ഒഡിഷയിലെ ഈ ഗ്രാമം എക്കോ ടൂറിസത്തിലൂടെ നേടിയത് 1.3 കോടി
ഒഡിഷയിലെ സുന്ദരമായ ബദ്മുല്‍ എന്ന ഉള്‍ഗ്രാമം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സഞ്ചാരികള്‍ തിരിഞ്ഞ് നോക്കാത്ത ഒരു പ്രദേശമായിരുന്നു. പ്രകൃതി സമ്പത്താല്‍ സമൃദ്ധമായ ഈ മേഖലയില്‍ വിനോദസഞ്ചാരം വളര്‍ന്നാല്‍ അത് പരിസ്ഥിതിയെ നശിപ്പിച്ചേക്കുമോ എന്ന് ഗ്രാമത്തിലുള്ളവര്‍ക്ക് ഭയവുമുണ്ടായിരുന്നു. പ്രകൃതിയെ നശിപ്പിക്കാതെ ഇരിക്കുകയും വേണം. വിനോദസഞ്ചാരം വളരുകയും വേണം.
അങ്ങനെ ഒരുപ്രതിസന്ധിഘട്ടത്തിലാണ് ഒഡിഷ സംസ്ഥാന സര്‍ക്കാര്‍ ഗ്രാമത്തിലെ വിവിധ നാട്ടുക്കൂട്ടങ്ങളുമായി കൂടിയാലോച്ചിച്ച് ഒരു എക്കോ ടൂറിസം പദ്ധതി തയ്യാറാക്കിയത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഞെട്ടിപ്പിക്കുന്ന വളര്‍ച്ചയാണ് പദ്ധതിയുണ്ടാക്കിയത്. 2018 -2019 വര്‍ഷങ്ങളില്‍ ബദ്മുല്‍ ഉണ്ടാക്കിയ നേട്ടം കേട്ടാല്‍ ആരും അതിശയിക്കും.1 .3 കോടി രൂപ
ഗ്രാമവാസികളുടെ സഹകരണത്തോടെ ഇന്ത്യയിലെ സര്‍ക്കാരുകള്‍ ആവിഷ്കരിച്ചതില്‍ എക്കാലത്തെയും മികച്ച നേട്ടമാണ് ഒഡിഷ സര്‍ക്കാര്‍ പദ്ധതിയിലൂടെ ഉണ്ടാക്കിയെടുത്തത്. വനത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തില്‍ നടപ്പിലാക്കിയ പദ്ധതി അവിടുത്തെ ജൈവവൈവിധ്യത്തെ യാതൊരു തരത്തിലും നശിപ്പിക്കാതെയാണ് നടപ്പിലാക്കപ്പെട്ടത്. മാത്രമല്ല ടൂറിസം പദ്ധതിയിലൂടെ ലഭിച്ച ഭൂരിഭാഗം വരുമാനവും ഗ്രാമത്തിലെ പാവപ്പെട്ടവര്‍ക്ക് തന്നെ ലഭിച്ചു എന്നതും സുപ്രധാന നേട്ടമാണ്.
കഴിഞ്ഞ ഒരു വര്‍ഷം ആയിരങ്ങളാണ് ഈ ചെറു ഗ്രാമം കാണാനായി എത്തിയത്. ഇതില്‍ 20 ശതമാനത്തിലധികം സഞ്ചാരികള്‍ ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ളവരായിരുന്നു. ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന് എന്നീ രാജ്യങ്ങളില്‍ നിന്നും നിരവധി പേര് ഇവിടേക്കെത്തുന്നുണ്ട്. പ്രദേശവാസികളുടെ സഹകരണത്തോടെ ധാരാളം നേച്ചര്‍ ക്യാമ്പുകള്‍ നിര്‍മിച്ചുകൊണ്ടാണ് ഇവിടെ എക്കോ ടൂറിസം വളര്‍ത്തിയെടുത്തത്. ടൂറിസവുമായി ബന്ധപ്പെട്ട് വളര്‍ന്നു വന്ന ഡ്രൈവിംഗ്, കുക്കിങ്, ഏകോ ഗൈഡുകള്‍, സര്‍വീസ് മാനേജറുമാര്‍ മുതലായ പുത്തന്‍ തൊഴില്‍ മേഖലകളിലൂടെ ഗ്രാമത്തിലെ പാവപ്പെട്ടവര്‍ക്ക് നേട്ടമുണ്ടാക്കാനായി.