic റൈല്‍റോഡ് .കുത്തനെയുള്ള മലനിരകളിലൂടെയും പാറകള്‍ക്കിടയിലൂടെയും ഇടുങ്ങിയ ടണലുകളിലൂടെയുമുള്ള ഇതുവഴി യാത്ര സഞ്ചാരിയുടെ അഡ്രിനാലിന്‍ ലെവല്‍ ഉയര്‍ത്തും എന്നുറപ്പ്.

ജോര്‍ജ്ടൗണ്‍ ലൂപ്പ്, കൊളറാഡോ

ഇവിടുത്തെ വെള്ളി ഖനിയിലേക്കുള്ള യാത്രയ്ക്കായി 1877ല്‍ നിര്‍മിക്കപ്പെട്ട റെയില്‍വേ പാതയാണിത്. ജോര്‍ജ് ടൗണ്‍, സില്‍വര്‍ പ്ലൂമേ എന്നീ നഗരങ്ങളെ തമ്മില്‍ ഈ പാത ബന്ധിപ്പിക്കുന്നു. ഈ റെയില്‍ വഴികളില്‍ നിങ്ങളെ കാത്തിരിക്കുന്നത് കൂറ്റന്‍ പാറക്കെട്ടുകളാണ്. 1939 ഒരിക്കല്‍ ഈ പാത അടച്ചിട്ടെങ്കിലും പിന്നീട് 1984ല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ കണ്ട് വീണ്ടും തുറന്നുകൊടുത്തു. ഏഴു കിലോമീറ്റര്‍ യാത്രയാണ് ഈ വഴിയില്‍ എടുത്തു പറയേണ്ടതായി വരുന്നത്. ഈ ദൂരത്തിനുള്ളില്‍ ക്ലിയര്‍ ക്രീക്ക് താഴ്വരയും ഡെവിള്‍സ് ഗേറ്റ് ഹൈ ബ്രിഡ്ജും കടക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ അത്യാകര്‍ഷകമാണ് ഈ റെയില്‍പാത.