പോകാം ചരിത്രം ഉറങ്ങുന്ന ലേപാക്ഷിയിലേക്ക്

ദൈനംദിന ജീവിതം ആവർത്തനവിരസമായി വീർപ്പുമുട്ടിക്കുന്ന സന്ദർഭങ്ങളിലാണ് ഞാൻ യാത്രകൾ പോകാറുള്ളത്. അത്തരം യാത്രകൾ മനസ്സിനെ വീണ്ടും ‘റിജുവനെയ്റ്റ്’ ചെയ്യാൻ സഹായിക്കും. ബാംഗ്ളൂരിലെ തിരക്ക് വല്ലാതങ്ങു വീർപ്പുമുട്ടിച്ചപ്പോഴാണ് നഗരത്തിന്റെ തിരക്കിൽ നിന്നും മാറി ഒരു യാത്ര ചെയ്യണമെന്ന് തോന്നിയത്. കയ്യിലാകെയുള്ളത് ഒരു ഒഴിവുദിവസം. ആ ചുരുങ്ങിയ സമയത്തിനുള്ളിൽ എവിടെ പോയിവരാം എന്ന് ചിന്തിച്ചപ്പോൾ മനസ്സിൽ ആദ്യം കടന്നു വന്നത് ലേപാക്ഷിയും. ഒരു സുഹൃത്ത്തിലൂടെയാണ് ഞാനാദ്യം ലേപാക്ഷിയെപ്പറ്റി കേൾക്കുന്നത്. ലേപാക്ഷി വീരഭദ്ര ക്ഷേത്രത്തെകുറിച്ച് അറിഞ്ഞപ്പോൾ മുതൽ തീരുമാനിച്ചതാണ് ഒരിക്കലെങ്കിലും അവിടെ പോകണം എന്ന്.

ബാംഗ്ലൂരിൽ നിന്നും 123 കിലോമീറ്റർ മാറി ആന്ധ്രപ്രദേശിലെ അനന്ത്പുർ എന്ന ജില്ലയിലാണ് ലേപാക്ഷി വീരഭദ്രക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്നും രണ്ടര മണിക്കൂർ യാത്ര ചെയ്താൽ ക്ഷേത്രത്തിലെത്തിച്ചേരാം. തിരക്കേറിയ ട്രാഫിക്കും താണ്ടി ബാംഗ്ലൂർ നഗരം കടന്നു കഴിഞ്ഞാൽ നമ്മെ കാത്തിരിക്കുന്നത് വൃത്തിയുള്ള, കുഴികളൊന്നുമില്ലാത്ത വിശാലമായ റോഡുകളാണ്. അതുകൊണ്ടുതന്നെ നഗരം കടന്നു കഴിഞ്ഞാൽ പിന്നെ യാത്ര സുഗമമായിരിക്കും. ഹൈവേ യാത്ര കഴിഞ്ഞു ലേപാക്ഷി വീരഭദ്ര ക്ഷേത്രത്തിലേക്കുള്ള വഴിയിലേക്ക് കടന്നപ്പോൾ രണ്ടരമണിക്കൂർ കൊണ്ട് മറ്റേതോ രാജ്യത്തെത്തിയതുപോലെ. വീതികുറഞ്ഞ റോഡുകൾ, റോഡിൻറെ ഇരുവശവും ചെറിയ മലകളും മരങ്ങളും.

മല എന്ന് പറയുമ്പോൾ നമ്മുടെ നാട്ടിലെ മണ്ണുകൊണ്ടുള്ള മലകളല്ല. ഈ ചെറുമലകൾ രൂപപ്പെട്ടിരിക്കുന്നത് കൂറ്റൻ പാറക്കല്ലുകൾ കൊണ്ടാണ്.  കുറച്ചുകൂടി മുന്നോട്ടുപോയാൽ ആൾത്തിരക്കുള്ള ഭാഗമായി. ഗ്രാമം തന്നെ! ഇരുവശത്തും തിങ്ങിക്കൂടി നിൽക്കുന്ന ചെറുകടകൾ. കടത്തിണ്ണകളിലിരുന്നു സൊറ പറയുന്ന മധ്യവയസ്കർ. പിന്നെ ചില സിനിമകളിലൊക്കെ കാണുന്നതുപോലെ ‘ലൂണ’ സ്‌കൂട്ടറിൽ സഞ്ചരിക്കുന്ന കുറെ ഗ്രാമീണരും. ഈ കാഴ്ചകളൊക്കെ കടന്നു ഉച്ചക്ക് പന്ത്രണ്ടരയോടെ ലേപാക്ഷിയിലെത്തി. പുരാതന ഭാരതീയ വാസ്തുവിദ്യയുടെ ഒന്നാന്തരം ഉദാഹരമാണ് ലേപാക്ഷിയിലെ ഓരോ നിർമിതികളും. 1583 ൽ ശിവഭക്തരായ വീരണ്ണ, വിരുപണ്ണ സഹോദരന്മാർ നിർമിച്ചതാണ് ഈ ക്ഷേത്രം എന്നാണ് കരുതപ്പെടുന്നത്. വിജയനഗര വാസ്തുവിദ്യാ ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിർമ്മിതി.

“ലേ പാക്ഷി” എന്നാൽ”പറക്കു പക്ഷി”. സീതയെ വിട്ടുകിട്ടാനായി രാവണനോട് പോരാടി, മാരകമായി മുറിവേറ്റു അവശനായികിടന്ന ജടായുവിനോട് ശ്രീരാമൻ പറഞ്ഞ വാചകങ്ങളാണിത് എന്നാണ് വിശ്വാസം. ജടായുവിനെ അവിടെത്തന്നെയാണ് സംസ്കരിച്ചത് എന്നും പറയപ്പെടുന്നു. ഇരുപതോളം പടികൾ കടന്നു വേണം ക്ഷേത്രത്തിലെത്താൻ. കരിങ്കല്ലിൽ തീർത്ത പടികൾ. പടികൾ കടന്നു ചെല്ലുന്നത് പുരാതന വാസ്തുവിദ്യയുടെ മായാലോകത്തേക്കാണ്. ക്ഷേത്രത്തിനുൾവശം മുഴുവനും, വിഗ്രഹങ്ങൾ ഉൾപ്പടെ, നിര്മിച്ചരിക്കുന്നതു കല്ലുകൾ കൊണ്ടാണ്. എല്ലാം ഒന്നിനൊന്നു മികച്ചത്. കോൺക്രീറ്റും, പെയിന്റുമെല്ലാം തലതാഴ്ത്തിപ്പോകും പുരാതന കൽനിർമിതിയുടെ ഭംഗി കണ്ടു. അത്രയ്ക്ക് മനോഹരമാണ് അവിടുത്തെ ഓരോ നിര്മിതിയും. ശിവൻ, വിഷ്ണു, വീരഭദ്രൻ എന്നീ 3 ദൈവങ്ങൾക്കും പ്രത്യേകം ക്ഷേത്രങ്ങൾ ഇവിടുണ്ട്.

പ്രധാന ക്ഷേത്രസമുച്ചയത്തിനെചുറ്റി 70-ൽ പരം കൽത്തൂണുകളുണ്ട്. വായുവിൽ തൂങ്ങിനില്ക്കുന്ന കൽതൂൺ കണ്ടിട്ടുണ്ടോ? അവിശ്വസനീയമെന്നു തോന്നുമെങ്കിലും അത്തരമൊരു നിലം തൊടാതെ നിൽക്കുന്ന തൂണാണ് ക്ഷേത്രത്തിലെ പ്രധാന ആകർഷണം. ശാസ്ത്രത്തെ വെല്ലുവിളിച്ചുകൊണ്ട് തലയെടുപ്പോടെ നിൽക്കുന്ന ഈ തൂണിനു പിന്നിലുള്ള രഹസ്യം  ഇന്നും അജ്ഞാതമാണ്. ഈ തൂണുകൾക്കിടയിലൂടെ നിലം തൊടാതെ വസ്ത്രങ്ങൾ കടത്തിയെടുത്താൽ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഒറ്റക്കല്ലിൽ തീർത്ത ഏഴു തലയുള്ള നാഗപ്രതിമയാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം. എഴുതലയുള്ള നാഗം ശിവലിംഗത്തിൽ നിലകൊള്ളുന്നതായിട്ടാണ് നിർമിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ നാഗ പ്രതിമയായി ഇതിനെ കണക്കാക്കുന്നു. കൂറ്റൻ നാഗരൂപത്തിനു മുന്നിൽ നിന്ന് ചിത്രങ്ങളെടുക്കാൻ നിരവധിപേരാണ് ദിനവും ഇവിടെ എത്തുന്നത്. എന്നാൽ ഹംപിയിലെ വിരൂപാക്ഷക്ഷേത്രത്തെ അപേക്ഷിച്ച് ഇവിടെ തിരക്കൽപം കുറവാണ്. ക്ഷേത്രത്തിൽ ഏറ്റവും ആകർഷകമായി തോന്നുന്ന മറ്റൊന്ന് ചിത്രപ്പണികൾ കൊത്തിയ കൽത്തൂണുകൾ നിറഞ്ഞ മണ്ഡപമാണ്. ഫോട്ടോഗ്രാഫർമാരുടെ പറുദീസാ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. പോസ്റ്റ് വെഡിങ് ഷൂട്ടുകളും, മോഡലിങ്ങുമൊക്കെയായി നിരവധി ചിത്രങ്ങളിൽ നമുക്കീ കൽമണ്ഡപം കാണാൻ സാധിക്കും. മണ്ഡപത്തിലെ തൂണുകളിൽ നിറയെ നർത്തകിമാരുടെയും, വാദ്യക്കാരുടേയുമെല്ലാം ചിത്രങ്ങൾ അതിമനോഹരമായി കൊത്തിവെച്ചിരിക്കുന്നു. എന്നാൽ ചിലയിടങ്ങളിൽ കാവലായി വാനരന്മാരുള്ളതുകൊണ്ട് സ്വസ്ഥമായി ചിത്രങ്ങളെടുക്കാൻ അവയെ തുരത്തിയെ മതിയാകൂ. ക്ഷേത്രത്തിൽ നിന്നും 200 മീറ്റർ മാറി മറ്റൊരു ഒറ്റക്കൽ അത്ഭുദം നിലകൊള്ളുന്നുണ്ട്. ഇരുപതടി നീളത്തിൽ ഒറ്റക്കല്ലിൽ തീർത്ത നന്ദി പ്രതിമ.

അമ്പലത്തിനുള്ളിലെ നാഗപ്രതിമയെ അഭിമുഖീകരിച്ചാണ് നന്ദിപ്രതിമ നിലകൊള്ളുന്നത്. ക്ഷേത്രത്തിൽ ചിലവഴിക്കുന്ന ഓരോ നിമിഷവും ഭൂതകാലത്തിലേക്കുള്ള ഒരെത്തിനോട്ടവും കൂടിയാണ്. പൗരാണിക തച്ചുവിദ്യയുടെ ഭംഗി മനസ്സിന് കുളിര്മയേകുമ്പോൾ, കരിങ്കൽ കൂട്ടങ്ങൾ കൊണ്ട് നിർമിച്ച ഈ ക്ഷേത്രം ഏതൊരു എയർ കൊണ്ടീഷനേയും വെല്ലുവിളിച്ചുകൊണ്ട് ശരീരത്തിനും കുളിർമ തരുന്നു. ലേപാക്ഷിയോട് വിട പറയും മുന്നേ ഒരു വട്ടം ചെവി കൽത്തൂണുകളിൽ ചേർത്തുവെച്ചു. കൽത്തൂണുകൾ എന്നോടെന്തോ അടക്കം പറയുന്നതായിട്ടു എനിക്ക് തോന്നിയതാണോ? ആയിരിക്കാം. പഴമയുടെയും ഭൂതകാലത്തിന്റെയും ഓര്മകളുറങ്ങിക്കിടക്കുന്ന ആ ക്ഷേത്രത്തിന്റെ ഓർമ്മകൾ മനസ്സിന്റെ ഒരു കോണിൽ ചേർത്തുവെച്ചു പടികളിറങ്ങിയപ്പോൾ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി! ആ കൽമണ്ഡപങ്ങളിൽ ആരെങ്കിലും നൃത്തം ചെയ്യുന്നുണ്ടാകുമോ? കൽത്തൂണുകൾ പരസ്പരം കഥകൾ കൈമാറുന്നുണ്ടാകുമോ?

 

എത്തിച്ചേരാൻ :

ആന്ധ്രയിലെ അനന്തപൂര്‍ ജില്ലയില്‍ ഹിന്ദ്പൂര്‍ പട്ടണത്തില്‍ നിന്നും 15 കിലോമീറ്റര്‍ മാറിയാണ് ലേപാക്ഷി നിലകൊള്ളുന്നത്. കർണാടകം-ആന്ധ്രാ അതിർത്തിയിലാണ് ക്ഷേത്രം. ബാംഗ്ലൂരിൽ നിന്നും 123 കിലോമീറ്റര് ദൂരം.