Asia

വിസ്മയങ്ങള്‍ ഒളിപ്പിച്ച മനുഷ്യനിര്‍മ്മിത ദ്വീപ്; സെന്റോസ

കാഴ്ചയുടെ വിസ്മയങ്ങള്‍ ചെപ്പിലൊളിപ്പിച്ച മനുഷ്യ നിര്‍മിത ദ്വീപാണ് സെന്റോസ. സിംഗപ്പൂര്‍ സിറ്റിയില്‍ നിന്ന് റോഡ് മാര്‍ഗമോ, കേബിള്‍ കാര്‍ വഴിയോ, ഷട്ടില്‍ ബസ് സര്‍വീസ് ഉപയോഗിച്ചോ, മാസ് റാപിഡ് ട്രാന്‍സിറ്റ് (MRT) വഴിയോ സെന്റോസ ഐലന്‍ഡിലേക്ക് പോകാം. മെട്രോ ട്രെയിന്‍ സര്‍വീസിനെയാണ് അവിടെ എംആര്‍ടി എന്നു വളിക്കുന്നത്. ദ്വീപ് മുഴുവനും മോണോ റെയില്‍ സംവിധാനത്തില്‍ ചുറ്റാം എന്നതിനാല്‍ ടാക്‌സി എടുക്കേണ്ടി വരില്ല. ദ്വീപിനകത്ത് മോണോ റെയില്‍/ ഷട്ടില്‍ ബസ് യാത്ര സൗജന്യമാണ്.


സിംഗപ്പൂരിന്റെ ദേശീയ ചിഹ്നമായ മെര്‍ലിയോണ്‍ പ്രതിമ സെന്റോസയിലാണ് ഉള്ളത്. യൂണിവേഴ്‌സല്‍ സ്റ്റുഡിയോസ് തീം പാര്‍ക്ക്, സെന്റോസയുടെ ആകാശക്കാഴ്ച സമ്മാനിക്കുന്ന ടൈഗര്‍ സ്‌കൈ ടവര്‍, വിങ്‌സ് ഓഫ് ടൈം ഷേ, ദ് ലൂജ് ആന്‍ഡ് സ്‌കൈ റൈഡ്, മാഡം തുസാര്‍ഡ്‌സ് വാക്‌സ് മ്യൂസിയം. അണ്ടര്‍ ഗ്രൗണ്ട് സീ അക്വേറിയം തുടങ്ങി നിരവധി കാഴ്ചകളുടെ കേന്ദ്രമാണ് സെന്റോസ.

വീസ നടപടികള്‍ അറിയാം…

ആറുമാസ കാലാവധിയുള്ള ഒറിജിനല്‍ പാസ്‌പോര്‍ട്ട്, എംപ്ലോയ്‌മെന്റ് പ്രൂഫ്, സാലറി സ്ലിപ്പ്, ഗവണ്‍മെന്റ് ഐഡി, (വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ കോളജ് / ഐഡി) എന്നിവയോടെ അപേക്ഷിച്ചാല്‍ നാലു മുതല്‍ ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ 30ദിവസത്തെ താമസം അനുവദിക്കുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി ഇ-വീസ ലഭിക്കും. ദക്ഷിണേന്ത്യയില്‍ വീസ പ്രോസസിങ് സാധ്യമാകുന്നത് സിംഗപ്പൂരിന്റെ ചെന്നൈ കോണ്‍സുലേറ്റി ലാണ്. ഏജന്റ് വഴി അപേക്ഷിക്കുന്നതാണ് നല്ലത്.


എങ്ങനെ എത്താം

സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ നേരിട്ടുള്ള വിമാനം എല്ലാ ദിവസവും ലഭ്യമാണ്. സ്‌കൂട്ടിന്റെ നേരിട്ടുള്ള വിമാനങ്ങള്‍ ആഴ്ചയില്‍ നാലു ദിവസം ലഭിക്കും. കോലാലംപൂര്‍ വഴി എയര്‍ ഏഷ്യ, മലിന്‍ഡോ വിമാനങ്ങളുണ്ട്. കൊളംബോ വഴി ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനം ഉണ്ട്. സിംഗപ്പൂര്‍ ഡോളറാണ് കറന്‍സി. മൂന്നു രാത്രി നാലു പകല്‍ യാത്രയ്ക്ക് ഒരാള്‍ക്ക് 38000 രൂപ ചെലവു വരും.