വിസ്മയക്കാഴ്ച്ചയുമായി പൈതൃകോത്സവം
ലോക പൈതൃക ദിനത്തോടനുബന്ധിച്ച് റാക് ആന്‍ഡിക്യുറ്റീസ് ആന്‍ഡ് മ്യൂസിയം ഡിപ്പാര്‍ട്ട്മെന്റ് റാസല്‍ ഖൈമയില്‍ സംഘടിപ്പിച്ച ലോക പൈതൃകോത്സവം വിസ്മയക്കാഴ്ചയായി. ലോകപൈതൃക ദിനമായ വ്യാഴാഴ്ചയാണ് റാസല്‍ഖൈമയിലെ നാഷണല്‍ മ്യൂസിയത്തില്‍ പരിപാടികള്‍ അരങ്ങേറിയത്.
ലോകത്തിലെ പൈതൃക കലകളുടെ പ്രകടനത്തില്‍ യു.എ.ഇ. ക്ക് പുറമേ പലസ്തീന്‍, ജോര്‍ദാന്‍, ഇന്ത്യ, ഈജിപ്ത്, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍, ഗ്രീസ്, ഫിലിപൈന്‍സ്, സൗദിഅറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ നാടോടി വിജ്ഞാനീയ കലാകാരന്മാര്‍ പങ്കെടുത്തു. തുടര്‍ന്ന് അറബ് ലോകത്തിന്റെ പൈതൃക കലാരൂപങ്ങളും സാംസ്‌കാരിക പ്രദര്‍ശനവും നടന്നു.
ക്ഷണിക്കപ്പെട്ട സദസ്സിനുമുന്നില്‍ നടന്ന ഉത്സവത്തില്‍ ശൈഖ് അബ്ദുല്‍ മാലിക്, ശൈഖ ജവാഹിര്‍ ആലു ഖലീഫ, മറിയം ഷെഹ്ഹി എന്നീ മുഖ്യാതിഥികള്‍ക്കൊപ്പം യു.എ.ഇ.യിലെ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ‘പൈതൃകം സഹിഷ്ണുതയുടെ ഗീതം ആലപിക്കുന്നു’ എന്ന സന്ദേശത്തോടെ എല്ലാ രാജ്യങ്ങളിലെയും കലാകാരന്മാര്‍ അണിനിരന്ന പ്രത്യേക പ്രദര്‍ശനം ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണമായിരുന്നു.
ചടങ്ങിന് മുന്നോടിയായി നടന്ന ലോകത്തിലെ ഓരോ രാജ്യക്കാരുടെയും തനതു വേഷങ്ങള്‍ അവതരിപ്പിക്കാനുള്ള മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മികച്ച വേഷങ്ങളില്‍ ഒരു സ്വദേശിക്കും ഒരു വിദേശിക്കും കാഷ് അവാര്‍ഡും ഉപഹാരവും നല്‍കി.
ഇന്ത്യയെ പ്രതിനിധാനം ചെയ്ത് കഥകളി, നൃത്തനൃത്തങ്ങള്‍ എന്നിവ അവതരിപ്പിച്ചു. അറേബ്യന്‍ സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ അതിന്റെ പഴമയും പ്രാധാന്യവും ഒട്ടും ചോര്‍ന്നുപോകാതെ വരുംതലമുറയ്ക്ക് കാത്തുസൂക്ഷിക്കുന്ന ഒരു ജനതയുടെ ആത്മാര്‍പ്പണമാണ് പൈതൃകോല്‍സവത്തില്‍ നിറഞ്ഞു നിന്നത്. രാജ്യങ്ങളില്‍നിന്നുള്ള കാഴ്ചകളും സാംസ്‌കാരികാഘോഷങ്ങളും ഉത്സവത്തിന് മാറ്റുകൂട്ടി.
ഒരുകാലത്ത് പൂര്‍വികര്‍ ഉപയോഗിച്ചിരുന്ന ‘കൊട്ട’ യും ‘ചട്ടി’യും ‘വട്ട’ യും ‘വല’ യും ‘മാല’ യുമെല്ലാം പ്രദര്‍ശിപ്പിച്ച ഉത്സവനഗരിയില്‍ പഴയകാലത്തെ ഗ്രാമീണവും നാഗരികവുമായ ഉത്പന്നങ്ങളും വസ്ത്രങ്ങളും കൗതുകമായി. മീന്‍പിടിച്ചും ആഴങ്ങളില്‍നിന്ന് മുത്തുവാരിയും പ്രതികൂല കാലാവസ്ഥയെപ്പോലും അതിജീവിച്ച് ഒരു ജനത നടത്തിയ ജീവിക്കാനുള്ള പോരാട്ടം ചിത്രങ്ങളായും പ്രതീകങ്ങളായും സന്ദര്‍ശകരുടെ കാഴ്ചകളില്‍ സ്ഥാനംപിടിച്ചു.