വെക്കേഷന്‍ വ്യത്യസ്തമാക്കാന്‍ കര്‍ണാടകയിലെ കിടുക്കന്‍ സ്ഥലങ്ങള്‍

തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും രസകരമായ സംസ്ഥാനമാണ് കര്‍ണാടക. കര്‍ണാടകത്തില്‍ കാടുണ്ട്, ചരിത്ര സ്മാരകങ്ങളുണ്ട്, ക്ഷേത്രങ്ങളുണ്ട്. വെക്കേഷന്‍ വ്യത്യസ്തമാക്കണമെങ്കില്‍ കന്നഡദേശത്തേക്ക് സഞ്ചരിക്കാം. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യം കേരളത്തിനെക്കാള്‍ ചൂട് കൂടുതലാണ് കര്‍ണാടകത്തില്‍ അതുകൊണ്ട് തന്നെ യാത്രയ്ക്ക് മുമ്പ് മുന്‍കരുതലുകള്‍ ധാരാളം എടുക്കണം.

കുടക്

കാപ്പിപൂക്കും മണവും കോടമഞ്ഞിന്റെ തണുപ്പുമാണ് കുടക് എന്നു പറയുമ്പോള്‍ ഓര്‍മ വരുക. കൂര്‍ഗ് അഥവാ കുടക് ഒരു ജില്ലയാണ്. കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളാണ് അതിര്‍ത്തിയില്‍. മടിക്കേരിയാണ് പ്രധാന പട്ടണം. അവിടത്തെ കാഴ്ചകളെ മൊത്തം കുടക് എന്നു വിളിക്കാം. പ്രധാനകാഴ്ചകള്‍ ഇവയാണ്- അബി വെള്ളച്ചാട്ടം, പട്ടണത്തില്‍ത്തന്നെയുള്ള രാജാസ് സീറ്റ് എന്ന ശവകുടീരം, മടിക്കേരി പട്ടണത്തിലെ മ്യൂസിയം, പഴയ കോട്ട. കാവേരി ഉദ്ഭവിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന മലനിരകളിലെ തലക്കാവേരി അമ്പലം

കുടകിലെ താമസമാണു കൂടുതല്‍ രസകരം. ഇപ്പോള്‍ ചൂടുണ്ടാകുമെങ്കിലും കാപ്പിത്തോട്ടങ്ങളിലെ ഹോംസ്റ്റേകളിലെ താമസത്തിനായി വിദേശികളടക്കം കുടകിലെത്തുന്നു.

റൂട്ട്

എറണാകുളം-തൃശ്ശൂര്‍-മാനന്തവാടി-കുട്ട-മടിക്കേരി 389 കിലോമീറ്റര്‍
ഇരിട്ടി-വിരാജ്‌പേട്ട-മടിക്കേരി 73 കിലോമീറ്റര്‍

കാഞ്ഞങ്ങാട്-ഭാഗമണ്ഡല- തലക്കാവേരി- മടിക്കേരി 107 കിലോമീറ്റര്‍

ഹംപി

തുറന്ന കല്‍മ്യൂസിയം എന്നാണു ലോകപൈതൃകപട്ടികയിലുള്ള ഹംപി അറിയപ്പെടുന്നത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വിസ്മൃതിയിലായ വിജയനഗര സാമ്രാജ്യത്തിന്റെ ശേഷിപ്പുകള്‍ ഹംപിയില്‍ പരന്നുകിടക്കുന്നു. ചരിത്രകുതുകികള്‍ക്കും ലോകസഞ്ചാരികള്‍ക്കും ഹംപി പുണ്യസ്ഥലമാകുന്നത് ഇതേ പ്രത്യേകത കൊണ്ടാണ്. വിത്താല ക്ഷേത്രസമുച്ചയം തൊട്ട് ഇപ്പോഴും ആരാധനയുള്ള അമ്പലങ്ങള്‍ വരെ ഹംപിയിലുണ്ട്. വേനല്‍ കടുത്തതായതിനാല്‍ ഹംപിയെ ഒഴിവാക്കുന്നവരുണ്ട്. എന്നാല്‍ മുന്‍കരുതലുകള്‍ എടുത്താല്‍ ഈ വെക്കേഷന് ഒരു ലോകോത്തര സ്ഥലം സന്ദര്‍ശിക്കാം.

റൂട്ട്

എറണാകുളം-തൃശ്ശൂര്‍-നിലമ്പൂര്‍-ഗൂഡല്ലൂര്‍-മൈസുരു-തുംകുരു-ഹംപി 766 Km

അടുത്തുള്ള പട്ടണവും റയില്‍വേസ്റ്റേഷനും – ഹോസ്‌പേട്ട്. ബംഗളുരുവില്‍നിന്ന് ഹോസ്‌പേട്ട് ട്രയിനുകളുണ്ട്.

Hampi, Karnataka

ബേലൂരിലെ ക്ഷേത്രവിസ്മയങ്ങള്‍

ബേലൂര്‍, ഹാലേബിഡു എന്നിവ ഹൊയ്‌സാല രാജവംശക്കാരുടെ അധീനതയിലായിരുന്ന പ്രദേശങ്ങളാണ്. ഇവിടെയുള്ള ക്ഷേത്രസമുച്ചയങ്ങള്‍ തീര്‍ച്ചയായും കാണേണ്ടവ തന്നെ. ഹംപിയിലേക്കുള്ള വഴിയില്‍ ഈ ക്ഷേത്രങ്ങളും സന്ദര്‍ശിക്കാം.

കല്ലില്‍തീര്‍ത്ത ക്ഷേത്രങ്ങളാണ് സവിശേഷത. ലോകോത്തരനിര്‍മിതികളാണിവ. ഈ വെക്കേഷന്‍ വ്യത്യസ്തമാകണം എന്നാഗ്രഹിക്കുന്നവര്‍ക്ക് ബേലൂരിലെയും ഹാലെബിഡുവിലെയും ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കാം. ശ്രാവണബെല്‍ഗോളയും അടുത്തുണ്ട്. വേനലില്‍ മനസ്സുകുളിര്‍പ്പിക്കണമെങ്കില്‍ ചിക്കമംഗളുരുവും സക്ക്‌ലേഷ്പുരയുമുണ്ട്. ബേലൂര്‍ കണ്ടശേഷം ഇവിടെയുള്ള താമസസ്ഥലങ്ങളില്‍ രാവുറങ്ങാം.

റൂട്ട്

എറണാകുളം-തൃശ്ശൂര്‍-നിലമ്പൂര്‍-മൈസുരു-കൃഷ്ണരാജനഗര-ഹാസ്സന്‍-ബേലൂര്‍ 495 Km

ചിക്കമംഗളുരു റയില്‍വേസ്റ്റേഷന്‍ അടുത്തുണ്ട്.
താമസം- കര്‍ണാടക സര്‍ക്കാരിന്റെ ഹോട്ടല്‍ മയൂര 0817 7222209

ഉഡുപ്പി

ഉത്സവത്തിനല്ലാതെ ഉഡുപ്പിയില്‍ പോകാന്‍ പറ്റില്ല എന്നാണ് ഒരു സുഹൃത്തിന്റെ അഭിപ്രായം. ശരിയാണ്. എന്നും ഉത്സവാന്തരീക്ഷമാണ് ഉഡുപ്പിയില്‍. ക്ഷേത്രങ്ങളാണ് ഉഡുപ്പിയുടെ പ്രത്യേകതയെങ്കിലും അതിമനോഹരമായ ബീച്ചുകളും സഞ്ചാരികളെ ആകര്‍ഷിക്കും. മാല്‍പേ ബീച്ചിലെ ഒട്ടകസവാരിയും സായാഹ്നക്കാഴ്ചകളും നിങ്ങള്‍ക്ക് ഇഷ്ടമാകും. മാട്ടു, കടിക്കെ, പൊലിപ്പു, കാപു തുടങ്ങി ഏറെ ബീച്ചുകള്‍ നിങ്ങള്‍ക്കായുണ്ട്. സെന്റ് മേരീസ് ദ്വീപിലേക്കൊരു യാത്രയും ഉഡുപ്പി വാഗ്ദാനം ചെയ്യുന്നു.


റൂട്ട്
എറണാകുളം-കോഴിക്കോട്-കണ്ണൂര്‍-കാസര്‍കോട്-മംഗലാപുരം-ഉഡുപ്പി 478 Km

റയില്‍മാര്‍ഗം ഉഡുപ്പിയിലെത്തുകയാണുചിതം. ചെലവുകുറയും. താമസത്തിനായി നല്ല ഹോട്ടലുകള്‍ ഉഡുപ്പിയിലുണ്ട്.

കബനി-ഗുണ്ടല്‍പേട്ട്

കാടുകാണാനിറങ്ങിയാലോ ഈ അവധിക്കാലത്ത്… കര്‍ണാടകയുടെ തുറന്നതരം കാടുകള്‍ കാഴ്ചകളുമായി കാത്തിരിക്കുന്നു. ഇത്തിരി ചുറ്റിയാലും കാഴ്ചകളുടെ പൂരം തന്നെയുണ്ട് താഴെപറയുന്ന റൂട്ടില്‍. മാനന്തവാടി ചെല്ലുക- നാഗര്‍ഹോളെ കാടുകണ്ട് ഹുന്‍സൂര്‍- ഗുണ്ടല്‍പേട്ട് വഴിയിലൂടെ വണ്ടിയോടിക്കുക- തീര്‍ച്ചയായും വന്യമൃഗങ്ങളെ കാണാം. ശേഷം ഗുണ്ടല്‍പേട്ടിലെത്തി റിസോര്‍ട്ടുകളില്‍ തങ്ങാം. വനഗ്രാമത്തിന്റെ ഭംഗിയാസ്വദിക്കാം.

സൂര്യകാന്തിപാടങ്ങളിലൂടെ കറങ്ങിനടക്കാം. അന്തര്‍സന്തെ എന്നയിടത്ത് കബനി ജലാശയക്കരയിലേക്കുള്ള ബസ് സഫാരി ബുക്ക് ചെയ്യാനുള്ള വനംവകുപ്പിന്റെ ഓഫീസുണ്ട്. സഫാരി പോകുക. ആനകളെയും കടുവകളെയും അടുത്തു കാണാന്‍ സാധ്യത ഏറെ. ശേഷം ആയിരക്കണക്കിനു കിളികളെ അടുത്തുകാണാനായി രംഗണത്തിട്ടു പക്ഷിസങ്കേതത്തിലേക്ക് വാഹനം തിരിക്കാം. അവിടെ പശ്ചിമവാഹിനി എന്ന ചെറുപട്ടണത്തില്‍ താമസിച്ച് പിറ്റേദിവസം മൈസുരുവിലെ കാഴ്ച കണ്ട് തിരിക്കാം.