പച്ചപ്പിന്റെ കൂട്ടുകാരന്‍ പത്തനംത്തിട്ട

വേറിട്ട കാഴ്ച്ചകള്‍ തേടിയാണ് യാത്രയെങ്കില്‍ വണ്ടി നേരെ പത്തനംതിട്ടയിലേക്ക് വിടാം. അരുവികളും അടവികളും താണ്ടിയുള്ള ആ യാത്രയില്‍, കടുവകളും ആനകളും മാനുകളുമൊക്കെ കൂട്ടുവരും. കാടിന്റെ സൗന്ദര്യത്തിനൊപ്പം വന്യതയും വെളിപ്പെടുത്തി തരും ഈ യാത്ര. സഞ്ചാരികളെ ഏറെ ആകര്‍ഷിക്കാന്‍ തക്ക നിരവധി സ്ഥലങ്ങളുണ്ട് പത്തനംതിട്ടയില്‍. ഗവിയും ആലുവാംകുടിയും അടവിയുമൊക്കെ അതില്‍ ചിലതുമാത്രം. മോഹിപ്പിക്കുന്ന പച്ചനിറമണിഞ്ഞ ഈ മണ്ണിലൂടെ…ആ കാനനപാതകളുടെ സൗന്ദര്യം കണ്ടുകൊണ്ടു യാത്ര തിരിക്കാം.

ഗവി

സമുദ്രനിരപ്പില്‍നിന്ന് 3,400 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നിത്യഹരിത വനപ്രദേശമാണ് ഗവി. മലമടക്കുകളും ചോലവനങ്ങളും മൊട്ടക്കുന്നുകളാണ് ഗവിയുടെ പ്രധാന ആകര്‍ഷണം. വന്യത ആസ്വദിച്ചുകൊണ്ട് കാടിന്റെ ഹൃദയത്തിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് നവ്യാനുഭവമാണ്. ഗവിയുടെ പച്ചപ്പും തണുപ്പും തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. അരുവികളും കൊക്കകളും താഴ്വരകളും എക്കോ പോയിന്റുകളും പുല്‍മേടുകളുമൊക്കെയായി ഗവി സഞ്ചാരികളുടെ മനംമയക്കുന്നു. കാടിനു നടുവിലൂടെയാണ് ഗവിയിലേക്കുള്ള യാത്ര. ആ യാത്ര ഓരോ യാത്രികനും പുത്തനനുഭവങ്ങള്‍ സമ്മാനിക്കുമെന്നതിനു തര്‍ക്കമില്ല. ധാരാളം സഞ്ചാരികള്‍ കാട് കാണാനിറങ്ങുന്നതു കൊണ്ട് തന്നെ നിരവധി സൗകര്യങ്ങളാണ് ഗവണ്മെന്റ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്.

പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെട്ട പ്രദേശമാണിവിടം. ഗവി യാത്രക്കുള്ള തയാറെടുപ്പുകള്‍ വളരെ ശ്രദ്ധിക്കണം. കൊടുംകാടായ ഈ പ്രദേശങ്ങളില്‍ കാട്ടാന, കാട്ടുപോത്ത്, പുലി തുടങ്ങി ആക്രമണകാരികളായ നിരവധി വന്യജിവികളെയും കാണാം. ചെക്ക്പോസ്റ്റില്‍, മുന്നോട്ടുള്ള പാതയില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ വലിയ അക്ഷരങ്ങളില്‍ എഴുതി വച്ചിരിക്കുന്നതു ആര്‍ക്കും വായിക്കാം.

കാടിനുള്ളില്‍ അമിതമായ ശബ്ദം ഉണ്ടാക്കാനോ അമിത സ്പീഡോ പാടില്ല. ഏതു നിമിഷവും റോഡിനു കുറുകെ കൂടി കടന്നു വരാന്‍ സാധ്യതയുള്ള കാട്ടുമൃഗങ്ങളെ മനസ്സില്‍ കണ്ടുവേണം മുന്നോട്ടു യാത്ര തുടരാന്‍. കാടിന്റെ നിശ്ശബ്ദതയാസ്വദിച്ച് മറ്റു ശല്യങ്ങളൊന്നുമില്ലാതെ വന്യമൃഗങ്ങളെ കാണാനും ട്രക്കിങ്ങിന് പോകാനും വനപാലകരുടെ സുരക്ഷയില്‍ കാടിനുള്ളിലെ ടെന്റില്‍ താമസിക്കാനും സൗകര്യമുണ്ട്.

കോന്നി

ആനകളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ആനകളെ കണ്ട് ആനപ്പുറത്ത് സവാരിയും പിന്നെ ഒരു ഉഗ്രന്‍ കുട്ടവഞ്ചി യാത്രയും,. കേള്‍ക്കുമ്പോള്‍ തന്നെ പോയാല്‍ കൊള്ളാം എന്നാണോ. എങ്കില്‍ വണ്ടി പിടിച്ചോ നേരെ പത്തനംതിട്ടയ്ക്ക്.

പകുതിയില്‍ അധികവും വനഭൂമിയാല്‍ ചുറ്റപ്പെട്ട പത്തനംതിട്ടയുടെ മുഖ്യ ആകര്‍ഷണം കോന്നി ആനവളര്‍ത്തല്‍ കേന്ദ്രവും അടവി ഇക്കോ ടൂറിസവുമാണ്. അച്ചന്‍കോവിലാറിന്റെ കരയില്‍ സ്ഥിതിചെയ്യുന്ന ജൈവസമ്പന്നമായ വനപ്രദേശമാണ് കോന്നി. കേരളത്തിലെ ആദ്യകാല റിസര്‍വ് വനങ്ങളില്‍ ഒന്നുകൂടിയാണിവിടം. ആനപരിശീലനകേന്ദ്രമെന്ന പേരില്‍ ലോകമെന്നും പ്രസിദ്ധിയാര്‍ജിച്ച കോന്നി വിനോദസഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഇടം കൂടിയായിത്തീരുന്നത് എണ്ണമറ്റ സവിശേഷതകള്‍ കൊണ്ട് തന്നെയാണ്. ആനകളെ കാണാനും അവയെപ്പറ്റി കൂടുതല്‍ അറിയുവാനും പഠിക്കുവാനും സാധിക്കുന്ന ഒരു പാഠശാല എന്നുവേണമെങ്കില്‍ കോന്നിയെ വിളിക്കാം.

ചരിത്രാതീതകാലം മുതല്‍ കോന്നിയില്‍ ആനവളര്‍ത്തലും പരിശീലനവും ഉണ്ടായിരുന്നുവത്രേ. അതിന്റെ ശേഷിപ്പുപോലെ ഒരു പുരാതന ആനക്കൂട് ഇവിടെ സംരക്ഷിച്ചുപോരുന്നുണ്ട്. പൂര്‍ണമായും തടിയില്‍ നിര്‍മിച്ചിരിക്കുന്ന ഈ ആനക്കൂട് ഇവിടുത്തെ മുഖ്യ ആകര്‍ശണങ്ങളിലൊന്നാണ്. ഒമ്പത് ഏക്കറിലാണ് ഈ ആനക്കൂട് സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഈ ആനക്കൊട്ടിലിനെക്കുറിച്ച് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍ വരെ പരാമര്‍ശമുണ്ട്.

അടവി

ഒറ്റദിന യാത്രയ്ക്ക് ഏറ്റവുമുചിതമായൊരിടമാണ് അടവി. കോന്നിയില്‍ നിന്നും ഏകദേശം ഏഴു കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന അടവിയിപ്പോള്‍ സഞ്ചാരികളുടെ പ്രിയ താവളമാണ്. കോന്നിയിലെ ആനക്കൊട്ടില്‍ കണ്ടുകൊണ്ട് ഉല്ലാസയാത്രയിലെ കാഴ്ചകള്‍ ആരംഭിക്കാം.
കാടിനുനടുവിലൂടെയും മലഞ്ചെരിവുകളിലൂടെയുമുള്ള യാത്ര, യാത്രാപ്രേമികളെ ഉത്സാഹഭരിതരാക്കും. കുരങ്ങന്മാരും പക്ഷികളും വഴിയിലുടനീളം കൗതുകം പകര്‍ന്നുകൊണ്ട് സഞ്ചാരികളെ അനുഗമിക്കും. അടവിയിലെ പ്രധാനാകര്‍ഷണം തണ്ണിത്തോട്ടിലെ കുട്ടസവാരിയാണ്. പുഴയുടെ തണുപ്പറിഞ്ഞുള്ള യാത്ര സഞ്ചാരികളുടെയും ഉള്ള് കുളിര്‍പ്പിക്കും. മണിക്കൂറിനു 800 രൂപയാണ് കുട്ടയാത്രയ്ക്ക് ഈടാക്കുന്നത്.

ആലുവാംകുടി

അതിസാഹസികയിടങ്ങള്‍ തേടി പോകുന്നവര്‍ക്ക് ആലുവാംകുടി യാത്ര ഏറെയിഷ്ടപ്പെടും. ഇടതൂര്‍ന്നു നില്‍ക്കുന്ന നിബിഢവനത്തിലൂടെയുള്ള യാത്ര രസകരമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആലുവാംകുടി ശിവക്ഷേത്രം, വിശ്വാസികള്‍ക്ക് വിസ്മയം ജനിപ്പിക്കത്തക്കതാണ്. പൊളിഞ്ഞു വീഴാറായ ക്ഷേത്രം ഈയിടെ നവീകരിച്ചിട്ടുണ്ട്.

പുരാതന കാലത്ത് മധ്യ തിരുവിതാംകൂറിലെ പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നായാണ് ആലുവാംകുടി ക്ഷേത്രത്തിനെ കണക്കാക്കുന്നത്. ഇരട്ട കല്ലാര്‍ പദ്ധതിയുടെ ഭാഗമായ രണ്ടാട്ടുമുഴി, കോട്ടപ്പാറ മലകള്‍, നാനാട്ടുപാറ മല, അണ്ണന്‍ തമ്പി മേട് തുടങ്ങി നിരവധി കാഴ്ച്ചകള്‍ ഈ സ്ഥലത്തിന് വശ്യതയേറ്റുന്നു. കോന്നിയില്‍ നിന്നും അധികം അകലെയല്ല ആലുവാംകുടി. മഞ്ഞും കോടയും കാടും വൃക്ഷലതാദികളും മലയും അരുവിയും ചെറുവെള്ളച്ചാട്ടങ്ങളുമൊക്കെയുള്ള ആലുവാംകുടി യാത്ര യാത്രികര്‍ക്ക് നനുത്ത ഓര്‍മ്മകള്‍ സമ്മാനിക്കുക തന്നെ ചെയ്യും.

 

പെരുന്തേനരുവി

സഞ്ചാരികളുടെ മനം നിറയ്ക്കുന്ന ഒരു വെള്ളച്ചാട്ടമാണ് പെരുന്തേനരുവി. റാന്നി, വെച്ചൂച്ചിറയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കാടിന്റെ പശ്ചാത്തലവും, കുത്തിയൊഴുകുന്ന പാല്‍പുഴയും ആദ്യ കാഴ്ച്ചയില്‍ തന്നെ മോഹിപ്പിക്കും. അതിസുന്ദരമായതു കൊണ്ട് തന്നെ നിരവധി സഞ്ചാരികളാണ് പെരുന്തേനരുവി കാണാനായി എത്തുന്നത്. പശ്ചിമഘട്ട മലനിരകളില്‍ നിന്നും വളരെ ശാന്തമായി ഒഴുകിയെത്തുന്ന നദിയ്ക്ക് ഇവിടെയെത്തുമ്പോള്‍ രൗദ്രഭാവം കൈവരുന്നു. നൂറടിയില്‍ നിന്നും മുകളിലേക്ക് പതിക്കുന്നതുകൊണ്ടു തന്നെ പെരുന്തേനരുവിയ്ക്ക് മനോഹാരിത കൂടുതലാണ്.