Kerala

തണ്ണീര്‍മുക്കം ബണ്ട്; വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ടയിടം

കുട്ടനാട്ടിലെ സമുദ്രനിരപ്പിനേക്കാള്‍ താഴെയുള്ള കൃഷിയിടങ്ങളില്‍ ഉപ്പുവെള്ളം കയറാതിരിക്കാന്‍ നിര്‍മിച്ച ബണ്ടാണ് തണ്ണീര്‍മുക്കത്തുള്ളത്. 1958-ല്‍ നിര്‍മാണം തുടങ്ങിയ ബണ്ട് 1975-ലാണ് പൂര്‍ത്തിയായത്. വെച്ചൂര്‍ മുതല്‍ തണ്ണീര്‍മുക്കം വരെയാണ് ബണ്ടിന്റെ കിടപ്പ്.

ഇന്നിപ്പോള്‍ കേരളത്തിലെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയായി മാറിയിരിക്കുകയാണ് തണ്ണീര്‍മുക്കം ബണ്ട്. കായല്‍ കാഴ്ചകള്‍ കാണാനും ചിത്രങ്ങളെടുക്കാനുമായി നിരവധി പേരാണ് ഇവിടെയെത്തുന്നത്. കുമരകത്തെത്തുന്ന മിക്ക വിനോദസഞ്ചാരികളും ഇവിടെയെത്താറുണ്ട്. അതിരാവിലെ മുതല്‍ തന്നെ മത്സ്യത്തൊഴിലാളികളുടെ ബഹളമാണിവിടെ. മോട്ടോര്‍ ഘടിപ്പിച്ച ചെറു വള്ളങ്ങള്‍ കായലിന് നടുവില്‍ നിര്‍ത്തി മത്സ്യം പിടിക്കുന്നത് ഇവിടുത്തെ കാഴ്ചകളില്‍ ഒന്നുമാത്രം.